അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പര എന്നും ആവേശം നിറഞ്ഞതാണ്. ലോക ക്രിക്കറ്റിലെ അതിശക്തരായ നിരയായതിനാല്‍ത്തന്നെ ഇരു ടീമിന്റെയും മത്സരത്തിന് വലിയ ആരാധക പിന്തുണയും ലഭിക്കാറുണ്ട്. പണ്ട് ഇരു രാജ്യത്തെയും താരങ്ങള്‍ തമ്മില്‍ വാക് പോരാട്ടവും തര്‍ക്കങ്ങളും പതിവായിരുന്നെങ്കിലും ഇന്നത്തെ പരമ്പരകളില്‍ ഇത് കാണാറില്ല. താരങ്ങളെല്ലാം മികച്ച സൗഹൃദത്തിലാണ്. 2019ലെ ഏകദിന ലോകകപ്പിനിടെ സ്റ്റീവ് സ്മിത്തിനെ കൂകി കളിയാക്കി ഇന്ത്യന്‍ ആരാധകരോട് കൈയടിക്കാന്‍ കോലി ആവിശ്യപ്പെട്ടിരുന്നു. ഇതിന്റെ കാരണം സ്റ്റീവ് സ്മിത്തുമായി നടത്തിയ അഭിമുഖത്തില്‍ കോലി തുറന്ന് പറഞ്ഞിരിക്കുകയാണ്.
'ജീവിതത്തില്‍ ഒന്നും സ്ഥിരമായുള്ളതല്ല എന്ന് കരുതുന്ന ആളാണ് ഞാന്‍. ആളുകള്‍ക്ക് തെറ്റ് പറ്റും. അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുക. ഒരാളെ വ്യക്തിപരമായി ലക്ഷ്യം വെക്കുന്നത് ശരിയാണെന്ന് കരുതുന്നില്ല. അതാണ് ആ സമയത്ത് എനിക്ക് തോന്നിയത്. കളത്തില്‍ മത്സരബുദ്ധിയുണ്ടാവും. എന്നാല്‍ അതിന് നിയന്ത്രണമുണ്ട്'-കോലി പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും വിലക്ക് നേരിട്ടിരുന്നു. ഇതിന് ശേഷം ഇരുവരും കളിച്ച പ്രധാനപ്പെട്ട ടൂര്‍ണമെന്റായിരുന്നു 2019ല്‍ ഇംഗ്ലണ്ട് വേദിയായ ഏകദിന ലോകകപ്പ്. ഓസീസ് ടീമിനൊപ്പം ഇരുവരും ഇറങ്ങിയത് മുതല്‍ ഇംഗ്ലണ്ടിലെ കാണികള്‍ ഇരുവരെയും കള്ളനെന്നും വഞ്ചകനെന്നും വിളിക്കുകയും കൂവി പരിഹസിക്കുകയും ചെയ്തിരുന്നു.

ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെയില്‍ ഇന്ത്യന്‍ ആരാധകര്‍ സ്മിത്തിനെ കൂവിയപ്പോഴാണ് ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി കൂവരുതെന്നും കൈയടിക്കൂവെന്നും ഇന്ത്യന്‍ ആരാധകരോട് ആവിശ്യപ്പെട്ടത്. കോലിയുടെ പ്രവര്‍ത്തിയില്‍ സ്മിത്ത് കൈ നല്‍കി മൈതാനത്തുവെച്ച് തന്നെ നന്ദി പറയുകയും ചെയ്തിരുന്നു.
തിരിച്ചുവന്നപ്പോള്‍ ഒരുപാട് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് സ്മിത്ത് പറഞ്ഞു. 'ചുറ്റം നെഗറ്റീവായ കാര്യങ്ങളായിരുന്നു. തിരിച്ചുവന്നപ്പോള്‍ അപഹസിച്ചവര്‍ തെറ്റായിരുന്നുവെന്ന് തെളിയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആളുകള്‍ അപഹസിച്ചപ്പോഴും കളിയാക്കിയപ്പോഴുമെല്ലാം മികച്ച പ്രകടനം നടത്തി കാണികളെ ആഹ്ലാദിപ്പിക്കണമെന്നാണ് ആഗ്രഹിച്ചത്'-സ്മിത്ത് പറഞ്ഞു.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരാണ് സ്റ്റീവ് സ്മിത്തും വിരാട് കോലിയും. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള താരമാണ് കോലി. ടെസ്റ്റില്‍ കോലിയേക്കാള്‍ മികവ് സ്മിത്തിനാണ്. ഇരുവരിലും ആരാണ് മികച്ച ബാറ്റ്‌സ്മാനെന്നത് സംബന്ധിച്ച് വലിയ തര്‍ക്കം തന്നെയുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിലും ഇരുവരുടെയും പ്രകടനമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.