ബിസിസിഐയ്ക്ക് പണത്തോടുള്ള ആര്‍ത്തി; കളിക്കാര്‍ സംഘടിച്ചേക്കും

Posted By:

ദില്ലി: ക്രിക്കറ്റ് കളിക്കുന്ന മറ്റൊരു രാജ്യത്തിനും ഇല്ലാത്ത അത്രയും കളികളാണ് ഇന്ത്യയ്ക്ക് ഓരോ വര്‍ഷവും. പരമ്പരകള്‍ക്കിടയില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ഇടവേള നല്‍കി കളിക്കാരെ പിഴിയുന്ന രീതിയാണ് ബിസിസിഐയുടേത്. ഓരോ കളിയിലും കോടികള്‍ വരുമാനമുണ്ടാകുന്നതിനാല്‍ പരമ്പരകളുടെ എണ്ണം വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല.


കഠിനമായ ക്രിക്കറ്റ് കലണ്ടര്‍ ആണ് ഒടുവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയത്. കോലിയുടെ മാത്രമല്ല, കളിക്കാരുടെ മുഴുവന്‍ അഭിപ്രായമാണ് കോലി വ്യക്തമാക്കിയതെന്നാണ് സൂചന. ഇടവേളകളില്ലാതെ കളിക്കുമ്പോള്‍ പ്രകടന മികവിനെ കാര്യമായി ബാധിക്കുമെന്നും കളിക്കാരുടെ ശാരീരിക ക്ഷമത ഇല്ലാതാകുമെന്നും കളിക്കാര്‍ പറയുന്നു.

viratkohli

വലിയ ടീമുകളുമായി മത്സരിക്കേണ്ടിവരുമ്പോഴാണ് കളിക്കാരുടെ മാനസികവും ശാരീരികവുമായ അവസ്ഥ കളിയെ ബാധിക്കുന്നത്. തുടര്‍ച്ചയായ മത്സരങ്ങളുള്ളതിനാല്‍ ചില കളിക്കാര്‍ പരമ്പരകളില്‍ നിന്നും അവധിയെടുക്കേണ്ട അവസ്ഥയാണ്. ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ് അവധിയില്ലാതെ നീണ്ടനാള്‍ കളിക്കുന്നത്.

താന്‍ യന്ത്രമല്ലെന്നും തുടര്‍ച്ചയായ കളികള്‍ തന്നെ ബാധിക്കുമെന്നും കോലി അടുത്തിടെ മുന്നറിയിപ്പു നല്‍കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പായി ക്യാമ്പ് നടത്താന്‍ സമയം ഇല്ലാതായതോടെ കോലി ബിസിസിഐയ്‌ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ക്യാപ്റ്റന്റെ പ്രതികരണം ബിസിസിഐയെ മാറിചിന്തിപ്പിക്കുമോയെന്ന് കണ്ടറിയണം. കളിക്കാരെ റൊട്ടേഷന്‍ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തി കളികളുടെ എണ്ണം കുറയ്ക്കാതെ വരുമാനം വര്‍ധിപ്പിക്കുക തന്നെയായും ബിസിസിഐ ചെയ്യാന്‍ പോകുന്നതെന്നാണ് ക്രിക്കറ്റ് വിമര്‍ശകര്‍ പറയുന്നത്.


Story first published: Friday, November 24, 2017, 9:08 [IST]
Other articles published on Nov 24, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍