സച്ചിന്‍ ഇനി അധികകാലം തലപ്പത്തുണ്ടാവില്ല!! കോലി തകര്‍ക്കും എല്ലാം... ഈ റെക്കോര്‍ഡുകള്‍ ഭീഷണിയില്‍

മുംബൈ: ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ നിരയിലേക്ക് അതിവേഗം വളരുകയാണ് ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി. കരിയറിലെ സുവര്‍ണകാലത്തിലൂടെ കടന്നുപോവുന്ന അദ്ദേഹം പല റെക്കോര്‍ഡുകളും ഇതിനകം തകര്‍ത്തുകഴിഞ്ഞു. അടുത്തിടെ ഏകദിനത്തില്‍ ഏറ്റവും കുറച്ച് മല്‍സരങ്ങളില്‍ നിന്നും 10,000 റണ്‍സ് തികച്ച താരമെന്ന ലോക റെക്കോര്‍ഡിന് കോലി അര്‍ഹനായിരുന്നു. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് കോലി പഴങ്കഥയാക്കിയത്.
ഇതേ ഫോമില്‍ കുറച്ചു കാലം കൂടി കളിക്കാനായാല്‍ സച്ചിന്‍ കൈയടക്കി വച്ചിരുന്ന ചില ലോകറെക്കോര്‍ഡുകള്‍ കൂടി തകര്‍ക്കപ്പെടുമെന്നുറപ്പാണ്. ഏതൊക്കെയാണ് ഈ റെക്കോര്‍ഡുകള്‍ എന്നു പരിശോധിക്കാം.

ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമ്പോള്‍ 49 സെഞ്ച്വറികളായിരുന്നു സച്ചിന്റെ പേരിലുണ്ടായിരുന്നത്. ഈ ലോക റെക്കോര്‍ഡിനെ പിന്നീട് ആര്‍ക്കും വെല്ലുവിളിക്കാനായിട്ടില്ല. 30 സെഞ്ച്വറികള്‍ നേടിയ ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം റിക്കി പോണ്ടിണ് കുറച്ചുകാലം രണ്ടാംസ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ കോലി ഈ റെക്കോര്‍ഡിന് ഇപ്പോള്‍ ഭീഷണിയായിരിക്കുകയാണ്.
29 കാരനായ കോലി 205 ഇന്നിങ്‌സുകളില്‍ നിന്നും 37 സെഞ്ച്വറികള്‍ ഇതിനകം അടിച്ചുകൂട്ടിക്കഴിഞ്ഞു. സച്ചിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്താന്‍ അദ്ദേഹത്തിന് ഇനി 12 സെഞ്ച്വറികള്‍ മാത്രം മതി.
ചുരുങ്ങിയത് ആറു വര്‍ഷം കൂടിയെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കരിയര്‍ ശേഷിക്കുന്ന കോലിക്ക് സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയുമെന്ന് തന്നെയാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ്
സെഞ്ച്വറികളുടെ എണ്ണം മാത്രമല്ല ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന സച്ചിന്റെ റെക്കോര്‍ഡും കോലിക്കു മുന്നില്‍ വഴിമാറാനിടയുണ്ട്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ബാറ്റ്‌സ്മാന്‍ കോലിയാണ്. റിസ്‌ക്കുള്ള ഷോട്ടുകള്‍ കളിക്കാതെ സിംഗിളുകളും ഡബിളുകളുമെല്ലാമെടുത്ത് എതിര്‍ ബൗളര്‍മാര്‍ക്ക് ഒരു പഴുതും നല്‍കാതെയാണ് അദ്ദേഹത്തിന്റെ കുതിപ്പ്.
ഇതിനകം ഏകദിനത്തില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ കോലി അംഗമായിക്കഴിഞ്ഞു. 205 ഇമന്നിങ്‌സുകളിലായിരുന്നു താരത്തിന്റെ നേട്ടം. ഇതേ ഫോം തുടരാനായാല്‍ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സെന്ന സച്ചിന്റെ (18, 426 റണ്‍സ്) ലോക റെക്കോര്‍ഡും കോലി തിരുത്തിയെഴുതിയേക്കും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറികള്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡ് സച്ചിന് മാത്രം അവകാശപ്പെട്ടതാണ്. ഏകദിനത്തില്‍ 49ഉം ടെസ്റ്റില്‍ 52ഉം സെഞ്ച്വറികളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. സച്ചിന്റെ ഈ നേട്ടത്തെയും കോലി മറികടന്നാല്‍ അദ്ഭുതപ്പെടേണ്ടതില്ല. 24 വര്‍ഷത്തോളം ലോക ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയാണ് സച്ചിന്‍ ഈ അപൂര്‍വ്വനേട്ടത്തിന് ഉടമയായത്.
നിലവില്‍ 61 സെഞ്ച്വറികള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ പേരിലുണ്ട്. ഇപ്പോഴത്തെ ഫോമില്‍ തുടരാനായാല്‍ സെഞ്ച്വറികളില്‍ സെഞ്ച്വറിയെന്ന നേട്ടത്തില്‍ കോലിയും എത്താനാണ് സാധ്യത. 9000 റണ്‍സില്‍ നിന്നും 10,000 റണ്‍സിലേക്ക് താരം കുതിച്ചെത്തിയത് വെറും 11 ഇന്നിങ്‌സുകളില്‍ നിന്നാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications