ഓസീസിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യ ഒരിക്കലും ആഗ്രഹിച്ച ഫലമായിരുന്നില്ല ലഭിച്ചത്. രണ്ടാം ഏകദിനത്തിനായി തയ്യാറെടുക്കുമ്പോൾ പല മുൻനിര താരങ്ങളുടെയും ഫോം തന്നെയാണ് ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് ആശങ്കയായി നില നിൽക്കുന്നത്. ടി20 ലോകകപ്പ് കിരീട ജയത്തോടെ കുട്ടി ക്രിക്കറ്റിൽ നിന്നും ശേഷം ഇംഗ്ലണ്ട് പര്യടനത്തിന് മുൻപായി ടെസ്‌റ്റിൽ നിന്നും വിരമിച്ച സൂപ്പർതാരങ്ങളായ രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും കാര്യം തന്നെയാണ് പറഞ്ഞുവന്നത്.
ഏറെക്കാലത്തിന് ശേഷം കളിക്കളത്തിൽ ഇറങ്ങിയ ഇരുവർക്കും വിചാരിച്ചത് പോലെ ഒരു ഇമ്പാക്റ്റ് മത്സരത്തിൽ ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞിരുന്നില്ല. അത് മാത്രമല്ല മറ്റൊരു സുപ്രധാന കാര്യം എന്തെന്നാൽ ഇരുവരുടെയും മോശം പ്രകടനം ഇന്ത്യയുടെ ജയത്തെയും ബാധിച്ചു. പൊരുതാൻ പോലും കഴിയാതെയാണ് ഇന്ത്യ കീഴടങ്ങിയത്. ഇപ്പോഴിതാ ഇരുവർക്കുമുള്ള ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് സഹതാരമായിരുന്നു രവിചന്ദ്രൻ അശ്വിൻ.

രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും പ്രായം പഴയത് പോലെയല്ലെന്നും 25 വയസ്സിൽ ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടി പ്രയത്നം നടത്തേണ്ടതുണ്ടെന്നുമാണ് ഇന്ത്യൻ ടീമിലെ മുൻ സഹതാരവും സ്‌പിന്നറുമായ അശ്വിൻ അഭിപ്രായപ്പെട്ടത്. ഏകദേശം അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.
നിലവിൽ ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്ന ഇവർക്ക് പരിശീലനം കുറവായതിനാൽ കൃത്യമായ ആസൂത്രണം ആവശ്യമാണെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര പര്യടനങ്ങൾക്ക് പോകുമ്പോൾ മുൻകൂട്ടി കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. ഒക്ടോബർ 23ന് രണ്ടാം ഏകദിനം നടക്കാനിരിക്കെയാണ് അശ്വിൻ ഈ ഉപദേശവുമായി രംഗത്ത് വന്നിരിക്കുന്നത്.
'പ്രായം കൂടുന്തോറും കാര്യങ്ങൾ കഠിനമാകും. നിങ്ങൾ ഇരട്ടി കഠിനാധ്വാനം ചെയ്യേണ്ടി വരും' അദ്ദേഹം കൂട്ടിച്ചേർത്തു. ഫിറ്റ്നസിനെക്കുറിച്ച് കോലി സംസാരിച്ച ഒരു അഭിമുഖം താൻ കണ്ടിരുന്നുവെന്നും, അത് പ്രധാനമാണെങ്കിലും ബാറ്റിംഗിന് ആവശ്യമായ കണ്ണിന്റെയും കൈയുടെയും ഏകോപനം അവഗണിക്കാനാകില്ലെന്നും അതിനും പരിശീലനം വേണമെന്നും അശ്വിൻ താരത്തെ ഓർമ്മപ്പെടുത്തി.
ടീമിലേക്ക് തിരിച്ചുവരുന്നതിനായി രോഹിത് തന്റെ ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഏകദേശം 10 കിലോയോളം ഭാരം കുറച്ചതായും റിപ്പോർട്ടുകളുണ്ട്. 'മറ്റെല്ലാം മാറ്റിവെച്ചാൽ, പ്രത്യേകിച്ച് പ്രായമാകുമ്പോൾ ഒരു ഫോർമാറ്റ് മാത്രം കളിക്കുമ്പോൾ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഇത് അത്ര എളുപ്പമല്ല, പക്ഷേ രോഹിത്തിനെ വളരെ ഫിറ്റായി കാണുന്നത് സന്തോഷകരമാണ്' അശ്വിൻ പറയുന്നു.
പരിചയസമ്പന്നരായ കളിക്കാർക്ക് ശരിയായ താളത്തിൽ എത്താൻ കഴിഞ്ഞാൽ കാര്യങ്ങൾ വളരെ എളുപ്പമാകും. അവരുടെ നല്ലതിന്, പ്രത്യേകിച്ചും കളിക്കുന്ന കാര്യത്തിലും നേരത്തെ പര്യടനങ്ങൾക്ക് പോകുന്നതിലും അവർക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. എന്നാൽ ഇത് കളിക്കാരന്റെ മാത്രം കൈയിലുള്ള കാര്യമല്ലെന്നും ടീം മാനേജ്മെന്റ് കൂടി ആസൂത്രണം ചെയ്യേണ്ടതാണെന്നും താരം ചൂണ്ടിക്കാട്ടി.
അതേസമയം, മഴമൂലം തടസപ്പെട്ട ആദ്യ ഏകദിനത്തിൽ രോഹിത് എട്ട് റൺസെടുത്തപ്പോൾ, കോലി പൂജ്യത്തിന് പുറത്തായത് ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തിയിരുന്നു. ഈ മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് തോൽക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. അതിനാൽ രണ്ടാം ഏകദിനം ഇന്ത്യയ്ക്ക് നിർണായകമാണ്.