Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ കോലി വേണോ നായകനായിട്ട്? രഹാനെ വരുമ്പോള്‍ 'മാറുന്ന' ഇന്ത്യന്‍ ടീം

36 റണ്‍സിന് ഇന്നിങ്‌സ് ഓള്‍ ഔട്ടാവുക; ടെസ്റ്റ് ചരിത്രത്തിലെ വലിയ നാണക്കേടും പേറിയാണ് ഇന്ത്യന്‍ സംഘം മെല്‍ബണില്‍ എത്തിയത്. 'കിങ്' കോലിയില്ല. സ്‌ട്രൈക്ക് പേസര്‍ മുഹമ്മദ് ഷമിയില്ല; അജിങ്ക്യ രഹാനെയെന്ന പുതുനായകന്‍ കംഗാരുക്കള്‍ക്കെതിരെ കീശയില്‍ നിന്നും എന്തുതന്ത്രമിറക്കുമെന്ന് അറിയാന്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കി. കോലിയില്ലെങ്കില്‍ ഇന്ത്യന്‍ ടീം തോല്‍ക്കുമെന്ന പ്രവചനങ്ങള്‍ക്ക് നടുവിലാണ് രഹാനെ ക്യാപ്റ്റന്‍ തൊപ്പിയണിയുന്നത്.

മെൽബൺ ജയം

മെല്‍ബണില്‍ ഓസ്‌ട്രേലിയ ടോസ് ജയിക്കുകകൂടി ചെയ്തതോടെ ഇന്ത്യയുടെ സാധ്യതകള്‍ അടഞ്ഞെന്ന് ക്രിക്കറ്റ് പണ്ഡിതന്മാര്‍ വിധിയെഴുതി. എന്നാല്‍ കണ്ടതോ, ടോസ് നേടിയത് മാത്രമായിരുന്നു ആതിഥേയര്‍ക്ക് പുഞ്ചിരിക്കാന്‍ കിട്ടിയ നിമിഷം. മെല്‍ബണില്‍ നാലു ദിവസവും ഇന്ത്യ അരങ്ങ് വാണു.

അഡ്‌ലെയ്ഡില്‍ നാണക്കേടിന്റെ പടുകുഴിയില്‍ വീണ ഇന്ത്യന്‍ ടീമിനെയല്ല മെല്‍ബണില്‍ കണ്ടത്. നോട്ടത്തിലും ഭാവത്തിലും ഇന്ത്യന്‍ താരങ്ങള്‍ ആത്മവിശ്വാസം പ്രകടമാക്കി. ഫലമോ, നാലാം ദിനം എട്ടു വിക്കറ്റിന്റെ ആധികാരിക ജയം ഇന്ത്യ പിടിച്ചെടുത്തു.

ക്യാപ്റ്റൻസി

പറഞ്ഞുവരുമ്പോള്‍ രഹാനെയ്ക്ക് കീഴില്‍ 'പുതിയൊരു' ഇന്ത്യന്‍ ടീമിനെയാണ് ആരാധകര്‍ കണ്ടത്. മെല്‍ബണ്‍ ടെസ്റ്റിലെ ജയം രഹാനെയെന്ന നായകന്റെ വിജയമായിത്തന്നെ പറയാം. ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ കോലിയില്‍ നിന്നും വ്യത്യസ്തനാണ് രഹാനെ. മെല്‍ബണില്‍ ഉടനീളം രഹാനെ എതിരാളികള്‍ക്ക് 'സര്‍പ്രൈസ്' ഒരുക്കി. ഈ അവസരത്തില്‍ വിരാട് കോലിയില്‍ നിന്നും അജിങ്ക്യ രഹാനെ വ്യത്യസ്തനാകുന്നത് എങ്ങനെയെന്ന് ചുവടെ അറിയാം.

പരീക്ഷിക്കപ്പെടുന്നില്ല

മൈതാനത്ത് വിരാട് കോലിയെന്ന ഇന്ത്യന്‍ നായകനെ എതിരാളികള്‍ക്ക് പ്രവചിക്കാന്‍ എളുപ്പമാണ്. ടെക്സ്റ്റ് ബുക്ക് പാഠങ്ങളില്‍ നിന്ന് മാറി 'ഔട്ട് ഓഫ് ദി ബോക്‌സ്' ആലോചനകള്‍ കോലി പതിവായി ചെയ്യാറില്ല. മിക്കപ്പോഴും ടീമില്‍ മികച്ച താരങ്ങളുള്ളതുകൊണ്ട് കോലിയുടെ ക്യാപ്റ്റന്‍സി ഗൗരവമായി പരീക്ഷിക്കപ്പെടുന്നില്ല.

മറുഭാഗത്ത് അജിങ്ക്യ രഹാനെയുടെ കാര്യമെടുത്താല്‍, മൂന്നാം ദിനം ഉമേഷ് യാദവിന് പരിക്കേറ്റപ്പോഴും രഹാനെ കുലുങ്ങിയില്ല. നാലു ബൗളര്‍മാരെക്കൊണ്ടും 100 ഓവര്‍ ഫലപ്രദമായി എറിയാമെന്ന് അദ്ദേഹം കാണിച്ചുതന്നു.

അശ്വിനെ വിനിയോഗിച്ചു

മെല്‍ബണ്‍ പിച്ചില്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ രഹാനെ വിനിയോഗിച്ച വിധവും പ്രത്യേകം പരാമര്‍ശിക്കണം. 11 ആം ഓവറില്‍ത്തന്നെ അശ്വിനെ അവതരിപ്പിക്കാന്‍ രഹാനെ ധൈര്യം കാട്ടി. പന്തിന്റെ പുതുക്കം മാറിയില്ലെന്നിരിക്കെ, ക്രീസില്‍ ഇടംകയ്യന്‍ ബാറ്റ്‌സ്മാനുണ്ടെന്ന വസ്തുത മുന്നില്‍ നില്‍ക്കെ അശ്വിനെ കൊണ്ടുവരാന്‍ രഹാനെ മുതിര്‍ന്നു. ന്യൂ ബോളില്‍ തുടങ്ങാന്‍ വിഷമതകളില്ലാത്ത സ്പിന്നറാണ് അശ്വിന്‍. പിച്ചിലെ ഈര്‍പ്പം മുതലെടുക്കുകയായിരുന്നു അശ്വിനെ അവതരിപ്പിച്ചതിന് പിന്നിലെ രഹാനെയുടെ ചിന്തയും.

കോലിയും അശ്വിനും

ഈ നീക്കം ഒരിക്കല്‍ക്കൂടി ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് മേല്‍ അശ്വിന് മേല്‍ക്കൈ സമ്മാനിച്ചു. ആദ്യ സ്‌പെല്ലില്‍ മാത്യു വെയ്ഡിനെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കിയാണ് അശ്വിന്‍ തിരിച്ചെത്തിയത്. കോലിയുടെ കാര്യം പരിശോധിച്ചാല്‍ അഡ്‌ലെയ്ഡിലെ ആദ്യ ഇന്നിങ്‌സില്‍ നാലാം ബൗളറായാണ് അശ്വിനെ കോലി കളിപ്പിച്ചത്. പൊതുവേ ഇന്ത്യയ്ക്ക് പുറത്തുള്ള ടെസ്റ്റ് മത്സരങ്ങളില്‍ അശ്വിന് ആദ്യംതന്നെ പന്തുകൊടുക്കാന്‍ കോലി മടികാട്ടാറുണ്ട്.

കോലിക്ക് കീഴിൽ കളിക്കുമ്പോൾ

കോലിക്ക് കീഴില്‍ കളിക്കുമ്പോള്‍ മറ്റാര്‍ക്കും ശബ്ദമില്ലെന്നതാണ് മറ്റൊരു വസ്തുത. വിരാട് കോലിയെന്ന നായകന്‍ മിക്കപ്പോഴും തീരുമാനങ്ങള്‍ സ്വയം എടുക്കുന്നു. ഇക്കാര്യം തെറ്റാണെന്ന് ഇവിടെ അര്‍ത്ഥമില്ല. എന്നാല്‍ രഹാനെയിലേക്ക് വരുമ്പോള്‍ ഈ ചിത്രം മാറുന്നു. മെല്‍ബണില്‍ ആദ്യ സെഷനായി ടീം ഒത്തുകൂടിയപ്പോള്‍ ടീമില്‍ പലര്‍ക്കും സംസാരിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവസരമുണ്ടായി. രഹാനെയ്ക്ക് ശേഷം അശ്വിന്‍ ടീമംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് ക്യാമറ പകര്‍ത്തിയിരുന്നു.

സ്പോർട്സ്മാൻഷിപ്പ്

ബൗളിങ് വേളയില്‍ രഹാനെയുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകളുണ്ടായില്ല. അശ്വിനാണ് ഈ ചുമതല ഏറ്റെടുത്തത്. ബൗളര്‍മാരുമായി കൃത്യമായ ആശയവിനിമയം നടത്താന്‍ അശ്വിനെ പലപ്പോഴും കവറില്‍ രഹാനെ നിയോഗിച്ചു. അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജിനെ ജസ്പ്രീത് ബുംറ വഴിനടത്തുന്നതിനും മെല്‍ബണ്‍ സാക്ഷിയായി.

പിരിമുറുക്കമില്ലാതെ കളിക്കാന്‍ അവസരം നല്‍കുന്നതിലും രഹാനെയാണ് കോലിയെക്കാള്‍ കേമന്‍. മൂന്നാം ദിനം റണ്ണൗട്ടായി മടങ്ങുമ്പോള്‍ ക്രീസില്‍ തലകുനിച്ചു നിരാശയോടെ നിന്ന ജഡേജയുടെ നെഞ്ചില്‍ത്തട്ടി 'കമോണ്‍ മാന്‍' എന്നു പറഞ്ഞ അജിങ്ക്യ രഹാനെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ വലിയ ഉദ്ദാഹരണമായി മാറുന്നു.

കോലിയുടെ ചിന്ത

നിസാരമെന്ന് തോന്നാവുന്ന ഈ നടപടി ടീമിന് വലിയ ഊര്‍ജ്ജവും പോസിറ്റിവിറ്റിയുമാണ് സമ്മാനിച്ചത്. മറുഭാഗത്ത് ആദ്യ ടെസ്റ്റില്‍ റണ്ണൗട്ടായി മടങ്ങിയ കോലിയുടെ ഭാവപ്രകടനം ടീമിന്റെ മൊത്തം ധൈര്യം കെടുത്തുന്നത് നാം കണ്ടു. താന്‍ പുറത്തായാല്‍ ടീമില്‍ മറ്റാരും കളിക്കില്ലെന്ന തോന്നല്‍ വിരാട് കോലി പലപ്പോഴും പ്രകടമാക്കാറുണ്ട്; പിന്നില്‍ വരുന്നവരുടെ മികവില്‍ കോലിക്ക് വിശ്വാസം പോരാതെ വരുന്നു.

നീണ്ട സ്പെല്ലുകൾ

ബൗളര്‍മാരുടെ നീണ്ട സ്‌പെല്ലുകളാണ് രഹാനെയെ കോലിയില്‍ നിന്നും വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. ജസ്പ്രീത് ബുംറയ്ക്ക് അഞ്ചും ഉമേഷ് യാദവിന് ആറും ഓവറുകള്‍ നല്‍കിയാണ് രഹാനെ തുടങ്ങിയത്. ശേഷം ബുംറയ്ക്ക് വീണ്ടും മൂന്നോവര്‍ സ്‌പെല്‍ നല്‍കാന്‍ രഹാനെ തീരുമാനിച്ചു.

ഇതിനിടെ ആദ്യ സ്‌പെല്ലില്‍ അശ്വിന്‍ 12 ഓവറുകള്‍ എറിഞ്ഞുതീര്‍ക്കുന്നതിനും മെല്‍ബണ്‍ സാക്ഷിയായി. അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജും ആറോവര്‍ സ്‌പെല്‍കൊണ്ടാണ് തുടങ്ങിയത്. നീണ്ട സ്‌പെല്ലുകള്‍ ബൗളര്‍മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. എന്നാല്‍ കോലിയുടെ കീഴില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നീണ്ട സ്‌പെല്ലുകള്‍ കിട്ടാറില്ല. ഇന്നിങ്‌സില്‍ വിക്കറ്റുകള്‍ വീഴുന്നില്ലെന്ന് കണ്ടാല്‍ ഓരോവര്‍ വീതമുള്ള സ്‌പെല്ലുകള്‍ പോലും കോലി ബൗളര്‍മാര്‍ക്ക് കല്‍പ്പിക്കാറുണ്ട്.

Story first published: Tuesday, December 29, 2020, 18:22 [IST]
Other articles published on Dec 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+