'ഞാന്‍ നേരിട്ട എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാള്‍'- ആന്‍ഡേഴ്‌സണെ പുകഴ്ത്തി കോലി
സതാംപ്റ്റണ്‍: ഇംഗ്ലണ്ടിന്റെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍ താനാണെന്ന് തെളിയിച്ചുകൊണ്ടാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റില്‍ 600 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടിയത്. പാകിസ്താനെതിരായ മൂന്നാം ടെസ്റ്റില്‍ മഴ വില്ലാനായി എത്തിയിട്ടും തകര്‍പ്പന്‍ പ്രകടനത്തിലൂടെ പുതിയ നാഴികക്കല്ല് ആന്‍ഡേഴ്‌സണ്‍ പിന്നിട്ടിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളില്‍ നാലാം സ്ഥാനത്താണ് ആന്‍ഡേഴ്‌സണ്‍. മുത്തയ്യ മുരളീധരന്‍,ഷെയ്ന്‍ വോണ്‍,അനില്‍ കുംബ്ലെ എന്നിവര്‍ മാത്രമാണ് ആന്‍ഡേഴ്‌സണ് മുകളിലുള്ളത്. ഇപ്പോഴിതാ ആന്‍ഡേഴ്‌സണെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി.

2012-2014 കാലയളവില്‍ കോലിയെ വിറപ്പിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെ പല തവണ വിറപ്പിക്കാന്‍ ആന്‍ഡേഴ്‌സണ് സാധിച്ചു. 2012-2014 സീസണുകളിലായി ആറ് തവണയാണ് ആന്‍ഡേഴ്‌സണ് മുന്നില്‍ കോലി വീണത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച കോലി 2016-2018 സീസണുകളിലായി ആന്‍ഡേഴ്‌സണെതിരേ ആധിപത്യം കാട്ടി. പരമ്പരയില്‍ ഒറ്റത്തവണ പോലും കോലിയെ വീഴ്ത്താന്‍ ആന്‍ഡേഴ്‌സണ് സാധിച്ചില്ല. 2016ലെ ഇംഗ്ലണ്ട് പരമ്പരയില്‍ 109 ശരാശരിയില്‍ 655 റണ്‍സാണ് കോലി നേടിയത്. മുംബൈയിലെ 235 റണ്‍സ് പ്രകടനവും ഇതില്‍ ഉള്‍പ്പെടും.

ആന്‍ഡേഴ്‌സണെ അഭിനന്ദിച്ച് കോലി
ട്വിറ്ററിലൂടെയാണ് ജെയിംസ് ആന്‍ഡേഴ്‌സണെ വിരാട് കോലി പ്രശംസിച്ചത്. മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനം പാക് നായകന്‍ അസ്ഹര്‍ അലിയെ പുറത്താക്കിയാണ് ആന്‍ഡേഴ്‌സണ്‍ 600 ക്ലബ്ബില്‍ ഇടം പിടിച്ചത്. ഇതിന് പിന്നാലെയായിരുന്നു കോലിയുടെ ട്വീറ്റ് ' 600 വിക്കറ്റ് നേട്ടമെന്ന മഹത്തായ നേട്ടത്തിലെത്തിയ ജിമ്മിക്ക് അഭിനന്ദനങ്ങള്‍. തീര്‍ച്ചയായും ഞാന്‍ നേരിട്ടത്തില്‍ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് നിങ്ങള്‍'- എന്നാണ് കോലി ട്വിറ്ററില്‍ കുറിച്ചത്.

ലക്ഷ്യം 700 വിക്കറ്റ് ക്ലബ്ബ്
തന്റെ ലക്ഷ്യം 700 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കുകയാണെന്ന് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഇനിയും ഏറെ മുന്നോട്ടുപോകുമെന്നാണ് കരുതുന്നതെന്നും തീര്‍ച്ചയായും 700 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 156 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ആന്‍ഡേഴ്‌സണ്‍ 600 വിക്കറ്റുകള്‍ വീഴ്ത്തിയത്. നാട്ടില്‍ 89 മത്സരത്തില്‍ നിന്ന് 384 വിക്കറ്റും വിദേശ മൈതാനത്ത് 67 മത്സരത്തില്‍ നിന്ന് 216 വിക്കറ്റുമാണ് ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിയത്. സമീപകാലത്തായി പരിക്കിന്റെ പിടിയില്‍ അകപ്പെട്ടിരുന്നെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ അടുത്ത വര്‍ഷം നടക്കുന്ന ആഷസിലും കളിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും 38കാരനായ ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications