അവനെ തടുക്കാൻ ഒരു ബൗളർക്കും കഴിയില്ല! ഡംബുള്ളയിൽ വൈഭവ് പിന്നിലാക്കിയത് ഈ സൂപ്പർ താരങ്ങളുടെ റെക്കോർഡ്
ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി എന്ന രണ്ട് പതിറ്റാണ്ട് പഴക്കമുള്ള റെക്കോർഡ് തകർത്ത് ഇന്ത്യൻ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. ശ്രീലങ്ക എ ടീമിനെതിരായ ത്രിരാഷ്ട്ര പരമ്പരയുടെ കലാശപ്പോരാട്ടത്തിലാണ് 15-കാരനായ ഈ ബിഹാർ സ്വദേശി ലങ്കൻ ബൗളർമാരെ നിലംതൊടീക്കാതെ പറപ്പിച്ചത്. വെറും 11 പന്തിൽ നിന്നാണ് വൈഭവ് തന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ അർധസെഞ്ചുറി തികച്ചത്. മത്സരത്തിൽ 29 പന്തിൽ 10 ഫോറുകളും 8 സിക്സറുകളുമടക്കം 94 റൺസാണ് താരം അടിച്ചുകൂട്ടിയത്.
ഈ തകർപ്പൻ പ്രകടനത്തോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ 5 അർധസെഞ്ചുറികളുടെ പട്ടിക ഇപ്പോൾ പുനർക്രമീകരിക്കപ്പെട്ടിരിക്കുകയാണ്. ആ റെക്കോർഡ് ലിസ്റ്റ് പരിശോധിക്കാം:

1. വൈഭവ് സൂര്യവംശി (ഇന്ത്യ) – 11 പന്ത് (2026)
ശ്രീലങ്ക എ ടീമിനെതിരെ ഡംബുള്ളയിൽ നടന്ന ഫൈനലിലാണ് വൈഭവ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. സിക്സറടിച്ച് 11 പന്തിൽ ഫിഫ്റ്റി തികച്ച താരം 324.14 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. സെഞ്ചുറിക്ക് തൊട്ടരികിൽ (94) താരം പുറത്തായെങ്കിലും ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കാൻ ഈ ഇന്നിങ്സിന് സാധിച്ചു.
2. കൗശല്യ വീരരത്നെ (ശ്രീലങ്ക) – 12 പന്ത് (2005)
ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം തകരാതെ നിലനിന്ന റെക്കോർഡാണിത്. രാഗമ സിസിക്ക് വേണ്ടി കുരുനാഗലക്കെതിരെ 2005-ലായിരുന്നു വീരരത്നെയുടെ ഈ പ്രകടനം. അന്ന് 18 പന്തിൽ 2 ഫോറും 8 സിക്സുമടക്കം താരം 66 റൺസെടുത്തിരുന്നു.
3. തിസാര പെരേര (ശ്രീലങ്ക) – 13 പന്ത് (2021)
ശ്രീലങ്കൻ മുൻ ഹാർഡ് ഹിറ്റർ ഓൾറൗണ്ടർ തിസാര പെരേര 2021-ൽ ആഭ്യന്തര ക്രിക്കറ്റിലാണ് 13 പന്തിൽ ഫിഫ്റ്റി അടിച്ചത്. ബ്ലൂംഫീൽഡിനെതിരായ മത്സരത്തിൽ അഞ്ചാമനായി ഇറങ്ങി 13 പന്തിൽ 8 സിക്സറുകളോടെ 52 റൺസെടുത്ത് പെരേര പുറത്താകാതെ നിന്നു. 400 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.
4. റോറി ക്ലീൻവെൽറ്റ് (ദക്ഷിണാഫ്രിക്ക) – 14 പന്ത് (2010/11)
ദക്ഷിണാഫ്രിക്കൻ മുൻ ഓൾറൗണ്ടറായ റോറി ക്ലീൻവെൽറ്റ് 2010/11 സീസണിൽ വെസ്റ്റേൺ പ്രൊവിൻസിന് വേണ്ടി ക്വാസുലു-നറ്റാലിനെതിരെയാണ് 14 പന്തിൽ അർധസെഞ്ചുറി നേടിയത്. തന്റെ കരിയറിൽ ഒട്ടനവധി മികച്ച ഇന്നിങ്സുകൾ താരം കളിച്ചിട്ടുണ്ട്.
5. ആദം ഹോളിയോക്ക് (ഇംഗ്ലണ്ട്) – 15 പന്ത് (1994)
ഇംഗ്ലണ്ട് താരം ആദം ഹോളിയോക്ക് 1994-ൽ യോർക്ഷെയറിനെതിരെ 15 പന്തിൽ അർധസെഞ്ചുറി നേടിയിരുന്നു. അന്ന് 19 പന്തിൽ 59 റൺസാണ് താരം നേടിയത്. ഇന്ത്യയുടെ സർഫറാസ് ഖാൻ, പാകിസ്താന്റെ സൽമാൻ ബട്ട്, ബംഗ്ലാദേശിന്റെ പർവേസ് ഹൊസൈൻ എന്നിവരും 15 പന്തിൽ ഫിഫ്റ്റി നേടി ഈ അഞ്ചാം സ്ഥാനത്തുണ്ട്.
ലിസ്റ്റ് എ ക്രിക്കറ്റിൽ 20 വർഷത്തിലേറെയായി ആർക്കും തകർക്കാൻ കഴിയാതെ കിടന്ന റെക്കോർഡാണ് ഇന്ത്യൻ യുവരക്തം വൈഭവ് സൂര്യവംശി തന്റെ അസാമാന്യ ബാറ്റിങ് മികവിലൂടെ ഇപ്പോൾ തച്ചുടച്ചിരിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ തന്നെ ഇത്രയും വലിയൊരു റെക്കോർഡ് സ്വന്തമാക്കിയ വൈഭവ് ലോക ക്രിക്കറ്റിലെ തന്നെ ഭാവി വാഗ്ദാനമാണെന്ന് തെളിയിച്ചിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications