ഏകദേശം 15 വർഷത്തിന് ശേഷം വിജയ് ഹസാരെ ട്രോഫിയിൽ വിരാട് കോലി മടങ്ങി വന്നത് തകർപ്പൻ സെഞ്ച്വറിയോടെ ആയിരുന്നു. ഡൽഹിയെ വിജയത്തിലേക്ക് നയിച്ച കോലിയുടെ ഇന്നിംഗ്‌സ് പല സന്ദേശങ്ങളും പകർന്ന് നൽകുന്നതാണ്. പിന്നാലെ ലോകകപ്പിലേക്കുള്ള കോലിയുടെ സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ് ഈ ഇന്നിംഗ്‌സ്.
ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിൽ ആന്ധ്രയ്‌ക്കെതിരെ ഡൽഹി 299 റൺസ് പിന്തുടർന്ന് ജയിച്ചപ്പോൾ കോഹ്‌ലി 101 പന്തിൽ നിന്ന് 131 റൺസ് നേടിയാണ് തിളങ്ങിയത്. വിജയ് ഹസാരെ ട്രോഫിയിൽ ഇന്നലെ അക്ഷരാർത്ഥത്തിൽ സെഞ്ച്വറികളുടെ ദിനം കൂടിയായിരുന്നു. ഹിറ്റ്മാനും കിംഗ് കോലിയും ഉൾപ്പെടെ സെഞ്ച്വറി കണ്ടെത്തി.

എന്നാൽ ഈ മികച്ച പ്രകടനത്തോടെ, ലിസ്‌റ്റ് എ ക്രിക്കറ്റിൽ 16,000 റൺസ് പിന്നിടുന്ന സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം രണ്ടാമത്തെ ഇന്ത്യൻ താരമായി കോലി മാറുകയും ചെയ്‌തിട്ടുണ്ട്. ഡിസംബർ ആദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്കായി തുടർച്ചയായ രണ്ട് ഏകദിന സെഞ്ച്വറികൾ നേടിയതിന് തൊട്ടുപിന്നാലെയാണ് ഈ നേട്ടം. നിലവിൽ അദ്ദേഹത്തിന്റെ ഫോമിനെ ആർക്കും പരാതി ഉണ്ടാവില്ല.
ആഭ്യന്തര ക്രിക്കറ്റിലെ ഈ സെഞ്ച്വറി കോഹ്‌ലിയുടെ തകർപ്പൻ ഫോമിന്റെ തുടർച്ചയാണെന്ന് താരത്തിന്റെ ബാല്യകാല പരിശീലകൻ രാജ്‌കുമാമാർ ശർമ്മയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പിനായി അദ്ദേഹം പൂർണ്ണ സജ്ജനാണെന്ന് ശർമ്മ കൂട്ടിച്ചേർത്തു. അതായത് വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ കോലി തന്റെ നയം വ്യക്തമാക്കി കഴിഞ്ഞുവെന്ന് അർത്ഥം.
50 ഓവർ ക്രിക്കറ്റിന് മുൻഗണന നൽകുന്ന കോഹ്‌ലിക്ക്, അന്താരാഷ്ട്ര മത്സരങ്ങളില്ലാത്ത സമയങ്ങളിൽ ഫോമും കളി മികവും നിലനിർത്താൻ ഡൊമസ്‌റ്റിക് ലിസ്റ്റ് എ മത്സരങ്ങൾ പ്രധാനമാണ്. ഈ കളിയിൽ, അദ്ദേഹം മികച്ച വേഗതയിൽ സ്കോർ ചെയ്യുകയും, 83 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കി ചേസ് നിയന്ത്രിക്കുകയും ചെയ്‌തു എന്നത് നിർണായക കാര്യമാണ്.
2027 ഏകദിന ലോകകപ്പിനായുള്ള ഒരുക്കങ്ങളിൽ കോലിയുടെ സ്ഥിരതയും മത്സരക്ഷതമായും താരത്തെ മുൻനിര ഓപ്‌ഷനുകളിൽ ഒന്നായി മാറ്റിയിരിക്കുകയാണ്. ആരാധകരും കോലി ലോകകപ്പ് ടീമിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഫോമിൽ ഒന്നര വർഷം അകലെയുള്ള ടൂർണമെന്റിൽ നിന്ന് അദ്ദേഹത്തെ അവഗണിക്കാൻ ഇന്ത്യൻ മാനേജ്മെന്റിന് ഇനി കഴിയില്ല.
അതുകൊണ്ട് തന്നെ ഗംഭീറിനും അഗർക്കാറിനും ഈ സെഞ്ച്വറി ഒരു മുന്നറിയിപ്പാണ് എന്ന് കരുതുന്ന ആളുകളും കുറവല്ല. കാരണം നേരത്തെ കോലി ഏകദിനം ഒഴികെയുള്ള എല്ലാ ഫോര്മാറ്റുകളിൽ നിന്നും വിരമിച്ചപ്പോൾ ചോദ്യമുന ഗംഭീർ അടക്കമുള്ളവർക്ക് എതിരെ നീണ്ടിരുന്നു. കോലിയെ ലോകകപ്പിൽ കളിപ്പിക്കാതിരിക്കുമോ എന്ന ചോദ്യവും ഉയർന്നു. എന്നാൽ ഇനി അത് നടപ്പില്ലെന്നാണ് പലരും പങ്കുവയ്ക്കുന്ന അഭിപ്രായം.