കളി നടക്കും, ഇരട്ടി ആവേശത്തോടെ കൊച്ചി
കൊച്ചി: അത്യാഹിതങ്ങള്‍ ഒഴിവായി. ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം കൊച്ചിയില്‍ ഷെഡ്യൂള്‍ ചെയ്ത പോലെ തന്നെ നടക്കും. വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ കളത്തില്‍ ഇറങ്ങില്ല എന്ന റിപ്പോര്‍ട്ടുകള്‍ കൊച്ചി ഏകദിനത്തെ കുറെനേരം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. വേതന പ്രശ്‌നവുമായി ബന്ധപ്പെട്ട് കളിക്കാര്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി ഉടക്കിയതാണ് കൊച്ചിയിലെ കളിയെ പ്രതിസന്ധിയിലാക്കിയത്.
എന്നാല്‍ ബി സി സി ഐ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. പ്രശ്‌നം പരഹരിക്കപ്പെട്ടു എന്നും ഷെഡ്യൂള്‍ പ്രകാരം തന്നെ കളി നടക്കും എന്നും ബി സി സി ഐ വൃത്തങ്ങള്‍ അറിയിച്ചതോടെ കൊച്ചി വീണ്ടും ക്രിക്കറ്റ് ലഹരിയിലായി. മഴ കളി മുടക്കുമെന്ന ആശങ്കയും വെസ്റ്റ് ഇന്‍ഡീസ് ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങളും ആരാധകരുടെ ഒഴുക്കിനെ ബാധിക്കില്ല എന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ എം എസ് ധോണിയും മഴയെക്കുറിച്ച് ആശങ്കയിലാണ്. ടോസ് കളിയില്‍ നിര്‍ണായകമാകും എന്ന് കളിക്ക് മുമ്പായി ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. രണ്ടാമത് ബൗള്‍ ചെയ്യേണ്ടിവരുന്നത് സ്പിന്നര്‍മാര്‍ക്ക് കനത്ത വെല്ലുവിളിയാകും. ടോസ് കിട്ടിയാല്‍ ആദ്യം ബൗള്‍ ചെയ്യാനാണ് താല്‍പര്യം എന്നും ധോണി പറഞ്ഞു. സുനില്‍ നരെയ്‌നെ വിലക്കിയ നടപടിയെ പിന്തുണക്കുന്നു എന്നാണ് ധോണി പറഞ്ഞത്.
കൊച്ചയിലെ പത്താമത്തെ ഏകദിനമാണ് ബുധനാഴ്ച നടക്കുന്നത്. 1998 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ വിജയത്തോടെയാണ് ഇന്ത്യ ഇവിടെ കളി തുടങ്ങിയത്. ഒമ്പത് കളികളില്‍ ഇന്ത്യയ്ക്ക് ഇവിടെ ആറ് വിജയങ്ങളുണ്ട്. സച്ചിന്‍ രണ്ട് തവണ ഇവിടെ അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 2013 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്നെയായിരുന്നു കൊച്ചിയില്‍ ഇന്ത്യയുടെ അവസാനത്തെ കളി. അന്ന് ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications