കൊളംബോ: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ബംഗ്ലാദേശിനെ 5 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 32.4 ഓവറില്‍ 106 റണ്‍സെടുത്തപ്പോള്‍ 33 ഓവറില്‍ 101 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലാദേശ് എല്ലാവരും പുറത്തായി. ബാറ്റ്സ്മാന്മാര്ക്ക് ആനുകൂല്യമൊന്നും ലഭിക്കാത്ത പിച്ചില്‍ ഇരു ടീമുകളിലെയും ബൗളര്‍മാര്‍ തിളങ്ങി. ഇന്ത്യയ്ക്കുവേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ അഥര്‍വ അങ്കോല്‍ക്കര്‍ ആണ് മികച്ചുനിന്നത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയെങ്കിലും തുടക്കംമുതല്‍ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ വമ്പന്‍ തകര്‍ച്ചയില്‍നിന്നും കരകയറ്റിയത് മധ്യനിരയാണ്. ധ്രുവ് ജുറല്‍(33), ഷശ്വന്ത് റാവത്(19), കരണ്‍ലാല്‍(37) എന്നിവര്‍ക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളു. ഇന്ത്യയുടെ മൂന്ന് കളിക്കാര്‍ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. ബംഗ്ലാദേശിനായി ഷമിം ഹൊസൈന്‍, മൃത്യുഞ്ജയ് ചൗധരി എന്നിവര്‍ മൂന്നുവിക്കറ്റുവീതം വീഴ്ത്തി.
രോഹിതുണ്ടെങ്കില്‍ അസാധ്യമെന്ന് തോന്നുന്ന വിജയലക്ഷ്യവും മറികടക്കാനാവും; സഞ്ജയ് ബംഗാര്‍
കുറഞ്ഞ സ്കോറില്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിനും പിടിച്ചുനില്‍ക്കാനായില്ല. മുന്‍നിര അപ്പാടെ തകര്‍ന്നതോടെ ബംഗ്ലാദേശിന് തിരിച്ചുവരവ് ദുഷ്കരമായി. അക്ബര്‍ അലി(23), മൃത്യുഞ്ജയ് ചൗധരി(21), തന്‍സിം ഹസന്(12), റക്കിബുള്‍ ഹസന്(11) എന്നിവരാണ് കാര്യമായി സംഭാവന ചെയ്തവര്‍. ഇന്ത്യയ്ക്കുവേണ്ടി അഞ്ചു വിക്കറ്റ് വീഴ്ത്തിയ അഥര്‍വിനെ കൂടാതെ ആകാശ് സിങ്, വിദ്യാഥര് പാട്ടീല്‍ എന്നിവര്‍ മൂന്നുവിക്കറ്റുവീതം വീഴ്ത്തി.