
നാടകീയ വിജയം, ഫൈനലില്‍
ബംഗ്ലാദേശിനെതിരേ നാടകീയ വിജയമാണ് യുവ ഇന്ത്യ സ്വന്തമാക്കിയത്. ത്രില്ലറായി മാറിയ മല്‍സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു യുവ ഇന്ത്യയുടെ വിജയം. വിജയത്തോടെ ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പിന്റെ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. നാളെ നടക്കുന്ന അഫ്ഗാനിസ്താന്‍ ശ്രീലങ്ക രണ്ടാം സെമിഫൈനലിലെ വിജയികളെയാണ് ഒക്ടോബര്‍ ഏഴിന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യ നേരിടുക.

യുവ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്
ഒരുഘട്ടത്തില്‍ തോല്‍വിക്കരികിലെത്തിയ ഇന്ത്യ ഗംഭീര തിരിച്ചുവരവാണ് ആതിഥേയര്‍ കൂടിയായ ബംഗ്ലാദേശിനെതിരേ നടത്തിയത്. തുടര്‍ച്ചയായി വിക്കറ്റുകള്‍ പിഴുത് യുവ ഇന്ത്യ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. സമനില റണ്‍സിനായി ഓടിയ ബംഗ്ലാദേശിന്റെ മിന്‍ഹാസുര്‍ റഹ്മാനെ റണ്ണൗട്ടാക്കിയാണ് ഇന്ത്യ രണ്ട് റണ്‍സിന്റെ ആവേശജയം സ്വന്തമാക്കിയത്.

ഇന്ത്യ നല്‍കിയത് 173 റണ്‍സ് വിജയലക്ഷ്യം
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.3 ഓവറില്‍ 172 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. യാഷാസ്‌വി ജൈസ്വാള്‍ (37), സമീര്‍ ചൗധരി (36), അനുജ് റാവത്ത് (35) എന്നിവരാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ബംഗ്ലാദേശിനായി ഷോറിഫുല്‍ ഇസ്ലാം മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി.
മറുപടിയില്‍ ബംഗ്ലാദേശിനെ 46.2 ഓവറില്‍ 170 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു. ഷമിം ഹുസെയ്ന്‍ (59), അക്ബര്‍ അലി (45) എന്നിവരാണ് ബംഗ്ലാ നിരയില്‍ പൊരുതി നോക്കിയത്. ഇന്ത്യക്കു വേണ്ടി മോഹിത് ജാന്‍ഗ്രായും സിദ്ദാര്‍ഥ് ദെശായിയും മൂന്ന് വിക്കറ്റ് വീതവും ഹര്‍ഷ് ത്യാഗി രണ്ടും വിക്കറ്റും വീഴ്ത്തി ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചു. ഷമിം ഹുസെയ്‌നെ പുറത്താക്കി അജയ് ഗന്‍ഗാപുരവും മല്‍സരത്തില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.


Click it and Unblock the Notifications











