വഴിത്തിരിവായത് ആ തോല്‍വി, മനസ്സു തുറന്ന് വിരാട് കോലി
2014 -ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം വിരാട് കോലിക്ക് ദുഃസ്വപ്‌നത്തില്‍ കുറഞ്ഞ മറ്റൊന്നായിരുന്നില്ല. ലോകോത്തര ബാറ്റ്‌സ്മാനെന്ന വിശേഷണം ചാര്‍ത്തി നില്‍ക്കെ പത്തു ഇന്നിങ്‌സുകളില്‍ നിന്നും 134 റണ്‍സ് മാത്രമാണ് കോലി അന്ന് കുറിച്ചത്. കോലിയുടെ നിറംമങ്ങല്‍ ടീം ഇന്ത്യയുടെ പ്രകടനത്തെയും ബാധിച്ചു. അന്ന് ധോണിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ ചെന്നു കളിച്ച ഇന്ത്യന്‍ സംഘം 3-1 എന്ന നിലയ്ക്കാണ് പരമ്പര തോറ്റത്. ഇപ്പോള്‍ അന്നത്തെ അനുഭവം ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി.

ടെസ്റ്റ് ക്രിക്കറ്ററെന്ന 'ക്രെഡിബിലിറ്റി' പോലും 2014 -ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ കൈമോശം വന്നതായി കോലി സമ്മതിക്കുന്നു. ഇംഗ്ലീഷ് പിച്ചുകളിലെ ഇന്‍സ്വിങ്ങുകളെ ഭയപ്പെട്ടാണ് കോലി അന്ന് കളിച്ചത്. ഇന്‍സ്വിങ്ങറുകള്‍ക്ക് എതിരെ അമിത ജാഗ്രത താരം പുലര്‍ത്തി. എന്നാല്‍ സംഭവിച്ചതോ, അഞ്ചു ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലുടനീളം ഔട്ട്‌സ്വിങ്ങറുകള്‍ക്ക് മുന്നില്‍ കോലി പതറുകയും ചെയ്തു.

എന്തായാലും 2014 -ലെ ഇംഗ്ലണ്ട് പര്യടനമാണ് കരിയറിലെ നിര്‍ണായക വഴിത്തിരിവായതെന്ന് വിരാട് കോലി പറയുന്നു. ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം വിലയിരുത്തിയപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന് തോന്നി. കാരണം അടുത്ത പരമ്പര ഓസ്‌ട്രേലിയയുമായിട്ടായിരുന്നു. പക്ഷെ ഇംഗ്ലണ്ടിലെ തോല്‍വി കളിയോടുള്ള എന്റെ സമീപനം മാറ്റി. ഭയരഹിതമായി കളിക്കാന്‍ എന്നെ പഠിപ്പിച്ചത് ഇംഗ്ലണ്ടിലെ തോല്‍വിയാണ്, മായങ്ക് അഗര്‍വാളുമായി നടത്തിയ ഇന്‍സ്റ്റഗ്രാം സംഭാഷണത്തില്‍ വിരാട് കോലി അറിയിച്ചു.

നിലവില്‍ ടെസ്റ്റിലെ മുന്‍നിര ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് വിരാട് കോലി. 86 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 7,240 റണ്‍സ് താരം നേടിക്കഴിഞ്ഞു. ഇതില്‍ 27 സെഞ്ച്വറികളും ഉള്‍പ്പെടും. ബാറ്റിങ് ശരാശരിയാകട്ടെ, 53.62 എന്ന നിലയ്ക്കും. 2014 -ന് ശേഷം അഞ്ചു തവണയാണ് ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തിയത്. ഇതില്‍ അഞ്ചു തവണയും വിരാട് കോലി 600 -ല്‍പ്പരം റണ്‍സ് കണ്ടെത്തി. രണ്ടു സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളും ഇതിലുണ്ട്.

2014 -ലെ ഇംഗ്ലണ്ട് പര്യടനം നടന്നില്ലായിരുന്നെങ്കില്‍ തനിക്ക് മെച്ചപ്പെടാന്‍ അവസരം ലഭിക്കില്ലായിരുന്നു എന്നാണ് ഇന്ത്യന്‍ നായകന്റെ പക്ഷം. കരിയറിനെ, ക്രിക്കറ്റിനെ എങ്ങനെ സമീപിക്കണമെന്ന് പഠിപ്പിച്ചത് 2014 -ലെ ഇംഗ്ലണ്ട് പര്യടനമാണ്, കോലി വ്യക്തമാക്കി. അന്ന് പ്രധാനമായും ഇന്‍സ്വിങ്ങുകളെയാണ് ഞാന്‍ ഭയപ്പെട്ടിരുന്നത്. അതുകൊണ്ടാണ് പന്ത് അടുത്തെത്തും മുന്‍പുതന്നെ ബാറ്റു തുറന്നുപിടിച്ചിരുന്നത്. എന്നാല്‍ പരമ്പരയില്‍ ഉടനീളം ഔട്ട്‌സ്വിങ്ങറുകളില്‍ ഞാന്‍ പുറത്തായി, കോലി സൂചിപ്പിച്ചു.

സച്ചിന്‍ ടെണ്ടുല്‍ക്കറും രവി ശാസ്ത്രിയും നല്‍കിയ നിര്‍ദ്ദേശങ്ങളാണ് ബാറ്റിങ്ങിലെ പോരായ്മ മറികടക്കാന്‍ സഹായിച്ചതെന്നും കോലി പറയുന്നുണ്ട്. 'ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഞാന്‍ സച്ചിനുമായും ശാസ്ത്രിയുമായും സംസാരിച്ചു. ഫാസ്റ്റ് ബൗളര്‍മാരെ നേരിടുമ്പോള്‍ ക്രീസിലെ നില്‍പ്പ് പരിഷ്‌കരിക്കാന്‍ സച്ചിന്‍ ആവശ്യപ്പെട്ടു. ക്രീസില്‍ ഇറങ്ങി നില്‍ക്കുന്ന പതിവ് മാറ്റണമെന്നാണ് രവി ശാസ്ത്രി ആവശ്യപ്പെട്ടത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഞാന്‍ ക്രീസിനകത്ത് നിന്നു കളിച്ചു. ഇതോടെ എന്റെ പ്രകടനവും ഏറെ മെച്ചപ്പെട്ടു', വിരാട് കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications