ലണ്ടന്‍: മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജേസണ്‍ ഗില്ലസ്പിയെ അവസാന നിമിഷം ഒഴിവാക്കി ട്രെവര്‍ ബേലിസിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി തെരഞ്ഞെടുത്തു. ടീം ഡയറക്ടര്‍ ആന്‍ഡ്രൂ സ്‌ട്രോസിന്റെ പിന്തുണയോടെയാണ് ബേലിസിനെ കോച്ചായി തെരഞ്ഞെടുത്തത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പീറ്റര്‍ മൂറിനെ ഒഴിവാക്കിയ സ്ഥാനത്താണ് ബേലിസിന്റെ തെരഞ്ഞെടുപ്പ്.
2007-2011 കാലയളവില്‍ ശ്രീലങ്കയുടെ കോച്ച് ആയിരുന്നു ബേലിസ്. 2014ല്‍ ഓസ്‌ട്രേലിയന്‍ ടി20 ടീമിന്റെ കോച്ചായും താത്കാലികമായി ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍ കോച്ചുകൂടിയാണ് ബേലിസ്. ഇത് തനിക്ക് ലഭിച്ച അംഗീകാരമാണെന്ന് ബേലിസ് പ്രതികരിച്ചു. ടീമിനെ ഉത്തരവാദിത്വത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ തനിക്ക് കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ജൂണില്‍ ബേലിസ് സ്ഥാനമേല്‍ക്കുമെന്നാണ് കരുതുന്നത്. ജൂലായില്‍ ആണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ആഷസ് ടെസ്റ്റ് ആരംഭിക്കുന്നത്. നിലവിലെ ഫോമില്‍ ഇംഗ്ലണ്ടിന് നേരിയ സാധ്യതപോലും ക്രിക്കര്‍ വിദഗ്ധര്‍ കല്‍പിക്കുന്നില്ലെങ്കിലും പുതിയ കോച്ചില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ഇംഗ്ലണ്ട്. കോച്ചെന്ന നിലയില്‍ ബേലിസിന് ആഷസ് ടെസ്റ്റ് വലിയ വെല്ലുവിളിയായിരിക്കും.
2016ല്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പ്, 2017ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ്, 2019ലെ ലോകകപ്പ് ക്രിക്കറ്റ് എന്നിവയ്ക്ക് ടീമിനെ ഒരുക്കുക ബേലിസിന്റെ ഉത്തരവാദിത്വം ആയിരിക്കും. ഓസ്‌ട്രേലിയക്കാരനായ ബേലിസ് ന്യൂ സൗത്ത് വെല്‍സിനുവേണ്ടി 58 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തിനുവേണ്ടി കളിക്കാന്‍ അവസരം ലഭിച്ചില്ല.