
കമലേഷ് നാഗര്‍കോട്ടി
ഇപ്പോള്‍ നടക്കുന്ന ലോകകപ്പില്‍ തന്റെ ബൗളിങ് വേഗത കൊണ്ടും വിക്കറ്റ് ്‌നേട്ടം കൊണ്ടു ശ്രദ്ധിക്കപ്പെട്ട കമലേഷ് നാഗര്‍കോട്ടിയെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഐപിഎല്ലില്‍ സ്വന്തമാക്കിയത്. 3.2 കോടി രൂപയാണ് താരത്തിനായി കൊല്‍ക്കത്തയ്ക്കു ചെലവഴിക്കേണ്ടിവന്നത്.
140 കിമി വേഗതയില്‍ സ്ഥിരമായി പന്തെറിയാനുള്ള മിടുക്കുള്ള താരമാണ് കമലേഷ്. ലോകകപ്പില്‍ ഇതുവരെ നാലു കളികളില്‍ നിന്നും പേസര്‍ ഏഴു വിക്കറ്റ് നേടിക്കഴിഞ്ഞു.

ശുഭ്മാന്‍ ഗില്‍
ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മാന്‍ ഗില്‍ തന്റെ ബാറ്റിങ് മികവ് കൊണ്ട് ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കമലേഷിനെ കൂടാതെ ശുഭ്മാനും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയാണ് കളിക്കുക. ലേലത്തില്‍ 1.8 കോടി രൂപയാണ് താരത്തിനായി കൊല്‍ക്കത്ത ചെലവിട്ടത്.
നിലവില്‍ അണ്ടര്‍ 19 ലോകകപ്പില്‍ 239 റണ്‍സുമായി ഇന്ത്യയുടെ ടോപ്‌സ്‌കോററാണ് യുവതാരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പഞ്ചാബിനു വേണ്ടിയും ശുഭ്മാന്‍ തിളങ്ങിയിട്ടുണ്ട്.

പൃഥ്വി ഷാ
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ നായകനായ പൃഥ്വി ഷായെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറോടാണ് പലരും ഉപമിക്കുന്നത്. സച്ചിന്റെ പിന്‍ഗാമിയാവാന്‍ തനിക്കാവുമെന്ന് ചെറുപ്രായത്തില്‍ തന്നെ തെളിയിക്കാന്‍ പൃഥ്വിക്കായിരുന്നു. 1.2 കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് താരത്തെ ഇത്തവണ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്.
ഇപ്പോള്‍ നടക്കുന്ന ലോകകപ്പില്‍ 191 റണ്‍സ് പൃഥ്വി ഇതുവരെ നേടിക്കഴിഞ്ഞു. ടീമിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കൂടിയാണ് താരം.

ശിവം മാവി
ഡല്‍ഹി പേസറും അണ്ടര്‍ 19 ലോകകകപ്പ് ടീമിലെ അംഗവുമായ ശിവം മാവിയെയും ഐപിഎല്ലില്‍ സ്വന്തമാക്കിയത് കൊല്‍ക്കത്ത നൈറ്റ്‌േൈറഴ്‌സാണ്. മൂന്നു കോടി രൂപയാണ് യുവതാരത്തിനായി ഡല്‍ഹിക്കു വാരിയെറിയേണ്ടി വന്നത്.
സീനിയര്‍ ടീമിലെ പ്രമുഖ പേസര്‍ ഭുവനേശ്വര്‍ കുമാറിനു ശേഷം ഉത്തര്‍പ്രദേശില്‍ നിന്നുള്ള അടുത്ത പേസ് സെന്‍സേഷനെന്നാണ് ശിവം വിലയിരുത്തപ്പെടുന്നത്. അണ്ടര്‍ 19 ലോകകപ്പില്‍ 4.09 ശരാശരിയില്‍ എട്ടു വിക്കറ്റുകള്‍ ശിവം നേടിക്കഴിഞ്ഞു.

അനുകുല്‍ റോയ്
ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സ്പിന്‍ സെന്‍സേഷനായി മാറിയിരിക്കുകയാണ് അണ്ടര്‍ 19 ടീമിന്റെ തുറുപ്പുചീട്ടായ അനുകുല്‍ റോയ്. 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് താരത്തെ ലേലത്തില്‍ സ്വന്തമാക്കിയത്.
ലോകകപ്പില്‍ അവിസ്മരണീയ പ്രകടനമാണ് അനുകുല്‍ ഇന്ത്യക്കു വേണ്ടി കാഴ്ചവയ്ക്കുന്നത്. നാലു കളികളില്‍ നിന്നും 11 വിക്കറ്റുകള്‍ ഇതിനകം താരം പിഴുതുകഴിഞ്ഞു. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ നാട്ടുകാരന്‍ കൂടിയാണ് അനുകുല്‍.


Click it and Unblock the Notifications