ഈ വർഷം ഇതുവരെ ഒരു ഫിഫ്റ്റി മാത്രം..! സെഞ്ച്വറി കിംഗിന് ഇതെന്ത് പറ്റി, കോലിയുടെ മോശം ഫോമിന് അന്ത്യമില്ലേ?
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ പകരം വയ്ക്കാനില്ലാത്ത പ്രതിഭയും ഇതിഹാസ തുല്യനുമാണ് വിരാട് കോലി എന്ന താരം. കരിയറിന്റെ വലിയൊരു ഭാഗം വരെ ഫോം കൃത്യമായി നിലനിർത്തി പോന്നിരുന്ന കോലിക്ക് പക്ഷേ കഴിഞ്ഞ കുറച്ച കാലങ്ങളായി ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. മോശം ഫോമും, കുറഞ്ഞ സ്ട്രൈക്ക് റേറ്റും ഒക്കെ കോലിയുടെ മേൽ ഉയർന്ന ആരോപണങ്ങളിൽ ചിലത് മാത്രമായിരുന്നു.
എന്നാൽ ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തോടെ അതിനെയൊക്കെയും കാറ്റിൽപറത്തി കോഹ്ലി വമ്പൻ തിരിച്ചുവരവ് നടത്തിയിരുന്നു. പക്ഷേ 2024 എന്ന വർഷം കോലിയെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാലമല്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. കരിയറിൽ പലപ്പോഴും ഇത്തരം ദുർഘടക ഘട്ടങ്ങൾ ഉണ്ടായിരുന്നപ്പോൾ പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയാണ് താരത്തിന് മുൻപിലുള്ളത്.

വിരാട് കോലി 2024ൽ ഇതുവരെ
ഈ വർഷം ഇതുവരെ 14 അന്താരാഷ്ട്ര മത്സരങ്ങളാണ് താരം കളിച്ചത്, അതിൽ നിന്ന് കേവലം ഒരു അർധ സെഞ്ച്വറി മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്. ആ അർധ സെഞ്ച്വറി പിറന്നതാവട്ടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 ലോകകപ്പ് ഫൈനലിലും. ശേഷിക്കുന്ന മത്സരങ്ങളിൽ ഒന്ന് പോലും കോലിക്ക് കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഖേദകരമായ വസ്‌തുത.
കേവലം 288 റൺസ് മാത്രമാണ് ഈ മത്സരങ്ങളിൽ നിന്നെല്ലാമായി കോലിക്ക് നേടാൻ കഴിഞ്ഞുള്ളൂ എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു, താരത്തിന്റെ ശരാശരിയാവട്ടെ 20 റൺസിലും താഴെയാണെന്നും നമുക്ക് കാണാം. ഒരു കാലത്ത് സെഞ്ച്വറികൾ കൊണ്ട് മറ്റ് താരങ്ങളെയും ആരാധകരെയും ഒരുപോലെ ഞെട്ടിപ്പിച്ചിരുന്ന കോലിക്ക് പക്ഷേ ഇക്കുറി ഒരു സെഞ്ച്വറി പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്നതും സങ്കടകരമായ വസ്‌തുതയാണ്.
46(59), 12(11), 29(16), 0(01), 1(05), 4(03), 0(01), 24(24), 37(28), 0(05), 9(09), 76(59), 24(32), 14(19) എന്നിങ്ങനെയാണ് ഈ വർഷത്തെ കോലിയുടെ സ്‌കോറുകൾ. നിരാശാജനകമായ മറ്റൊരു കാര്യം എന്തെന്നാൽ ഈ പതിനാല് ഇന്നിംഗ്‌സുകളിൽ മാത്രം കോലി മൂന്ന് തവണ സംപൂജ്യനായി മടങ്ങി എന്നതാണ്. ഇതും മുൻകാലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കോലിയുടെ കരിയറിൽ സംഭവിക്കാത്ത കാര്യങ്ങളിൽ ഒന്നാണ്.
ഈ വർഷം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്‌റ്റ് പരമ്പരയിലൂടെയാണ് കോലിയുടെ തുടക്കം. ഈ മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിൽ നേടിയ 46 റൺസാണ് കോലിയുടെ ഈ വർഷത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ. പിന്നീട് ഇതുവരെ താരത്തിന് 40 പോലും കടക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ കോലിയുടെ ഫോമിനെ കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ശക്തമാവുകയാണ്.
ശ്രീലങ്കൻ പര്യടനത്തിലെ രണ്ട് ഏകദിനങ്ങളിലും സ്‌പിന്നർമാർക്ക് മുൻപിൽ കളി മറക്കുന്ന കോലിയെയാണ് കാണാൻ കഴിഞ്ഞത്. രണ്ട് മത്സരങ്ങളിലും താരം എൽബിഡബ്ള്യു ആയിട്ടായിരുന്നു പുറത്തായത്. മുൻപ് സ്‌പിൻ ആക്രമണത്തെ ഏത് വിധേനയും അടിച്ചൊതുക്കുന്ന കോലിക്ക് ഇക്കുറി ശ്രീലങ്കൻ താരങ്ങൾക്ക് മുൻപിൽ നിരുപാധികം അടിയറവ് പറയേണ്ടി വന്നു.
ഗംഭീർ എന്താണ് കരുതിവച്ചത്?
നേരത്തെ കോലിക്കും രോഹിതിനും ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ വിശ്രമം അനുവദിക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ടീം പ്രഖ്യാപിച്ചപ്പോൾ ഇരുവരെയും ഉൾപ്പെടുത്തി ഗംഭീറും ബിസിസിഐയും എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു. സീനിയർ താരങ്ങളായ ഇരുവരുടെയും ഭാവിയെ ചൊല്ലി ഒട്ടേറെ അഭ്യൂഹങ്ങൾ മുൻപ് പുറത്തുവന്നിരുന്നു. എന്നാൽ അതൊക്കെയും തള്ളുന്ന തരത്തിലായിരുന്നു ഗംഭീറിന്റെ നടപടി.
പക്ഷേ രോഹിത് ശർമ്മ നായക സ്ഥാനം ഏറ്റെടുത്തു കൊണ്ട് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടർച്ചയായി ഫിഫ്‌റ്റികളുമായി രോഹിത് നന്നായി തന്നെ കളിച്ചു. എന്നാൽ കോലിക്ക് പ്രതീക്ഷിച്ച നിലവാരം പുലർത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന പരമ്പരകളിൽ കോലിയെ ഏത് താരത്തിലാവും ഗംഭീർ പരിഗണിക്കുക എന്നാണ് ഇനി കണ്ടറിയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications