2021ലെ റണ്‍വേട്ടക്കാരില്‍ ആര് മുന്നില്‍? തലപ്പത്ത് ഇംഗ്ലണ്ട് താരം, ടോപ് ഫൈവിനെ അറിയാം
മുംബൈ: 2021ലെ ക്രിക്കറ്റ് സീസണ്‍ പുരോഗമിക്കുകയാണ്. 2020ലെ ഭൂരിഭാഗം മത്സരങ്ങളും കൊറോണ വൈറസ് മഹാമാരിയില്‍ നഷ്ടപ്പെട്ടതിനാല്‍ത്തന്നെ വളരെ തിരക്കേറിയ മത്സരക്രമങ്ങളാണ് എല്ലാ ടീമുകള്‍ക്കും 2021ല്‍ ഉള്ളത്. ഐപിഎല്ലും ടി20 ലോകകപ്പും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഉള്‍പ്പെടെ വളരെ നിര്‍ണ്ണായകമായ പല മത്സരങ്ങളും ഈ വര്‍ഷം നടക്കുന്നുണ്ട്. 2021 മൂന്നാം മാസം പിന്നിടാന്‍ ഒരുങ്ങവെ ഈ വര്‍ഷം ഇതുവരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്ന ടോപ് ഫൈവ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ് തലപ്പത്ത്. ശ്രീലങ്കയ്ക്കും ഇന്ത്യക്കും എതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ 66.16 ശരാശരിയില്‍ 794 റണ്‍സാണ് ജോ റൂട്ട് അടിച്ചെടുത്തത്. നിലവില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ മാത്രമാണ് അദ്ദേഹം കളിക്കുന്നത്. ഇന്ത്യക്കെതിരായ ഏകദിന,ടി20 പരമ്പരയിലേക്ക് താരത്തെ പരിഗണിച്ചിരുന്നില്ല. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിലും റൂട്ടിന് ഇടമുണ്ടാകാന്‍ വഴിയില്ല. അതിനാല്‍ അധികനാള്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ റൂട്ടിന് കഴിഞ്ഞേക്കില്ല.

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് പട്ടികയിലെ രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയ അദ്ദേഹം 51.41 ശരാശരിയില്‍ നേടിയത് 617 റണ്‍സാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ റിഷഭിനായെങ്കിലും ഏകദിന ടീമിലേക്ക് റിഷഭിനെ പരിഗണിച്ചിട്ടില്ല.

മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ രോഹിത് ശര്‍മയാണ്. വെടിക്കെട്ട് ഓപ്പണറായ രോഹിത് 42.35 ശരാശരിയില്‍ 593 റണ്‍സാണ് ഇതുവരെ നേടിയത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച രോഹിത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും ടി20യിലും മികച്ച പ്രകടനം കാഴ്ചവെച്ചു. നിലവില്‍ ഏകദിന പരമ്പരയിലും അദ്ദേഹം കളിക്കുന്നുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നിരയിലെ സജീവ സാന്നിധ്യമായതിനാല്‍ത്തന്നെ ഈ പട്ടികയില്‍ തലപ്പത്തേക്കെത്താന്‍ രോഹിതിന് അവസരമുണ്ട്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നാലാം സ്ഥാനത്താണ്. 51 ശരാശരിയില്‍ 459 റണ്‍സാണ് കോലി നേടിയത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്,ടി20 പരമ്പരകളില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. ഒന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങാനും കോലിക്കായി.

പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 72.33 ശരാശരിയില്‍ 434 റണ്‍സാണ് മുഹമ്മദ് റിസ്വാന്‍ ഈ വര്‍ഷം ഇതുവരെ നേടിയത്. 2015ല്‍ പാകിസ്താന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച റിസ്വാന്‍ നിലവില്‍ ടീമിലെ സജീവ താരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications