ദില്ലി: സിംബാബ്‌വെ പര്യടനത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയാണ് കോലി കളത്തിലെത്തുന്നത്. എന്നാല്‍ ഇത്തവണ ക്യാപ്റ്റനായിട്ടല്ല കോലി കളിക്കാനിറങ്ങുന്നത് എന്ന് മാത്രം. ചേതേശ്വര്‍ പൂജാരയായിരിക്കും കോലിയുടെ ക്യാപ്റ്റന്‍.
ഓസ്‌ട്രേലിയ എ ടീമിനെതിരെ അനൗദ്യോഗിക ടെസ്റ്റ് പരമ്പര കളിക്കുന്ന ഇന്ത്യന്‍ എ ടീമിനൊപ്പമാണ് കോലി ചേരുന്നത്. പൂജാരയാണ് എ ടീം ക്യാപ്റ്റന്‍. രണ്ട് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്ളത്. ഇതില്‍ ആദ്യ ടെസ്റ്റ് ചെന്നൈയില്‍ തുടങ്ങിക്കഴിഞ്ഞു. രണ്ടാം ടെസ്റ്റ് ജൂലൈ 28 ന് തുടങ്ങും. ചെന്നൈയിലെ വിക്കറ്റ് ഏറെക്കുറെ ശ്രീലങ്കന്‍ വിക്കറ്റിന് സമാനമാണ് എന്നതുകൊണ്ടാണ് കോലി മത്സരപരിചയം തേടി ഇവിടെ ഇറങ്ങുന്നത്.

ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. കോലിയുടെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും താക്കൂര്‍ പറഞ്ഞു. ടീമിനെ ആരായിരിക്കും എന്ന ചോദ്യത്തിന് ചേതേശ്വര്‍ പൂജാരയാണ് ടീം ക്യാപ്റ്റനെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും സെലക്ഷന്‍ കമ്മിറ്റി മേധാവി സന്ദീപ് പാട്ടീല്‍ പറഞ്ഞു. രാഹുല്‍ ദ്രാവിഡാണ് എ ടീമിന്റെ കോച്ച്.