കോലിയെ നീക്കി രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്ന് ഗംഭീര്‍, ഗുണം ചെയ്യില്ലെന്ന് ആകാശ് ചോപ്ര — കാരണമറിയാം

ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റന്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ രണ്ടു തട്ടിലാണ് ആരാധകര്‍. ഒരുപക്ഷം വിരാട് കോലിക്കായും മറുപക്ഷം രോഹിത് ശര്‍മയ്ക്കായും വാദിക്കുന്നു. ഈ വര്‍ഷത്തെ ഐപിഎല്‍ കിരീടവും മുംബൈ ഇന്ത്യന്‍സ് കൊണ്ടുപോയ സാഹചര്യത്തിലാണ് രോഹിത് ശര്‍മ ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റനാവണമെന്ന ആവശ്യം ശക്തമായത്.

രോഹിത്തിന് കീഴില്‍ അഞ്ചുതവണ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം ഉയര്‍ത്തിക്കഴിഞ്ഞു. മറുഭാഗത്ത് കന്നിക്കിരീടത്തിനായി വിരാട് കോലിയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കാത്തിരിപ്പ് തുടരുന്നു. പറഞ്ഞുവരുമ്പോള്‍ രോഹിത് ശര്‍മയ്ക്ക് ഇന്ത്യയുടെ ട്വന്റി-20 നായകപദവി നല്‍കാനുളള സമയം അതിക്രമിച്ചെന്ന പക്ഷക്കാരനാണ് ഗൗതം ഗംഭീര്‍. അടുത്തിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച ക്രിക്കറ്റ് കണക്ടഡ് ടിവി പരിപാടിയില്‍ ഗംഭീര്‍ ഇക്കാര്യം തുറന്നടിക്കുകയും ചെയ്തു.

കോലി മോശം ക്യാപ്റ്റനാണെന്ന അഭിപ്രായമില്ല. പക്ഷെ രോഹിത്തിന്റെ ക്യാപ്റ്റന്‍സി നിലവാരമാണ് കൂടുതല്‍ മികച്ചതെന്ന് ഗംഭീര്‍ പറയുന്നു. 2017 -ലാണ് എംഎസ് ധോണിയില്‍ നിന്നും ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റന്‍ പദവി വിരാട് കോലി ഏറ്റുവാങ്ങിയത്. കോലിക്ക് കീഴില്‍ ഉഭയകക്ഷി പരമ്പരകള്‍ ജയിക്കുന്നുണ്ടെങ്കിലും പ്രധാന ഐസിസി ടൂര്‍ണമെന്റുകളിലൊന്നും കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിന് ജയിക്കാന്‍ കഴിയുന്നില്ല.

2017 ചാംപ്യന്‍സ് ട്രോഫിയിലും 2019 ലോകകപ്പ് സെമി ഫൈനലിലും ദാരുണമായാണ് ഇന്ത്യ തോറ്റു പിന്‍വാങ്ങിയത്. മറുഭാഗത്ത് രോഹിത് ശര്‍മയ്ക്ക് കീഴില്‍ 2018 -ലെ ഏഷ്യാ കപ്പും വിഖ്യാതമായ നിദഹദാസ് ട്രോഫിയും ഇന്ത്യന്‍ സംഘം ഉയര്‍ത്തിയിട്ടുണ്ട്. ഒപ്പം അഞ്ച് ഐപിഎല്‍ കിരീടങ്ങളും രോഹിത് ശര്‍മയുടെ 'പ്രോഗ്രസ് കാര്‍ഡിന്റെ' മാറ്റു കൂട്ടുന്നു.

അതുകൊണ്ട് രോഹിത് ശര്‍മ ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റനാവേണ്ട സമയം അതിക്രമിച്ചെന്നാണ് ഗംഭീറിന്റെ പക്ഷം. എന്നാല്‍ ഗംഭീറിന്റെ വാദത്തെ എതിര്‍ത്ത് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പരിപാടിയില്‍ മറുപടി നല്‍കുന്നുണ്ട്. അടുത്തവര്‍ഷത്തെ ട്വന്റി-20 ലോകകപ്പിന് മുന്‍പ് വിരലില്ലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രമാണ് ഇനി ഇന്ത്യയ്ക്കുള്ളത്. ഈ അവസരത്തില്‍ ക്യാപ്റ്റനെ മാറ്റുന്നത് ഫലം ചെയ്യില്ലെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

ഇതേസമയം, ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കാമെങ്കില്‍ എന്തുകൊണ്ട് ക്യാപ്റ്റനെയും ഇത്തരത്തില്‍ തിരഞ്ഞെടുത്തുകൂടായെന്ന മറുചോദ്യം ഗംഭീര്‍ ഉന്നയിക്കുന്നുണ്ട്. ഇനി ഐപിഎല്ലിലെ പ്രകടനം നോക്കി ക്യാപ്റ്റനെ തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്നുണ്ടെങ്കില്‍ ദേശീയ ടീമിലേക്ക് പരിഗണിക്കുന്ന താരങ്ങള്‍ക്കും ഇക്കാര്യം ബാധകമാണെന്ന് ഗംഭീര്‍ സൂചിപ്പിക്കുന്നു.

ഐപിഎല്ലില്ലും ഐസിസി ടൂര്‍ണമെന്റുകളിലും വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കുഴപ്പമില്ലെന്നാണ് ആകാശ് ചോപ്ര ഗംഭീറിന് മറുപടി നല്‍കുന്നത്. മോശം ഐപിഎല്ലിന്റെ പേരില്‍ താരങ്ങളെ പുറത്തിരുത്തുന്ന പ്രവണത ഇന്ത്യന്‍ ടീമിലില്ല. ദേശീയ ടീമിലെ പ്രകടനമാണ് തിരഞ്ഞെടുപ്പിനുള്ള അടിസ്ഥാന മാനദണ്ഡം. ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്നവര്‍ക്ക് ടീമില്‍ സ്ഥാനം ലഭിക്കും. ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയില്‍ യാതൊരു പ്രശ്‌നങ്ങളും കാണുന്നില്ലന്ന് ആകാശ് ചോപ്ര അറിയിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: india in australia 2020-21
Story first published: Thursday, November 26, 2020, 19:13 [IST]
Other articles published on Nov 26, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X