കോലി കുറിച്ചത് ചരിത്രനേട്ടം... പിന്തള്ളിയത് സാക്ഷാല്‍ ലാറയെ!! സച്ചിന്‍ പോലും പിറകില്‍
സെഞ്ചൂറിയന്‍: കരിയറിലെ സുവര്‍ണ കാലഘട്ടത്തിലൂടെ കടന്നുപോവുന്ന ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി റെക്കോര്‍ഡുകള്‍ ഒന്നിനു പിറകെ ഒന്നായി മറികടന്നു കുതിക്കുകയാണ്. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസങ്ങളുടെ പട്ടികയിലേക്കാണ് കോലിയും മുന്നേറുന്നത്. നിലവില്‍ ഐസിസി റാങ്കിങില്‍ ഏകദിനത്തിലും ട്വന്റി20യിലും നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനും കോലി തന്നെയാണ്.
900 പോയിന്റ് നേടിയാണ് രണ്ടു ഫോര്‍മാറ്റിലും കോലി ഒന്നാംസ്ഥാനമലങ്കരിച്ചത്. പല റെക്കോര്‍ഡുകളും ഇപ്പോള്‍ കോലിക്കു മുന്നില്‍ തകര്‍ന്നു വീണിരിക്കുകയാണ്.

രണ്ടാമത്തെ താരം
ഏകദിനത്തിലും ടെസ്റ്റിലും ഒരേ സമയം ഒന്നാം റാങ്കിലെത്തിയ ഒരു ബാറ്റ്‌സ്മാന്‍ മാത്രമേ നേരത്തേ ഉണ്ടായിട്ടുള്ളൂ. ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സായിരുന്നു ഇത്. ഇപ്പോള്‍ എബിഡിയുടെ ഈ നേട്ടത്തിനൊപ്പമാണ് കോലിയെത്തിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകളിലെ ഉജ്ജ്വല പ്രകടനമാണ് കോലിക്ക് തുണയായത്. ടെസ്റ്റ് പരമ്പരയില്‍ ഒരു സെഞ്ച്വറിയും ഏകദിന പരമ്പരയില്‍ മൂന്നു സെഞ്ച്വറികളും താരം നേടിയിരുന്നു.

ലാറയെ മറികടന്നു
വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറയെപ്പോലും കോലി പിന്തള്ളിയിരിക്കുകയാണ്. ഓള്‍ടൈം ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റിലാണ് കോലി ലാറയെ മറികടന്നത്. കോലിക്ക് 911 പോയിന്റുണ്ട്.
ഏകദിനത്തിലെ ഓള്‍ടൈം ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റില്‍ നിലവില്‍ ഏഴാംസ്ഥാനത്താണ് കോലി. വിന്‍ഡീസിന്റെ മുന്‍ ഇതഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് 935 പോയിന്റോടെ ലിസ്റ്റില്‍ തലപ്പത്ത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കോലിയേക്കാള്‍ 22 പോയിന്റ് പിന്നിലാണ്.

ബൗളര്‍മാരും മുന്നേറി
കോലി മാത്രമല്ല ഇന്ത്യന്‍ ബൗളര്‍മാരും പുതിയ ഐസിസി റാങ്കിങില്‍ മുന്നേറ്റം നടത്തി. ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ച റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമാണ് നേട്ടമുണ്ടാക്കിയത്. പരമ്പരയില്‍ 16 വിക്കറ്റുകള്‍ നേടിയ ചഹല്‍ എട്ടു സ്ഥാനം കയറി 21ാം റാങ്കിലെത്തി. 17 വിക്കറ്റുകള്‍ പോക്കറ്റിലാക്കിയ യാദവ് 15 സ്ഥാനം മെച്ചപ്പെടുത്തി 47ാം റാങ്കിലെത്തിയിട്ടുണ്ട്.

അഫ്ഗാനിസ്താന്‍ ടോപ്പ് ടെന്നില്‍
ഐസിസി ഏകദിന, ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയാണ് തലപ്പത്ത്. ടെസ്റ്റില്‍ ഇന്ത്യ നേരത്തേ തന്നെ ഒന്നാമതായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ 5-1ന്റെ അവിസ്മരണീയ വിജയം ഇന്ത്യയെ ഏകദിനത്തിലും ഒന്നാം റാങ്കുകാരാക്കുകയായിരുന്നു.
ഏകദിനത്തില്‍ അഫ്ഗാനിസ്താന്‍ നടത്തിയ കുതിപ്പാണ് ശ്രദ്ധേയം. സിംബാബ്‌വെയെ പിന്തള്ളി അവര്‍ പത്താം റാങ്കിലെത്തി. സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ ജയമാണ് അഫ്ഗാനെ ആദ്യമായി ടോപ്പ് ടെന്നില്‍ എത്തിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications