ദക്ഷിണാഫ്രിക്കന്‍ ദൗത്യം: ടീം ഇന്ത്യ നേടുമോ? വെല്ലുവിളികള്‍... കോലിക്കു പറയാനുള്ളത്
മുംബൈ: സമീപകാലത്തെ തകര്‍പ്പന്‍ പ്രകടനങ്ങളുടെ ആത്മവിശ്വാസത്തില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ജനുവരിയില്‍ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും.
ടീം ഇന്ത്യക്കു ആര്‍ക്കു മുന്നിലും ഒന്നും തെളിയിക്കാനില്ലെന്ന് കോലി വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുന്നതിനുമുമ്പ് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുഷ്‌കാ ശര്‍മയുമായുള്ള വിവാഹ ശേഷമുള്ള കോലിയുടെ ആദ്യ വാര്‍ത്താസമ്മേളനമായിരുന്നു ഇത്. ജനുവരി അഞ്ചിനാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങുന്നത്. മൂന്നു ടെസ്റ്റുകളിലാണ് ഇരുടീമും ഏറ്റുമുട്ടുക.
ഇന്ത്യന്‍ ടീമിനു ഇതുവരെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ ദുഷ്‌പേര് കോലിയും സംഘവും ഇത്തവണ തീര്‍ക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ടീം ആത്മവിശ്വാസത്തില്‍
ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ നാട്ടില്‍ നടന്ന പരമ്പരകള്‍ നേടാനായത് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ടെന്നു കോലി വ്യക്തമാക്കി.
എന്നാല്‍ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെ കഴിഞ്ഞ പരമ്പരകളുമായി താരതമ്യം ചെയ്യരുതെന്ന് ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
വിദേശ പര്യടനം നടത്തുമ്പോള്‍ ടീമിനുമേല്‍ സമ്മര്‍ദ്ദമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ടീമിന് ആര്‍ക്കു മുന്നിലും ഒന്നും തെളിയിക്കാനില്ല. അവിടെ പോയി കഴിവിന്റെ 100 ശതമാനവും നല്‍കുകയെന്നതു മാത്രമാണ് തങ്ങളുടെ ചുമതലയെന്നും കോലി കൂട്ടിച്ചേര്‍ത്തു.

എവിടെ കളിക്കുന്നുവെന്നതില്‍ കാര്യമില്ല
എവിടെ കളിക്കുന്നുവെന്നതില്‍ അല്ല, എങ്ങനെ കളിക്കുന്നുവെന്നതിലാണ് കാര്യമെന്ന് കോലി ചൂണ്ടിക്കാട്ടി. ഒരു ടീമെന്ന നിലയില്‍ ഏതു രാജ്യത്ത് പോയാലും നന്നായി കളിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ട്.
ഐസിസി ചാമ്പ്യന്‍സ് ട്രോഫി മാറ്റിനിര്‍ത്തിയാല്‍ അടുത്ത കാലത്ത് വിദേശത്ത് ഇന്ത്യ കുറച്ച് മാത്രമേ കളിച്ചിട്ടുള്ളൂ. ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്താനും ടീമിനു സാധിച്ചിട്ടുണ്ട്. രാജ്യത്തിനു പുറത്ത് തുടര്‍ച്ചയായി പരമ്പരകള്‍ ടീം കളിച്ചിട്ടില്ല. ശ്രീലങ്കയില്‍ ഇന്ത്യ പര്യടനം നടത്തിയിരുന്നെങ്കിലും ഇരുരാജ്യങ്ങളിലെയും സാഹചര്യങ്ങള്‍ ഏറെക്കുറെ സമാനമാണെന്നും കോലി വിശദമാക്കി.

കഴിവിന്റെ പരമാവധി പുറത്തെടുക്കും
ദീര്‍ഘകാലം ഒരേ പോലെ മികച്ച പ്രകടനം നടത്തുകയെന്നത് എളുപ്പമല്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയിലും ഇപ്പോഴത്തെ ഫോം തുടരാനാണ് ടീമിന്റെ ശ്രമം. ഇതാണ് തങ്ങളെ കൂടുതല്‍ ആവേശത്തിലാക്കുന്നതെന്ന് കോലി പറഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ പേര് കേട്ട പേസ് ബൗളിങ് ആക്രമണത്തെ ഫലപ്രദമായി നേടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 2013-14 സീസണിലാണ് ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയത്. പരമ്പര 0-1ന് തോറ്റെങ്കിലും ചേതേശ്വര്‍ പുജാര (280) കോലി (272 റണ്‍സ്), അജിന്‍ക്യ രഹാനെ (209) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. ഇത്തവണയും ഈ ബാറ്റിങ് ത്രയത്തിലാണ് ടീം പ്രതീക്ഷയര്‍പ്പിക്കുന്നത്.

മാനസികാവസ്ഥ പ്രധാനം
ഒരു ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളം മാനസികാവസ്ഥയാണ് ഏറ്റവും പ്രധാനമെന്ന് കോലി പറഞ്ഞു. മനസ്സ് അര്‍പ്പിച്ച് ബാറ്റ് ചെയ്തില്ലെങ്കില്‍ ഇന്ത്യയില്‍ പോലും കാര്യങ്ങള്‍ ദുഷ്‌കരമാവും. അതുകൊണ്ടു തന്നെ ഏതു പിച്ചില്‍ കളിക്കുകയാണെങ്കിലും ബാറ്റ്‌സ്മാന്‍മാന്റെ മാനസികാവസ്ഥയ്ക്ക് വളരെ പ്രാധാന്യമുണ്ട്. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായാല്‍ ഏതു പിച്ചില്‍ കളിക്കുന്നതും ഒരുപോലെയാവുമെന്നും ഇന്ത്യന്‍ നായകന്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications