
ഹരാരെ: ത്രിരാഷ്ട്ര ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താന് ജയം. പരമ്പരയിലെ നാലാം മല്‍സരത്തില്‍ ആതിഥേയരായ സിംബാബ്‌വെയെയാണ് പാകിസ്താന്‍ പരാജയപ്പെടുത്തിയത്. ഏഴു വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ സിംബാബ്‌വെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു.
ഇതോടെ ഫൈനലില്‍ പാകിസ്താന്‍ ഓസ്‌ട്രേലിയയെ നേരിടും. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായാണ് പാകിസ്താന്‍ ഫൈനലിലെത്തിയത്. കളിച്ച രണ്ട് മല്‍സരങ്ങൡും ഓസ്‌ട്രേലിയ വെന്നിക്കൊടി നാട്ടിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഓപണര്‍ സോളമന്‍ മിറെയുടെ (94) മികവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുുത്തി 162 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ നേടി. 63 പന്തില്‍ ആറ് വീതം സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് മിറെയുടെ ഇന്നിങ്‌സ്.
മറുപടിയില്‍ പാക് ബാറ്റിങ് നിര ഒത്തുപ്പിടിച്ചപ്പോള്‍ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയായിരുന്നു. പാകിസ്താനു വേണ്ടി ഫക്ഹര്‍ സമാന്‍ (47), ഹുസെയ്ന്‍ ടലാറ്റ് (44), ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ് മദ് (38*), ശുഐബ് മാലിക്ക് (12*) എന്നിവര്‍ തിളങ്ങി. 38 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചാണ് സമാന്‍ പാകിസ്താന്റെ ടോപ്‌സ്‌കോററായത്.