Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബിക്ക് ജയിക്കണം, എങ്കില്‍ ഈ മൂന്ന് മാറ്റങ്ങള്‍ അനിവാര്യം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ആര്‍സിബി തുടക്കം ഗംഭീരമാക്കിയെങ്കിലും കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് 97 റണ്‍സിന് നാണംകെട്ട് തോറ്റു. മികച്ച ടീം കരുത്ത് ആര്‍സിബിക്കുണ്ടെങ്കിലും കഴിഞ്ഞ സീസണിലേതുപോലെ തന്നെ മുന്‍നിര തകര്‍ന്നാല്‍ ടീം കൂട്ടത്തകര്‍ച്ച നേരിടുന്ന അവസ്ഥയ്ക്ക് മാറ്റമില്ല. പ്രതീക്ഷയോടെ ടീമിലെത്തിച്ച ആരോണ്‍ ഫിഞ്ച് നായകനെന്ന നിലയില്‍ കോലിക്ക് ഉപകാരിയാണെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇതുവരെ ശോഭിക്കാനായിട്ടില്ല. മുംബൈ ഇന്ത്യന്‍സാണ് ആര്‍സിബിയുടെ അടുത്ത എതിരാളികള്‍. ആര്‍സിബിക്ക് ജയിക്കാന്‍ ഇനിയും മൂന്ന് മാറ്റങ്ങള്‍ അനിവാര്യം. എന്തൊക്കെയാണ് ആ മാറ്റങ്ങളെന്ന് പരിശോധിക്കാം.


ഫിലിപ്പിന് പകരം പാര്‍ഥിവ് പട്ടേല്‍

ഫിലിപ്പിന് പകരം പാര്‍ഥിവ് പട്ടേല്‍

വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഐപിഎല്ലില്‍ തരക്കേടില്ലാത്ത റെക്കോഡുള്ള താരമാണ് പാര്‍ഥിവ് പട്ടേല്‍. ഓപ്പണറായി മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും സിഎസ്‌കെയ്ക്ക് വേണ്ടിയുമെല്ലാം തിളങ്ങിയിട്ടുള്ള പാര്‍ഥിവ് അവസാന സീസണില്‍ ആര്‍സിബിക്കൊപ്പവും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇത്തവണ ആദ്യ രണ്ട് മത്സരത്തിലും യുവ താരം ജോഷ് ഫിലിപ്പിനെയാണ് ആര്‍സിബി പരീക്ഷിച്ചത്. ബിബിഎല്ലില്‍ മികച്ച റെക്കോഡുള്ള ഫിലിപ്പിന് ലഭിച്ച രണ്ട് അവസരത്തിലും ശോഭിക്കാന്‍ സാധിച്ചിട്ടില്ല. പഞ്ചാബിനെതിരേ വണ്‍ഡൗണായെത്തിയ ഫിലിപ്പിന്റെ വിക്കറ്റ് പെട്ടെന്ന് നഷ്ടപ്പെട്ടത് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയും കൂട്ടത്തകര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു. അടുത്ത എതിരാളി മുംബൈയാണ്. മികച്ച ബൗളിങ് മുംബൈക്കുണ്ട്. ഈ അവസരത്തില്‍ അനുഭവസമ്പന്നനായ പാര്‍ഥിവ് പട്ടേലിനെ ഫിലിപ്പിന് പകരം ആര്‍സിബി പരിഗണിക്കേണ്ടത് അനിവാര്യമാണ്.

മോയിന്‍ അലിയെ പരിഗണിക്കണം

മോയിന്‍ അലിയെ പരിഗണിക്കണം

സ്പിന്നര്‍മാര്‍ക്ക് യുഎഇയില്‍ ശോഭിക്കാന്‍ കഴിയുമെന്നിരിക്കെ സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ ആര്‍സിബി പരിഗണിക്കേണ്ടതുണ്ട്. സ്പിന്‍നിരയെ നന്നായി ബാറ്റ് ചെയ്യുന്ന താരം കൂടിയാണ് മോയിന്‍ അലി. ടി20 ഫോര്‍മാറ്റില്‍ ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ 185.5 ആണ് മോയിന്‍ അലയുടെ സ്‌ട്രൈക്കറേറ്റ്. 32.9 ശരാശരിയുമുണ്ട്. 15 സിക്‌സും അദ്ദേഹം നേടിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ബാറ്റ്‌സ്മാനെന്ന നിലയില്‍ മോയിന്‍ ടീമിന്റെ മധ്യനിരയ്ക്ക് ഉപകാരപ്പെട്ടേക്കും. മോശം ഫോമിലുള്ള ആരോണ്‍ ഫിഞ്ചിന് പകരം മോയിന്‍ അലിയെ പരിഗണിക്കാം. ദേവ്ദത്ത് പടിക്കലിനൊപ്പം പാര്‍ഥിവ് പട്ടേല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ മധ്യനിരയില്‍ മോയിന്‍ അലി സ്ഥാനം ആര്‍ഹിക്കുന്നു.

ഉമേഷ് യാദവിന് പകരം ഇസിരു ഉദാന

ഉമേഷ് യാദവിന് പകരം ഇസിരു ഉദാന

ടി20 ഫോര്‍മാറ്റില്‍ ചെണ്ടയെന്ന വിശേഷണം അര്‍ഹിക്കുന്ന ബൗളറാണ് ഉമേഷ് യാദവ്. ഈ സീസണിലും പതിവ് പോലെ നന്നായി തല്ലുവാങ്ങുന്നുണ്ട്. മികച്ച ലൈനോ ലെങ്‌തോ കണ്ടെത്താന്‍ സാധിക്കാതെ ഉമേഷിന് ആകെ അവകാശപ്പെടാനുള്ള തരക്കേടില്ലാത്ത വേഗമാണ്. എന്നാല്‍ ഇത് ടീമിന് ഗുണം ചെയ്യുന്നില്ല. അതിനാല്‍ ഉമേഷിന് പകരം ശ്രീലങ്കന്‍ പേസര്‍ ഇസിരു ഉദാനയെ പരിഗണിക്കണം. സ്ലോ ബോള്‍ നന്നായി വഴങ്ങുന്ന ഇസിരു എത്തിയാല്‍ ടീമിന്റെ ബൗളിങ് നിര കൂടുതല്‍ കരുത്താര്‍ജിക്കും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിന്റെ അഭാവത്തില്‍ മികച്ചൊരു പേസറുടെ അഭാവം ടീമില്‍ നിഴലിച്ച് നില്‍ക്കുന്നു. ഉദാന,ഡെയ്ല്‍ സ്റ്റെയിന്‍,നവദീപ് സൈനി കൂട്ടുകെട്ട് കോലിക്ക് ജോലിഭാരം കുറയ്ക്കാന്‍ സഹായിക്കും.

Story first published: Sunday, September 27, 2020, 15:54 [IST]
Other articles published on Sep 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+