ലോകകപ്പ്: ഇന്ത്യയോ, പാകിസ്താനോ? കോലിയുടെയും രോഹിത്തിന്റെയും കോച്ചുമാര്‍ പറയുന്നത്...
ദില്ലി: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഫൈനലിനേക്കാള്‍ കൂടുതല്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന പോരാട്ടമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരം. ജൂലൈ 24നു ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫൈനലിനേക്കാള്‍ വേഗത്തില്‍ ഈ മല്‍സരത്തില്‍ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിരുന്നു. ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഈ മല്‍സരത്തെക്കുറിച്ച് പല പ്രവചനങ്ങളും ഇതിനകം വന്നു കഴിഞ്ഞു.
ഇപ്പോഴിതാ മല്‍സരഫലം പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും പരിശീലകര്‍. രാജ്കുമാര്‍ ശര്‍മയായിരുന്നു കോലിയുടെ കോച്ചെങ്കില്‍ ദിനേഷ് ലാദാണ് രോഹിത്തിന്റെ കോച്ച്.

ഇന്ത്യ നേടുമെന്ന് ശര്‍മ
തങ്ങളുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാനായാല്‍ മല്‍സരത്തില്‍ ഇന്ത്യ തന്നെ ജയിക്കുമെന്ന് കോലിയുടെ കോച്ച് രാജ്കുമാര്‍ ശര്‍മ പറഞ്ഞു. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന മല്‍സരമായതിനാല്‍ തന്നെ സമ്മര്‍ദ്ദത്തിന് കീഴടങ്ങാതിരിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സമീപകാലത്തു മികച്ച പ്രകടനങ്ങളാണ് ഇന്ത്യ കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ക്രിക്കറ്റിനെ മതമായി തന്നെ കാണുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും. അതുകൊണ്ടു തന്നെ രണ്ടു ടീമുകളും ജയത്തിനു വേണ്ടി തന്നെ ശ്രമിക്കുമെന്നും ശര്‍മ വിശദമാക്കി.

കളിയാണ്, യുദ്ധമല്ലെന്ന് ലാദ്
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തെ മല്‍സരമായി തന്നെ കാണണമെന്നും ഒരു യുദ്ധത്തോട് ഇതിനെ താരതമ്യം ചെയ്യരുതെന്നും രോഹിത്തിന്റെ കോച്ച് ദിനേഷ് ലാദ് ആവശ്യപ്പെട്ടു. എല്ലാവരും ഇന്ത്യ- പാക് മല്‍സരത്തെ യുദ്ധത്തോടാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇതു വെറുമൊരു ക്രിക്കറ്റ് മല്‍സരം മാത്രമാണ്. ജയിക്കുന്നതും തോല്‍ക്കുന്നതും കളിയുടെ ഭാഗമാണ്.
എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്നത് മല്‍സരത്തില്‍ തങ്ങളുടെ ടീം ജയിക്കണമെന്നാണ്. ലോകകപ്പില്‍ മറ്റേത് ടീമിനോടു തോറ്റാലും പാകിസ്താനോട് പരാജയപ്പെടരുതെന്നും അവര്‍ ആഗ്രഹിക്കുന്നതായി ലാദ് പറഞ്ഞു.

ഇന്ത്യക്കു നൂറില്‍ നൂറ്
ലോകകപ്പില്‍ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യക്കു മാര്‍ക്ക് നൂറില്‍ നൂറാണ്. വിവിധ ലോകകപ്പുകളിലായി ഇതുവരെ ഏറ്റുമുട്ടിയപ്പോഴൊന്നും ഇന്ത്യയെ അടിയറവ് പറയിക്കാന്‍ പാക് പടയ്ക്കായിട്ടില്ല. ആറു തവണയാണ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തത്. ഇവയിലെല്ലാം ഇന്ത്യ വെന്നിക്കൊടി പാറിക്കുകയുംചെയ്തു. തോല്‍വികളുടെ ഈ പരമ്പരയ്ക്കു ഇംഗ്ലണ്ട് പാക് ടീം അറുതിയിടുമോയെന്നാണ് അറിയാനുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications