രോഹിത് പഴയ രോഹിത്തല്ല, ഇനി കളിമാറും; നേടിയത് ഏറ്റവും മികച്ച സെഞ്ച്വറി, കാരണമുണ്ട്
സതാംപ്ടണ്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യ തുടക്കം മോശമാക്കിയില്ല. ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കുകയും പിന്നീട് മികച്ച ഇന്നിങ്‌സിലൂടെ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുകയും ചെയ്തത് ഇന്ത്യന്‍ ക്യാമ്പില്‍ സന്തോഷമുണ്ടാക്കുന്നതാണ്. ബാറ്റിങ്ങിന് അനുകൂലമല്ലാത്ത സാഹചര്യത്തില്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സ് ആണ് ശ്രദ്ധപിടിച്ചുപറ്റിയത്.
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും പന്തുകളെ നേരിടാന്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ബൗളര്‍ കാഗിസോ റബാഡയും മോറിസും ഓപ്പണര്‍മാരെ ശരിക്കും പരീക്ഷിച്ചു. അതിവേഗതയിലെത്തിയ ബൗണ്‍സറുകളില്‍നിന്നും കഷ്ടിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്. എന്നാല്‍, ധവാന്‍ പിടിച്ചുനില്‍ക്കാനാകാതെ മടങ്ങിയപ്പോള്‍ രോഹിത് ഇന്നിങ്‌സിന് നെടുംതൂണായി.

വ്യത്യസ്തനായ രോഹിത്
പിച്ചില്‍നിന്നും ബാറ്റ്‌സ്മാന് റണ്‍ കണ്ടെത്തുക എളുപ്പമായിരുന്നില്ല. വമ്പന്‍ അടികള്‍ക്ക് പേരുകേട്ട രോഹിത് മോശം ഷോട്ടിന് മുതിര്‍ന്ന് പുറത്തായേക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, പതിവിന് വിപരീതമായി തികച്ചും വ്യത്യസ്തമായ രോഹിത്തിനെയാണ് സതാംപ്ടണിലെ മൈതാനത്ത് കാണാനായത്. ഇതിനിടെ രണ്ടിലധികം തവണ പുറത്താകലില്‍ നിന്നും രോഹിത് കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു.

ക്ഷമയോടെ കെട്ടിപ്പടുത്ത ഇന്നിങ്‌സ്
പിച്ചിന്റെ സ്വഭാവം മനസിലാക്കിയതോടെ തന്റെ പതിവ് ശൈലി ഉപേക്ഷിച്ച് തികച്ചും ശാന്തനായ രോഹിത്തിനെയാണ് പിന്നീട് കാണാനായത്. ആദ്യ ബൗണ്ടറി നേടാന്‍ രോഹിത് 23 പന്തുകളെടുത്തു. അര്‍ധശതകം പൂര്‍ത്തിയാക്കാനെടുത്തതാകട്ടെ 70 പന്തുകളും. ഇവിടെനിന്നും 58 പന്തുകള്‍കൊണ്ടാണ് പിന്നീട് സെഞ്ച്വറിയിലെത്തിയതും മത്സരം ഫിനിഷ് ചെയ്യുന്നതുവരെ ക്രീസില്‍ ഉറച്ചുനിന്നത്.

സെഞ്ച്വറികളില്‍ കേമന്‍
കളിയില്‍ 122 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രോഹിത് കരിയറിനെ 23-ാം സെഞ്ച്വറിയാണ് പൂര്‍ത്തിയാക്കിയത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയവരുടെ പട്ടികയില്‍ ഒന്‍പതാമനാണ് ഇനി രോഹിത്. ഇന്ത്യയില്‍ മൂന്നാം സ്ഥാനത്തും. സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയുമാണ് രോഹിത്തിന് മുന്നിലുള്ളത്. സൗരവ് ഗാംഗുലിയുടെ 22 സെഞ്ച്വറികളെന്ന നേട്ടം രോഹിത് മറികടക്കുകയും ചെയ്തു.

രോഹിത്തിന്റെ മികച്ച ഇന്നിങ്‌സ്
രോഹിത്തിന്റെ ഇന്നിങ്‌സ് കരിയറിലെ ഏറ്റവും മികച്ച ഒന്നാണെന്നാണ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ പുകഴ്ത്തില്‍. പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന രോഹിത് നേടിയ സെഞ്ച്വറി ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ളതാണെന്നും ക്യാപ്റ്റന്‍ വിലയിരുത്തി. രോഹിത് കളിയിലെ നിയന്ത്രണം ഏറ്റടുത്തത് മനോഹരമായാണ്. കൂട്ടുകെട്ടുണ്ടാക്കാനും രോഹിത്തിന് കഴിഞ്ഞു. വിക്കറ്റുവീഴാതെ ഒരറ്റം കാത്ത രോഹിത്തിന്റേത് ഏറ്റവും മികച്ച ഇന്നിങ്‌സാണെന്നും കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications