ലണ്ടന്‍: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് കോലിയുടെ റാങ്കിങ് രണ്ടാം സ്ഥാനത്തേക്ക് തെറിച്ചത്. മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തായിരുന്നു ഒന്നാം റാങ്കില്‍. എന്നാല്‍, മൂന്നാം ടെസ്റ്റില്‍ തിരിച്ചടിച്ച കോലി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
രണ്ടാം ടെസ്റ്റില്‍ 23, 17 എന്നിങ്ങനെ ആയിരുന്നു രണ്ടു ഇന്നിങ്സിലെ സ്കോര്‍ എങ്കില്‍ മൂന്നാം ടെസ്റ്റില്‍ 97, 103 എന്നിങ്ങനെയാണ് കോലിയുടെ സ്കോര്‍. 937 ആണ് വിരാട് കോലിയുടെ പോയന്റ്. ഒരു പോയന്റുകൂടി നേടിയാല്‍ ലോകത്തിലെ എക്കാലത്തെയും മികച്ച പത്ത് കളിക്കാരുടെ പോയന്റ് പട്ടികയില്‍ കോലിക്കും ഇടംപിടിക്കും. അങ്ങിനെ സംഭവിച്ചാല്‍ ആ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ കളിക്കാരന് കൂടിയാകും കോലി.
ഇന്ത്യന്‍ കളിക്കാരില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് റാങ്കിങ്ങില്‍ കുതിപ്പ് നടത്തിയ താരം. ഓള് റൗണ്ടര്‍മാരില്‍ പതിനേഴാമതാണ് ഹാര്‍ദിക്. 27 റാങ്കുകളാണ് ഒറ്റയടിക്ക് താരം മറികടന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകളും രണ്ടാം ഇന്നിങ്സിലെ 52 റണ്‍സ് പ്രകടനവുമാണ് താരത്തിന് തുണയായത്. ബാറ്റ്സ്മാന്മാരില് എട്ടു സ്ഥാനം കയറി അമ്പത്തിയൊന്നാമതാവുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരായ ജോ റൂട്ടും, ജോണി ബാരിസ്റ്റോവും രണ്ടു സ്ഥാനങ്ങള്‍ നഷ്ടമായി. റൂട്ട് അഞ്ചാമതും ബാരിസ്റ്റോ പതിനൊന്നാമതുമാണ് ഇപ്പോള്‍.