
റുതുരാജ് വേറെ ലെവല്‍
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റണ്വേട്ടക്കാനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്സ് ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് മഹാരാഷ്ട്രയുടെ ജഴ്സിയിലും റണ്‍സ് വാരിക്കൂട്ടി. വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്രയുടെ നായകന് കൂടിയായിരുന്നു അദ്ദേഹം. ഓപ്പണറായി കളിച്ച റുതുരാജ് അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറികളടക്കം 603 റണ്‍സ് അടിച്ചെടുത്തു. 150.75 എന്ന അതിശയിപ്പിക്കുന്ന ശരാശരിയിലാണ് താരം ഇത്രയും റണ്‍സ് നേടിയത്. കൂടുതല്‍ ബൗണ്ടറികളടിച്ചതും റുതുരാജ് തന്നെയാണ് (51 ബൗണ്ടറി). ഉയര്‍ന്ന സ്കോര്‍ 168 റണ്‍സാണ്.
റണ്‍വേട്ടയില്‍ രണ്ടാമതുള്ള താരം റുതുരാജിന്റെ ഏഴയലത്തു പോലുമില്ല. ചണ്ഡീഗഡ് നായകന് മനന്‍ വോറയാണ് 379 റണ്‍സോടെ രണ്ടാമത്. രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും അദ്ദേഹം നേടി. ആന്ധ്രാപ്രദേശിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെഎസ് ഊരതിനാണ് മൂന്നാംസ്ഥാനം. രണ്ടു സെഞ്ച്വറികളടക്കം 370 റണ്‍സാണ് ഭരതിന്റെ സമ്പാദ്യം. മധ്യപ്രദേശിന്റെ വെങ്കടേഷ് അയ്യര്‍ 349 റണ്‍സ് (രണ്ടു സെഞ്ച്വറി, ഒരു ഫിഫ്റ്റി), മധ്യപ്രദേശിന്റെ തന്നെ ശുഭം ശര്‍മ 335 റണ്‍സ് (1 സെഞ്ച്വറി, 3 ഫിഫ്റ്റി) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

ചാഹല്‍ തലപ്പത്ത്
ബൗളിങില്‍ മല്‍സരം ഇഞ്ചോടിഞ്ചാണ്. വ്യക്കമായ മുന്‍തൂക്കം ആര്‍ക്കും തന്നെ ഇല്ലെന്നു പറയാം. ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് 14 വിക്കറ്റുകളുമായി ഒന്നാമത്. ഹരിയാനയ്ക്കു വേണ്ടി 4.35 എന്ന ഉജ്ജ്വല ശരാശരിയിലാണ് അദ്ദേഹം 14 പേരെ പുറത്താക്കിയത്. 42 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് ചാഹലിന്റെ മികച്ച പ്രകടനം.
ഇത്ര തന്നെ വിക്കറ്റുകളുമായി വിദര്‍ഭയുടെ യാഷ് ടാക്കൂര്‍ തൊട്ടുതാഴെയുണ്ട്. 61.5 ആണ് താരത്തിന്റെ ശരാശരി. രാജസ്ഥാന്റെ അനികേത് ചൗധരിയാണ് മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 13 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ഗുജറാത്തിന്റെ ചിന്തന്‍ ഗജ 13 വിക്കറ്റുകള്‍ തന്നെ വീഴ്ത്തി നാലാമതുണ്ട്. ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് 12 വിക്കറ്റുകളോടെ അഞ്ചാംസ്ഥാനത്ത്. തമിഴ്നാടിനു വേണ്ടിയാണ് താരം കളിച്ചത്.

സിക്സറില്‍ വെങ്കടേഷ്
വിജയ് ഹസാരെ ട്രോഫിയുടെ ലീഗ് ഘട്ടത്തിലെ സിക്സര്‍ വീരന് അടുത്തിടെ ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറിയ മധ്യപ്രദേശ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 20 സിക്സറുകളാണ് താരം പറത്തിയത്.
സിക്സര്‍ വേട്ടയില്‍ തൊട്ടുപിന്നില്‍ മഹാരാഷ്ട്ര ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദുണ്ട്. 19 സിക്സറുകളോടെ വെങ്കടേഷിന് തൊട്ട് താഴെ നില്‍ക്കുകയാണ് അദ്ദേഹം. കൂടുതല്‍ സിക്സറുകളടിച്ച മൂന്നാമത്തെയാള്‍ ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ആന്ധ്രാ പ്രദേശ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെഎസ് ഭരതാണ്. 15 സിക്സറുകളാണ് അദ്ദേഹം നേടിയത്. 10 സിക്സറുകളോടെ പഞ്ചാബിന്റെ അഭിഷേക് ശര്‍മ നാലാംസ്ഥാനത്തു നില്ക്കുന്നു. ഈ നാലു പേരെ മാറ്റിനിര്‍ത്തിയാല്‍ മറ്റാര്‍ക്കും തന്നെ സിക്സറില്‍ രണ്ടക്കം കടക്കാനായിട്ടില്ല. രണ്ടു താരങ്ങള്‍ ഒമ്പത് സിക്സറുകള്‍ വീതം നേടിയിട്ടുണ്ട്. വിദര്‍ഭയുടെ അഥര്‍വ്വ ടെയ്ഡെയും കര്‍ണാടകയുടെ മനീഷ് പാണ്ഡെയുമാണ് ഇവര്‍.