കെയ്ന്‍ വില്യംസണ് (ന്യൂസീലന്‍ഡ്)
നിലവിലെ മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒഴിച്ചുകൂടാനാവാത്ത പേരാണ് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റേത്. നിലവിലെ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് വില്യംസണുള്ളത്. ഇക്കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ്,പാകിസ്താന് ടീമുകള്‍ക്കെതിരായ മത്സരത്തിലൂടെയാണ് ചരിത്ര നേട്ടത്തിലേക്ക് വില്യംസണ് എത്തിയത്. 83 ടെസ്റ്റില്‍ നിന്ന് 54.31 ശരാശരിയില്‍ 7115 റണ്‍സാണ് ഇതുവരെ അദ്ദേഹം നേടിയത്. കിവീസിനുവേണ്ടി വേഗത്തില്‍ 7000 ടെസ്റ്റ് റണ്‍സ് നേടിയ താരമാണ് അദ്ദേഹം. 24 സെഞ്ച്വറിയും നാല് ഇരട്ട സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയും വില്യംസണിന്റെ പേരിലുണ്ട്.
സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ)
സ്പിന്‍ ഓള്‍റൗണ്ടറായി കംഗാരു ടീമിലെത്തി മഞ്ഞപ്പടയുടെ ബാറ്റിങ് സിംഹാസനം അടക്കി ഭരിച്ച താരമാണ് സ്റ്റീവ് സ്മിത്ത്. പരിമിത ഓവറില്‍ ശരാശരി മാത്രമാണെങ്കിലും ടെസ്റ്റിലെ അദ്ദേഹത്തിന്റെ മികവ് ഒന്ന് വേറെ തന്നെയാണ്. 76 ടെസ്റ്റില്‍ നിന്ന് 62.08 ശരാശരിയില്‍ 7449 റണ്‍സാണ് സ്മിത്തിന്റെ പേരിലുള്ളത്. ഇതില്‍ 27 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 50 അര്‍ധ സെഞ്ച്വറിയുമുണ്ട്. നിലവിലെ ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. നിലവില്‍ കൂടുതല്‍ ടെസ്റ്റ് ശരാശരിയുള്ള താരം സ്മിത്താണ്.
വിരാട് കോലി (ഇന്ത്യ)
ഇന്ത്യന്‍ നായകന് വിരാട് കോലിയായിരുന്നു ഐസിസിയുടെ ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരത്തിന് അര്‍ഹനായത്. മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ കോലിക്ക് സാധിക്കും. 50ന് മുകളില്‍ മൂന്ന് ഫോര്‍മാറ്റിലും ശരാശരിയുള്ള നിലവിലെ ഏക ബാറ്റ്സ്മാനും കോലിയാണ്. 87 ടെസ്റ്റില്‍ നിന്ന് 53.42 ശരാശരിയില്‍ 7318 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 27 സെഞ്ച്വറിയും ഏഴ് ഇരട്ട സെഞ്ച്വറിയും 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നിലവിലെ ടെസ്റ്റ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് കോലി.
മാര്‍നസ് ലാബുഷെയ്ന് (ഓസ്ട്രേലിയ)
സമീപകാലത്തെ പ്രകടനംകൊണ്ട് മികച്ച ടെസ്റ്റ് താരമായി പേരെടുത്തവനാണ് മാര്‍നസ് ലാബുഷെയ്ന്. 26കാരനായ താരം ഓസീസ് ടീമിലേക്കെത്താന്‍ വൈകിയെന്ന് തന്നെ പറയാം. ഇതുവരെ 17 ടെസ്റ്റ് കളിച്ച താരം 60.41 ശരാശരിയില്‍ 1752 റണ്‍സാണ് നേടിയത്. സ്റ്റീവ് സ്മിത്തിന്റെ മികവിന് വെല്ലുവിളി ഉയര്‍ത്തുന്ന താരമാണ് ലാബുഷെയ്ന്. നാല് സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ഇതിനോടകം ലാബുഷെയ്ന് സ്വന്തം പേരിലാക്കിയിട്ടുണ്ട്.
ബാബര്‍ അസാം (പാകിസ്താന്)
മികച്ച ബാറ്റ്സ്മാന്മാരുടെ അഭാവം നിലവിലെ പാക് നിരയിലുണ്ട്. എന്നാല്‍ ഇതിഹാസ താരങ്ങളെ ക്രിക്കറ്റിന് സമ്മാനിച്ച പാക് ടീമില്‍ നിന്ന് ഇപ്പോള്‍ എടുത്ത് പറയാന്‍ കഴിയുന്ന താരം ബാബര്‍ അസാം മാത്രമാണ്. സ്ഥിരതകൊണ്ടും ക്ലാസിക് ശൈലികൊണ്ടും ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയ താരമാണ് ബാബര്‍. പാക് നായകനായ 26കാരന് 29 ടെസ്റ്റില്‍ നിന്ന് 45.44 ശരാശരിയില്‍ 2045 റണ്‍സാണ് നേടിയത്. അഞ്ച് സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഇതുവരെ ഇരട്ട സെഞ്ച്വറി നേടാന്‍ താരത്തിനായിട്ടില്ല.