മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായ വിരാട് കോലിക്ക് കല്യാണപ്രായമായില്ല പോലും. പറയുന്നത് വേറാരുമല്ല, കോലിയുടെ അമ്മ സരോജ് കോലിയാണ്. അടുത്ത നാലഞ്ച് വര്‍ഷത്തേക്ക് അവന്റെ വിവാഹക്കാര്യം ആലോചിക്കാന്‍ പോലും പറ്റില്ല. ക്രിക്കറ്റ് കളിക്കാന്‍ ഇപ്പോള്‍ തുടങ്ങിയിട്ടല്ലേയുള്ളൂ - സരോജ് കോലി പറയുന്നു.
അടുത്ത നാലഞ്ച് വര്‍ഷത്തേക്ക് ക്രിക്കറ്റിലും കരിയറിലും മാത്രമാണ് അവന്‍ ശ്രദ്ധ ചെലുത്തേണ്ടത്. അതിനിടയില്‍ വിവാഹമൊന്നും ശരിയാകില്ല എന്നാണ് വിരാടിന്റെ അമ്മ പറയുന്നത്. അനുഷ്‌ക ശര്‍മയും ഡാനിയെല വ്യാറ്റും പോലുള്ള സെലിബ്രിറ്റി ആരാധകര്‍ തല്‍ക്കാലം നിരാശരായേ പറ്റൂ എന്ന് സാരം.

ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര വനിതാ താരം ഡാനിയെല വ്യാറ്റ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് വിരാട് കോലിയോട് ഓപ്പണ്‍ പ്രോപ്പോസല്‍ നടത്തിയത്. കോലി എന്നെ വിവാഹം കഴിക്കൂ എന്നായിരുന്നു 22 കാരിയായ വ്യാറ്റിന്റെ സന്ദേശം. ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിലെ മികച്ച പ്രകടനമാണ് വ്യാറ്റിനെ കോലിയുടെ ആരാധികയാക്കിയത്.
എന്നാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞാലും ഒരു വിദേശിയെ മകന്റെ ഭാര്യയായി സ്വീകരിക്കുമോ എന്ന കാര്യത്തില്‍ വിരാട് കോലിയുടെ അമ്മ പ്രതികരിച്ചില്ല. ഇതൊക്കെ നിങ്ങളുടെ സംശയങ്ങള്‍ മാത്രമാണെന്നായിരുന്നു അവരുടെ മറുപടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് 25 കാരനായ വിരാട് കോലി.