ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റ്മാന്മാരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 928 പോയന്റുമായി കോലി ഒന്നാമതെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഓസീസ് താരം സ്റ്റീവ് സ്മിത്തിന് 911 പോയന്റുണ്ട്. ഓസ്‌ട്രേലിയയുടെതന്നെ ലബുഷെയ്ന്‍ 827 പോയന്റുമായി മൂന്നാംസ്ഥാനത്താണ്. ആറാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയും ഒന്‍പതാം സ്ഥാനത്തുള്ള രഹാനെയുമാണ് ആദ്യ പത്തില്‍ ഇടംനേടിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍.
പൂജാര ആറാംസ്ഥാനം നിലനിര്‍ത്തിയപ്പോള്‍ എട്ടാംസ്ഥാനത്തുനിന്നുമാണ് രഹാനെ ഒന്‍പതിലേക്ക് വീണത്. ബൗളര്‍മാരില്‍ ആറാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമത്. അശ്വിന്‍ എട്ടാം സ്ഥാനത്തും മുഹമ്മദ് ഷമി ഒന്‍പതാം സ്ഥാനത്തും ഇടംപിടിച്ചു. ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ മൂന്നാംസ്ഥാനത്തുണ്ട്. ആര്‍ അശ്വിന്‍ നാലാം സ്ഥാനത്താണ്.

ബൗളര്‍മാരില്‍ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് ആണ് ഒന്നാം റാങ്കില്‍. ന്യൂസിന്‍ഡിന്റെ നെയ്ല്‍ വാഗ്നര്‍ രണ്ടാംസ്ഥാനത്തും വെസ്റ്റിന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ മൂന്നാമതുമുണ്ട്. ഓള്‍റൗണ്ടര്‍മാരില്‍ ജേസണ്‍ ഹോള്‍ഡര്‍ ഒന്നാം സ്ഥാനത്തും ബെന്‍സ്‌റ്റോക്‌സ് രണ്ടാം സ്ഥാനത്തുമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പര നേടിയ ഇംഗ്ലണ്ട് ടീമിലെ മിക്ക കളിക്കാരും റാങ്കിങ്ങിലും നേട്ടമുണ്ടാക്കി.