മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ നിര്‍ണ്ണായകമായ സമയത്ത് വേഗത്തില്‍ തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള താരമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ രോഹിത് അഞ്ച് തവണെയാണ് ടീമിനെ കിരീടത്തിലെത്തിച്ചത്. കോലിയെപ്പോലെ തന്നെ ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണ് അദ്ദേഹം. ഇപ്പോഴിതാ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി മികവിനെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.
'ഒരു ബൗളറെന്ന നിലയില്‍ ഞാന്‍ രോഹിതിനെ സമീപിച്ചപ്പോഴെല്ലാം പോസിറ്റീവായ ഉപദേശങ്ങളാണ് നല്‍കിയിരുന്നത്. ബൗളര്‍മാരുടെ മനസില്‍ തോന്നുന്നത് എന്താണോ അത് ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന ആളാണ് രോഹിത്. ബാറ്റ്‌സ്മാന്‍ ആരാണെന്നോ അവന്റെ കരുത്തുള്ള മേഖലയേതാണെന്നോ നോക്കാന്‍ രോഹിത് പറയാറില്ല. ഒരു ഫാസ്റ്റ് ബൗളര്‍ക്ക് അത് വല്ലാതെ ആത്മവിശ്വാസം നല്‍കുമെന്നാണ് കരുതുന്നത്'-ഷമി പറഞ്ഞു.

വിരാട് കോലി ഇന്ത്യന്‍ നായകനായി മൂന്ന് ഫോര്‍മാറ്റിലും തുടരുന്നതിനാല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ മാത്രമാണ് രോഹിതിന് അവസരം ലഭിക്കുന്നത്. അത്തരത്തില്‍ അവസരം ലഭിച്ചപ്പോഴെല്ലാം മികവ് കാട്ടാന്‍ രോഹിതിന് സാധിച്ചിരുന്നു. ഭാഗ്യത്തിന്റെ വലിയ പിന്തുണ ലഭിക്കുന്ന നായകനാണ് രോഹിത്. 2021 സീസണ്‍ പാതിവഴിയില്‍ മുടങ്ങിയതിനാല്‍ മുംബൈയുടെ ഹാട്രിക് കിരീട മോഹമാണ് പൊലിഞ്ഞത്. 2020ലും 2021ലും കിരീടം മുംബൈക്കായിരുന്നു.
രോഹിതും കോലിയും തമ്മിലുള്ള പ്രധാന വ്യത്യാസവും രോഹിത് ചൂണ്ടിക്കാട്ടി. 'രോഹിത് വ്യത്യസ്തനായ സ്വഭാവക്കാരനാണ്. ശാന്തനാണ്. ബാറ്റ് ചെയ്യുമ്പോള്‍ വരെ ഈ ശാന്തത രോഹിതിനുണ്ട്. ഫാസ്റ്റ് ബൗളര്‍മാര്‍ എന്നും അഗ്രസീവാണ്. അത് യുവ ബൗളര്‍മാരും സീനിയര്‍ ബൗളര്‍മാരും ഒരുപോലെയാണ്. ഞങ്ങള്‍ ശരിക്കും പിന്തുടരുന്നത് കോലിയുടെ ആക്രമണോത്സുകതയാണ്. ചില സമയങ്ങളില്‍ കോലിയുടെ വിക്കറ്റാഘോഷത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വൈറലാകാറുണ്ട്. ഞാന്‍ തമാശക്ക് കോലിയോട് ചോദിക്കാറുണ്ട് ഈ വിക്കറ്റ് വീഴ്ത്തിയത് ഞാനാനോ അതോ നീയാണോയെന്ന്'-ഷമി പറഞ്ഞു.
കളത്തില്‍ രസകരമായ സംഭവങ്ങളും വേണം. വിരാട് അഗ്രസീവാണെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. എന്നാല്‍ ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ കൊണ്ടുപോകാന്‍ അവന് സാധിക്കുന്നുണ്ട്. ഫീല്‍ഡിങ്ങില്‍ മാത്രമല്ല ബാറ്റിങ്ങിലും കോലി ആക്രമണോത്സുകതയുള്ള താരമാണെന്നും കോലിയെ നായകനായിട്ടല്ല അടുത്ത സുഹൃത്തിനെപ്പോലെയാണ് തോന്നിയിട്ടുള്ളതെന്നും ഷമി കൂട്ടിച്ചേര്‍ത്തു.