മുംബൈ: ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും. ഇരുവരും രണ്ട് കാലഘട്ടങ്ങളിലായി ക്രിക്കറ്റ് ലോകത്തെ അടക്കി ഭരിക്കുന്നവരാണ്. ലോക ജനതയെ ക്രിക്കറ്റിനോട് അടുപ്പിക്കുന്നതില്‍ സച്ചിന്‍ വഹിച്ച പങ്ക് ചെറുതല്ല. ആധുനിക ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകനായിരുന്നാണ് കോലി ചരിത്ര നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നത്. ഇരുവരില്‍ ആരാണ് കേമനെന്നത് എളുപ്പത്തില്‍ പറയാവുന്ന കാര്യമല്ല. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്.
'സത്യസന്ധമായി പറഞ്ഞാല്‍ ഇരുവരും പ്രതിഭാശാലികളായ വ്യക്തികളാണ്.ഒരു വശത്ത് സച്ചിന്‍ ശാന്തശീലനാണ്. വിരാട് അല്‍പ്പം ആക്രമണോത്സുകതയുള്ള താരമാണ്. എന്നാല്‍ അത് കോലിയുടെ പൊതുവായസ്വഭാമല്ല. അത് കളത്തില്‍ മാത്രമാണ് ഈ സ്വഭാവം ഉള്ളത്. ഓരോ മത്സരത്തിലും വിജയിക്കാനും മികച്ച പ്രകടനം നടത്താനും അവന്‍ ആഗ്രഹിക്കുന്നു'-പ്രസാദ് പറഞ്ഞു.

സച്ചിന്‍ എല്ലാ മത്സരത്തിലും തിളങ്ങാന്‍ ആഗ്രഹിക്കുന്നു. സച്ചിന്‍ ഒരുപാട് വികാരാധീതനാവുന്നത് ആരും അധികം കണ്ടിട്ടുണ്ടാവില്ല. സെഞ്ച്വറി നേടിയാലും പൂജ്യത്തിന് പുറത്തായാലും സച്ചിന്‍ അധികം ആഹ്ലാദിക്കാറില്ല. വലിയ ഷോട്ടുകള്‍ കളിച്ചാലും സച്ചിന്‍ ആഹ്ലാദിക്കാറില്ല. എന്നാല്‍ വിരാട് തുറന്ന് കാട്ടാന്‍ ആഗ്രഹിക്കുന്ന പ്രകൃതക്കാരനാണെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.
സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം 1990 മുതല്‍ 2000വരെ കളിക്കാന്‍ പ്രസാദിന് സാധിച്ചിട്ടുണ്ട്. വലിയ സുഹൃത് ബന്ധം കാത്ത് സൂക്ഷിച്ചവരാണ് ഇരുവരും. ഇപ്പോഴിതാ സച്ചിനുമായുള്ള ഒരനുഭവവും പ്രസാദ് തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ഒരു തവണ ഷാര്‍ജയില്‍ പാകിസ്താനുമായി ഏറ്റുമുട്ടുമ്പോള്‍ ന്യൂബോളില്‍ വസിം അക്രത്തിന്റെ പന്ത് സച്ചിന്റെ ഹെല്‍മറ്റില്‍ പതിച്ചു. വളരെ വേഗതയുള്ള പന്തായിരുന്നു. 145ന് മുകളില്‍ വേഗതയുള്ള പന്തായിരുന്നു ഇത്.
സച്ചിന്‍ ലെഗ് അംപയറുടെ അടുത്തെത്തി തല കുലുക്കി. ഹെല്‍മറ്റ് അഴിച്ചില്ല. അത്ര മാത്രമാണ് ചെയ്തത്. വീണ്ടും ക്രീസില്‍ തിരിച്ചെത്തിയ സച്ചിന് എതിരേ വീണ്ടും പന്തെറിയാന്‍ അക്രമെത്തി. സച്ചിന്റെ തല ലക്ഷ്യമാക്കി അതേ ലെങ്തില്‍ ബൗണ്‍സറാണ് അക്രം എറിഞ്ഞത്. എന്നാല്‍ സച്ചിനത് സിക്‌സര്‍ പറത്തി. എന്നിട്ടും യാതൊരു ആഹ്ലാദമോ പ്രതികരണമോ സച്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
കോലി മറ്റൊരു സ്വഭാവക്കാരനാണ്. കോലി സിക്‌സ് നേടിയാല്‍ ബൗളര്‍ക്കെതിരേ മുഷ്ടി ചുരുട്ടുകയും ബൗളറെ തുറിച്ച് നോക്കുകയും ചെയ്യും. രണ്ട് പേരും രണ്ട് സ്വഭാവമുള്ള രണ്ട് പ്രതിഭാശാലികളായ താരങ്ങളാണ്. രണ്ട് പേരും ക്രിക്കറ്റിന്റെ അഭിവാജ്യ ഘടകങ്ങളാണെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.