ധര്‍മശാല: ക്രിക്കറ്റ് ആരാധകര്‍ കൊതിച്ച് കാത്തിരുന്ന ആ സുന്ദര നിമിഷത്തിന് സാക്ഷ്യം വഹിച്ചത് ധര്‍മശാല. ഫോമിലേക്ക് തിരിച്ചെത്തിയ യുവ സൂപ്പര്‍ സ്റ്റാര്‍ വിരാട് കോലി സെഞ്ചുറി തികച്ചതും സച്ചിന്റെ റെക്കോര്‍ഡ് മറികടന്നതും ധര്‍മശാലയിലായിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പിന്റെ തിരക്കില്‍പ്പെട്ട് വിട്ടുപോയെങ്കില്‍ ഇതാ ഇപ്പോള്‍ അറിഞ്ഞോളൂ, ഇങ്ങനെയാണ് കോലി സച്ചിന്റെ റെക്കോര്‍ഡ് മറികടന്നത്.
വിരാട് കോലിയുടെ ഇരുപതാം ഏകദിന സെഞ്ചുറിയായിരുന്നു ധര്‍മശാലയിലേത്. ഏറ്റവും വേഗത്തില്‍ 20 സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡാണ് സച്ചിനെ മറികടന്ന കോലി കയ്യിലാക്കിയത്. 197 ഇന്നിംഗ്‌സുകളെടുത്തു സച്ചിന് 20 സെഞ്ചുറിയിലെത്താന്‍ എങ്കില്‍ വെറും 133 ഇന്നിംഗ്‌സുകള്‍ കൊണ്ട് കോലി ഈ നേട്ടത്തിലെത്തി. സച്ചിന്‍ 20 സെഞ്ചുറി അടിക്കുന്ന കാലത്ത് അത് എണ്ണത്തിലും റെക്കോര്‍ഡായിരുന്നു എന്നോര്‍ക്കണം.

കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിലായിട്ടും 2014 ല്‍ 725 റണ്‍സോടെ ഏകദിന റണ്‍വേട്ടയില്‍ രണ്ടാമതെത്താന്‍ കോലിക്ക് സാധിച്ചു. ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര മാത്രമാണ് ഇക്കാര്യത്തില്‍ കോലിക്ക് മുന്നില്‍. അകാലത്തില്‍ അവസാനിച്ച വിന്‍ഡീസ് പരമ്പരയിലെ അവസാനത്തെ കളിയില്‍ 113 പന്തില്‍ 127 റണ്‍സടിച്ചാണ് വിരാട് മാന്‍ ഓഫ് ദ മാച്ചായത്.
റെക്കോര്‍ഡ് മാത്രമല്ല, ഐ സി സി റാങ്കിംഗില്‍ റണ്ടാമതെത്താനും കോലിയെ ഈ സെഞ്ചുറി സഹായിച്ചു. ദക്ഷിണാഫ്രിക്കയുടെ ഡിവില്ലിയേഴ്‌സ് ഒന്നാമതാണ്. ഹഷിം അംലയാണ് മൂന്നാമന്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ആറാം സ്ഥാനത്തുണ്ട്. റെയ്‌നയുടെ റാങ്ക് 15. ബൗളിംഗില്‍ ഏഴാമതെത്തിയ ഭുവനേശ്വര്‍ കുമാര്‍ നേട്ടമുണ്ടാക്കി. രവീന്ദ്ര ജഡേജ അഞ്ചില്‍ നിന്നും ആറിലേക്ക് താഴ്ന്നു.