മുംബൈ: ഇത്തവണ രഞ്ജി ട്രോഫി നടത്തേണ്ട തീരുമാനം ഔദ്യോഗികമായി കഴിഞ്ഞ ദിവസമാണ് ബിസിസിഐ പുറത്തുവിട്ടത്. കോവിഡിന്റെ പശ്ചാത്തലവും ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന പരമ്പരകളുടെ എണ്ണവും വിലയിരുത്തിയാണ് ബിസിസി ഐ ഇത്തരമൊരു തീരുമാനം എടുത്തത്. നേരത്തെ കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയാണ് ബിസിസിഐ ആദ്യം നടത്തിയത്. ഇപ്പോഴിതാ രഞ്ജി ട്രോഫി ഒഴിവാക്കിയതോടെ 50 ഓവര്‍ ഫോര്‍മാറ്റില്‍ വിജയ് ഹസാരെ ട്രോഫി നടത്തുമെന്നാണ് ബിസിസി ഐ അറിയിച്ചിരിക്കുന്നത്.
വിജയ് ഹസാരെ ട്രോഫി പ്രഖ്യാപനം എത്തിയതോടെ ടൂര്‍ണമെന്റിനായുള്ള മുന്നൊരുക്കം ക്രിക്കറ്റ് അസോസിയേഷനുകള്‍ ആരംഭിച്ച് കഴിഞ്ഞു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) 100 താരങ്ങളടങ്ങുന്ന ക്യാംപാണ് വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായി നടത്തുന്നത്. ഇതില്‍ നിന്നാവും ടീം തിരഞ്ഞെടുപ്പ് നടക്കുക. ശ്രേയസ് അയ്യര്‍,സൂര്യകുമാര്‍ യാദവ്,പൃത്ഥ്വി ഷാ,അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍,ശിവം ദുബെ,ആദിത്യ താരെ,സര്‍ഫറാസ് ഖാന്‍,യശ്വസി ജയ്‌സ്വാള്‍,ധവാല്‍ കുല്‍ക്കര്‍ണി എന്നിവരെല്ലാം ക്യാംപില്‍ പങ്കെടുക്കുന്നുണ്ട്.

എംസിഎ തിരഞ്ഞെടുത്ത താരങ്ങളോട് ഇന്ന് രാവിലെ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവിശ്യപ്പെട്ടിട്ടുണ്ടെന്ന് എംസിഎ സെക്രട്ടറി സഞ്ജയ് നായ്കും സെക്രട്ടറി ഷഹാലം ഷെയ്ഖും പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസരം ലഭിക്കുന്നതിനായി തങ്ങളുടെ കരുത്ത് കാട്ടാനുള്ള സുവര്‍ണ്ണാവസരമാണ് യുവതാരങ്ങള്‍ക്ക് മുന്നിലുള്ളത്. മുംബൈയില്‍ നിന്ന് അന്താരാഷ്ട്ര തലത്തിലേക്ക് നിരവധി താരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഫെബ്രുവരി 18ന് ഐപിഎല്‍ താരലേലം ചെന്നൈയില്‍ നടക്കുന്നുണ്ട്. ഏപ്രില്‍ 11ന് ഐപിഎല്‍ ആരംഭിക്കുമെന്നാണ് നിലവിലെ വിവരം. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ഫെബ്രുവരി അഞ്ചിന് ആരംഭിച്ച് മാര്‍ച്ച് വരെ നീണ്ടു നില്‍ക്കുന്നുണ്ട്. അതിനിടെ വനിതാ ടീമിന്റെ ഏകദിന പരമ്പരയും അണ്ടര്‍ 19 ടീമിന്റെ പരമ്പരയും ബിസിസി ഐ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ ഒക്ടോബറില്‍ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കും. ഇതിനിടയിലൂടെയാവും വിജയ് ഹസാരെ ട്രോഫി നടക്കുക.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്ക് കാര്യമായ നേട്ടം സ്വന്തമാക്കാനായില്ല. സെമിയില്‍ പോലും കടക്കാനാവാതെ ടീം മടങ്ങി. പല സൂപ്പര്‍ താരങ്ങളും ഇല്ലാതെയാണ് മുംബൈ ഇറങ്ങിയത്. അതിനാല്‍ത്തന്നെ വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവും ശക്തമായ നിരയെത്തന്നെയാവും മുംബൈ കളത്തിലിറക്കുക. ശ്രേയസ് അയ്യര്‍ തന്നെ ടീമിനെ നയിക്കാനാവും സാധ്യത. ക്യാംപിന് ശേഷം അന്തിമ ടീമിനെ മുംബൈ പ്രഖ്യാപിക്കും. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ സീനിയര്‍ ടീമിലേക്കുള്ള അരങ്ങേറ്റം നടത്തിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിലും അര്‍ജുന് അവസരം ലഭിച്ചേക്കും.