
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒരു റണ്‍ മെഷീന്‍ ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നിലവില്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ നേടിയിട്ടുള്ള റെക്കോര്‍ഡുകള്‍ ഇദ്ദേഹത്തിന് മുന്നില്‍ വഴിമാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. എന്നാല്‍ മുന്‍ വെസ്റ്റിന്ത്യന്‍ താര്യം മൈക്കിള്‍ ഹോള്‍ഡിംഗ് ഇക്കാര്യത്തില്‍ വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. വിരാടിനെ മഹാന്‍ എന്ന് വിളിക്കില്ലെന്നാണ് ഹോള്‍ഡിംഗ് വ്യക്തമാക്കുന്നത്.
അതിനുള്ള നിബന്ധനയും ഹോള്‍ഡിംഗ് മുന്നോട്ടുവെയ്ക്കുന്നു. ഇംഗ്ലണ്ടിന്റെ മണ്ണില്‍ റണ്ണുകള്‍ അടിച്ച് കൂട്ടിയാല്‍ മാത്രമേ വിരാട് കോഹ്‌ലി ഈ ഭൂമുഖത്തെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി താന്‍ കണക്കുകൂട്ടുകയുള്ളുവെന്നാണ് മുന്‍ വെസ്റ്റിന്‍ഡീസ് താരം അഭിപ്രായപ്പെടുന്നു. 2014-ല്‍ ഇംഗ്ലണ്ടില്‍ പരമ്പര കളിക്കാനെത്തിയ വിരാട് കളിക്കാന്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു. 10 ഇന്നിംഗ്‌സില്‍ ഇദ്ദേഹത്തിന്റെ ശരാശരി വെറും 13.4 ആയിരുന്നു.

2018-ല്‍ ജോ റൂട്ടിന്റെ ടീമിനെതിരെ ഇന്ത്യ ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റുകള്‍ കളിക്കാന്‍ ഒരുങ്ങുമ്പോള്‍ വിരാട് കോഹ്‌ലിക്ക് തെളിയിക്കാനുള്ള അവസരമാണ്. അവിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മികവ് കാണിച്ചാല്‍ താരത്തെ മഹാനെന്ന് വിളിക്കുമെന്ന് ഹോള്‍ഡിംഗ് വ്യക്തമാക്കി. 'വിരാട് കോഹ്‌ലി നല്ല ബാറ്റ്‌സ്മാനാണ്. മൂന്ന് ടോപ്പ് താരങ്ങളുടെ പട്ടികയില്‍ ഞാന്‍ വിരാടിന് ഇടംനല്‍കും. ഇംഗ്ലണ്ടില്‍ കൂടി റണ്‍ നേടിയാല്‍ അദ്ദേഹത്തെ മഹാനെന്ന് വിളിക്കും', ഈ ഫാസ്റ്റ് ബൗളര്‍ വ്യക്തമാക്കി. ജോ റൂട്ട്, വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഇപ്പോള്‍ ലോകത്തിലെ മൂന്ന് മുന്‍ നിര താരങ്ങളെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.