ഗയാന: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. കരുത്തരായ ഓസ്‌ട്രേലിയയെ 47 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക തോല്‍പിച്ചത്. ജയിക്കാന്‍ 190 റണ്‍സ് മാത്രം മതിയായിരുന്ന ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് നിരയുടെ പരാജയമാണ് വിനയായത്. 34.2 ഓവറില്‍ വെറും 142 റണ്‍സിനാണ് ഓസ്‌ട്രേലിയ ഓളൗട്ടായത്. 62 റണ്‍സടിച്ച ദക്ഷിണാഫ്രിക്കന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ബെഹര്‍ദീനാണ് മാന്‍ ഓഫ് ദ മാച്ച്. ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ വിജയമാണിത്.
താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 72 റണ്‍സെടുത്ത ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് മാത്രമാണ് ചെറുത്തുനിന്നത്. 103 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും സഹിതമാണ് ഫിഞ്ച് 72 റണ്‍സടിച്ചത്. പത്താമനായി ക്രീസിലെത്തി 30 റണ്‍സെടുത്ത ലിയോണാണ് ഓസീസിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. എട്ട് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാദ മൂന്നും, പാര്‍ണല്‍, താഹിര്‍, ഫംഗീസോ എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 50 ഓവറില്‍ 9 വിക്കറ്റിന് 189 റണ്‍സാണ് അവര്‍ അടിച്ചത്. ഹാഷിം അംല 35, ക്വിന്റന്‍ ഡി കോക് 18 എന്നിവര്‍ ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും മധ്യനിര തകര്‍ന്നത് അവര്‍ക്ക് വിനയായി. ബെഹര്‍ദീന്റെ ഒറ്റയാള്‍ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ പൊരുതാനുള്ള സ്‌കോറില്‍ എത്തിച്ചത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഹേസല്‍വുഡ്, കൊര്‍ട്ടര്‍നീല്‍, മാക്‌സ്‌വെല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.