ബെംഗളൂരു: 'താങ്കളുടെ വഴിയ്ക്ക് ഒരു മികവേറിയ താരം വരുന്നുണ്ട്', മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം മാര്‍ക്ക് ബൗച്ചര്‍ ഈ അഭിപ്രായപ്രകടനം നടത്തിയപ്പോള്‍ എ ബി ഡി വില്ലിയേഴ്‌സിന് ഒട്ടും തന്നെ അത്ഭുതം തോന്നിയില്ല. കാരണം ഇന്ത്യയുടെ വിരാട് കോലിയുടെ പ്രകടനം ഡി വില്ലിയേഴ്‌സ് അടുത്ത് നിന്ന് കണ്ടിട്ടുണ്ട്. വിരാടിനെക്കുറിച്ച് എപ്പോള്‍ ചോദിച്ചാലും വാതോരാതെ പുകഴ്ത്തുന്ന താരം കൂടിയാണ് ഇദ്ദേഹം. ലോകത്തിലെ ഒന്നാം നമ്പര്‍ താരം ആരെന്ന് ചോദിച്ചാല്‍ വിരാടെന്ന് ഉത്തരം നല്‍കുമെന്നാണ് ഡി വില്ലിയേഴ്‌സ് വ്യക്തമാക്കുന്നത്.
നിലവില്‍ വിരാട് കോലി തന്നെയാണ് ലോകത്തിലെ മികച്ച താരമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇനി ഏതാനും വര്‍ഷങ്ങളിലും ഇതിന് മാറ്റമുണ്ടാകാനും സാധ്യതയില്ല, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കുന്നതിനാല്‍ ഇരുവരും തമ്മില്‍ മികച്ച ബന്ധവും ഉടലെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പരസ്പരം പുകഴ്ത്തുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്.

ഒരു ക്യാപ്റ്റന്‍ നല്ല ക്യാപ്റ്റന്‍ എന്ന പേരു നേടുന്നത് അയാള്‍ സ്വയം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും, താന്‍ നയിക്കുന്ന ടീമിനെ വിജയത്തിലേക്ക് നയിക്കുമ്പോഴുമാണ്. ഇക്കാര്യത്തില്‍ വിരാട് മുന്നില്‍ നില്‍ക്കും. ഏറെ കഠിനാധ്വാനം ചെയ്യുന്നതോടൊപ്പം ടീമിയും കരുത്ത് നല്‍കും. പരിശീലന സമയത്ത് പോലും അദ്ദേഹത്തിന്റെ നിലപാട് ഇത്തരത്തിലാണ്. അത് തന്നെയാണ് ഒരു യഥാര്‍ത്ഥ ക്യാപ്റ്റന്റെ ലക്ഷണം, ഒരു നേതാവാണ് അദ്ദേഹം, 33-കാരനായ ഡി വില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ക്കുന്നു. ബാംഗ്ലൂര്‍ ടീമിന്റെ ബാറ്റിംഗ് നിരയിലെ നെടുംതൂണുകളാണ് വിരാടും, ഡി വില്ലിയേഴ്‌സും. ഇവര്‍ ക്രീസില്‍ നിലയുറപ്പിച്ചാല്‍ എതിരാളികളായ ബൗളര്‍മാര്‍ പണിയാകുമെന്നതാണ് അവസ്ഥ.