ബെംഗളൂരു: ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലി ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് മുന്‍ ഇന്ത്യന്‍ താരം ഗുണ്ടപ്പ വിശ്വനാഥ്. വിരാട് കോലിയുടെ പോസിറ്റിവ് ആറ്റിറ്റിയൂഡാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് എന്നും വിശ്വനാഥ് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ എണ്ണപ്പെട്ട ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് വിഷി എന്ന് ഇരട്ടപ്പേരുള്ള വിശ്വനാഥ്. 91 ടെസ്റ്റുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും വിരാട് കോലിയാണ് നിലവില്‍ ഒന്നാമന്‍ - ഗുണ്ടപ്പ വിശ്വനാഥ് വണ്‍ ഇന്ത്യയോട് പറഞ്ഞു. കോലി വളരെ പോസിറ്റീവാണ്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ലോകത്തെ ഏറ്റവും മികച്ചവനാണ്. ഇത് കോലി പലവട്ടം തെളിയിച്ചിട്ടുണ്ട്. കളിക്കുന്നു എന്നത് മാത്രമല്ല കാര്യം, മൂന്ന് ഫോര്‍മാറ്റിലും കോലിയുടെ സ്ഥിരത എടുത്തുപറയേണ്ടതാണ്.

ക്രിക്കറ്റിങ് ഷോട്ടുകള്‍ മാത്രമേ കോലി കളിക്കാറുള്ളു. ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തിലേ കോലി വലിയ ഷോട്ടുകള്‍ കളിക്കൂ. അതുവരെ കൃത്യമായ ക്രിക്കറ്റ് ഷോട്ടുകളാണ് കോലി കളിക്കുക. എപ്പോഴും തന്റെ ഇന്നിംഗ്‌സിന് മേല്‍ നിയന്ത്രണം കോലിക്കുണ്ട്. വളരെ പോസിറ്റീവാണ് അയാള്‍. പുതിയ കളിക്കാര്‍ കോലിയെ പിന്തുടരുന്നു - വിശ്വനാഥ് പറഞ്ഞു.
വിരാട് കോലി കഴിഞ്ഞാല്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസനുമാണ് മികച്ച കളിക്കാര്‍ എന്നാണ് വിശ്വനാഥിന്റെ അഭിപ്രായം. അനില്‍ കുംബ്ലെയെ കോച്ചാക്കി നിയമിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന് എന്തുകൊണ്ടും നല്ലതാണ് എന്ന അഭിപ്രായക്കാരനാണ് വിഷി. കളിക്കാരന്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും ഐ പി എല്‍ ടീമുകളുടെ മെന്റര്‍ എന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവെച്ചയാളാണ് കുംബ്ലെ.