മെല്‍ബണ്‍: ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ പരമ്പരയില്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറിയോടെ തുടക്കം. എന്നാല്‍ രോഹിത് ശര്‍മയും സുരേഷ് റെയ്‌നയും മാത്രമേ തിളങ്ങിയുള്ളൂ. ഓപ്പണര്‍ ശിഖര്‍ ധവാന്‍, സൂപ്പര്‍ സ്റ്റാര്‍ കോലി, അജിന്‍ക്യ രഹാനെ, ധോണി, പട്ടേല്‍ എന്നിങ്ങനെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാവരും പിടിച്ചുനില്‍ക്കാനും സ്‌കോര്‍ ചെയ്യാനുമാകാതെ പരാജയപ്പെട്ടു.
ത്രിരാഷ്ട്ര കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് വെച്ചുനീട്ടിയ വിജയലക്ഷ്യം 268 റണ്‍സിന്റേത്. ഓപ്പണര്‍ രോഹിത് ശര്‍മയുടെ മികവിലാണ് താരതമ്യേന മികച്ച സ്‌കോറുയര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത്. ഓസ്‌ട്രേലിയയുടെ മികച്ച ബൗളിംഗിനെയും ഫീല്‍ഡിംഗിനെയും അതിജീവിച്ചാണ് രോഹിത് 138 റണ്‍സടിച്ചത്. 139 പന്തില്‍ രോഹിത് 9 ഫോറും 4 സിക്‌സും പറത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം കിട്ടിയില്ല. ഒന്നാമത്തെ ഓവറിന്റെ അഞ്ചാമത്തെ പന്തില്‍ ശിഖര്‍ ധവാന്‍ ഔട്ട്. വണ്‍ ഡൗണായെത്തിയ രഹാനെ 12 റണ്‍സെടുത്ത് കന്നിക്കാരന്‍ സന്ധുവിന് വിക്കറ്റ് നല്‍കി. 9 റണ്‍സെടുത്ത് കോലി പോയതോടെ ഇന്ത്യ 3 ന് 59 എന്ന നിലയില്‍ പരുങ്ങി. നാലാം വിക്കറ്റില്‍ 126 റണ്‍സ് ചേര്‍ത്ത രോഹിത് - റെയ്‌ന കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷിച്ചത്.
51 റണ്‍സെടുത്ത റെയ്‌നയ്ക്ക് പിന്നാലെ 19 റണ്‍സുമായി ക്യാപ്റ്റന്‍ ധോണി കൂടി മടങ്ങിയതോടെ ഇന്ത്യയുടെ പണി വീണ്ടും പാളി. പട്ടേല്‍, ഭുവനേശ്വര്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. 14 റണ്‍സുമായി അശ്വിനും 2 റണ്‍സുമായി ഷാമിയും പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് 6 വിക്കറ്റെടുത്തു.