ദില്ലി: ആദം ഗില്‍ക്രിസ്റ്റിനെ പോലുള്ള ബാറ്റ്‌സ്മാന്‍മാര്‍ അംപയര്‍ ഔട്ട് വിളിക്കാന്‍ പോലും കാത്തുനില്‍ക്കില്ലായിരുന്നു. ഔട്ടെന്ന് തോന്നിയാല്‍ അപ്പോള്‍ ഇറങ്ങിപ്പോകും. എന്നാല്‍ വിരാട് കോലിയെ പോലുള്ളവര്‍ അംപയര്‍ ഔട്ട് വിളിച്ചാല്‍ പോലും അവിടെത്തന്നെ നില്‍ക്കും - ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക് ഇന്‍ഫോയില്‍ ഒരു ക്രിക്കറ്റ് ആരാധകന്‍ എഴുതിയതാണ് ഇത്. വെറുതെയല്ല, ഒരു കാര്യമുണ്ട് കേട്ടോ.
ഇന്ത്യയുടെ രണ്ടാമിന്നിംഗ്‌സിലെ മുപ്പത്തിനാലാം ഓവറിലാണ് സംഭവം നടന്നത്. ഇമ്രാന്‍ താഹിറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുത്ത് അപ്പീല്‍ ചെയ്തു. അംപയര്‍ ഓഫ്‌സ്ഫഡ് ഔട്ടും നല്‍കി. എന്നാല്‍ തെറ്റായ ഈ തീരുമാനത്തില്‍ കോലി രോഷാകുലനായി. ക്രിസില്‍ നിന്നും പോകാന്‍ കൂട്ടാക്കാതെ അവിടെത്തന്നെ നിന്നു. ഏറെനേരം കഴിഞ്ഞ് തിരിഞ്ഞുനടന്ന കോലിയോട് അംപയര്‍ കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു.

നോബോള്‍ ചെക്ക് ചെയ്യാന്‍ വേണ്ടിയായിരുന്നു ഇത്. റീപ്ലേകളില്‍ ഇമ്രാന്‍ താഹിര്‍ ഓവര്‍സ്റ്റെപ് ചെയ്തതായി തെളിഞ്ഞു. കോലിക്കും ആരാധകര്‍ക്കും ആശ്വാസമായി. സംഭവം നടക്കുമ്പോള്‍ അജിന്‍ക്യ രഹാനെയായിരുന്നു മറ്റേ എന്‍ഡില്‍ ബാറ്റ് ചെയ്തിരുന്നത്. ഹോം ഗ്രൗണ്ടായ ദില്ലി ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടിലായിരുന്നു കോലിയുടെ പ്രകടനം. അംപയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കോലിക്ക് പിഴ കിട്ടാന്‍ സാധ്യതയുണ്ട്.