IPL 2020: കോലിയും രോഹിത്തുമില്ല — ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്ത് ടോം മൂഡി
രണ്ടുമാസത്തെ ക്രിക്കറ്റ് മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ പോകുന്നു. ഡല്‍ഹി ക്യാപിറ്റല്‍സോ മുംബൈ ഇന്ത്യന്‍സോ --- ആര് കിരീടം കൊണ്ടുപോകുമെന്ന് വൈകാതെ അറിയാം. മുന്‍ സീസണുകളെ അപേക്ഷിച്ച് സംഭവബഹുലമായിരുന്നു ഇത്തവണ 'യുഎഇ' എഡിഷന്‍ ഐപിഎല്‍. ലീഗ് ഘട്ടത്തില്‍ ടീമുകള്‍ ഇഞ്ചോടിഞ്ച് പൊരുതി. ഫലമോ, പ്ലേ ഓഫ് ചിത്രം തെളിയാന്‍ അവസാനംവരെ കാത്തിരിക്കേണ്ടി വന്നു. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചാണ് മുംബൈ നേരിട്ട് ഫൈനലിലെത്തിയത്. എലിമിനേറ്ററില്‍ ബാംഗ്ലൂരിനെ തോല്‍പ്പിച്ച് രണ്ടാം ക്വാളിഫയറിലേക്ക് പ്രവേശനം നേടിയ ഹൈദരാബാദാകട്ടെ, ഡല്‍ഹിക്ക് മുന്നില്‍ പതറി. അങ്ങനെ ഡല്‍ഹിയും മുംബൈയും ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ വരികയാണ്.

ഇരു ക്യാംപുകളിലും ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. 'ഫോമില്ലല്ലാത്ത' രോഹിത് ശര്‍മ 'ഫോമിലുള്ള' മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം കിരീടത്തിലേക്ക് നയിക്കുമോ? അതോ റിക്കി പോണ്ടിങ്ങിന്റെ ചാണക്യബുദ്ധിയില്‍ ശ്രേയസ് അയ്യറും സംഘവും കന്നിക്കിരീടം നേടുമോ? ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. എന്തായാലും ഫൈനലില്‍ തീപ്പാറുമെന്ന കാര്യമുറുപ്പ്. ഇതിനിടെ 'ഐപിഎല്‍ ഇലവനെ' പ്രഖ്യാപിക്കുന്ന തിരക്കിലാണ് മറ്റു ചിലര്‍. മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡി തിരഞ്ഞെടുത്ത ഐപിഎല്‍ ഇലവന്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപ്പറ്റിക്കഴിഞ്ഞു.
ശിഖര്‍ ധവാനും കെഎല്‍ രാഹുലുമാണ് മൂഡിയുടെ ടീമിലെ ഓപ്പണര്‍മാര്‍. ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനെന്ന ഖ്യാതി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായ രാഹുലിനുണ്ട്. സീസണിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് രാഹുലിനെ മറ്റു ബാറ്റ്‌സ്മാന്മാരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. മറുഭാഗത്ത് ശിഖര്‍ ധവാന്‍ ആകെ മൂന്നു പ്രാവശ്യം മാത്രമേ ഡല്‍ഹിക്ക് വേണ്ടി തിളങ്ങിയിട്ടുള്ളൂ. മികച്ചൊരു പങ്കാളിയെ കിട്ടാത്തതാണ് ധവാന്റെ പ്രശ്‌നം. ഇതുവരെ പൃഥ്വി ഷാ ആയിരുന്നു ധവാനൊപ്പം ഓപ്പണറായത്. ഷായുടെ നിരുത്തരവാദിത്വപരമായ സമീപനം പലപ്പോഴും ധവാന് മേലുള്ള സമ്മര്‍ദ്ദം കൂട്ടി. കഴിഞ്ഞമത്സരത്തില്‍ ഓപ്പണിങ് ഇറങ്ങിയ മാര്‍ക്കസ് സ്‌റ്റോയിനിസ് അതിവേഗം റണ്‍സ് കണ്ടെത്തിയപ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്ന ധവാനെ ആരാധകര്‍ കാണുകയുണ്ടായി.
മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാണ് മൂഡി തിരഞ്ഞെടുത്തത്. നാലാം നമ്പറില്‍ എബി ഡിവില്ലേഴ്‌സിനെയും. മുംബൈയുടെ യുവതാരം ഇഷന്‍ കിഷനും ഓസ്‌ട്രേലിയന്‍ ഇതിഹാസം ടീമില്‍ ഇടംനല്‍കി. രാഹുല്‍ തെവാട്ടിയയാണ് ടോം മൂഡിയയുടെ ടീമില്‍ സ്ഥാനം കണ്ടെത്തിയ മറ്റൊരു ഇന്ത്യന്‍ ഓള്‍റൗണ്ടര്‍. ഇതേസമയം, റാഷിദ് ഖാന്‍ സ്പിന്‍ നിരയെ നയിക്കും. യുസ്‌വേന്ദ്ര ചഹാലും കൈക്കുഴ സ്പിന്നറായി പ്ലേയിങ് ഇലവനിലുണ്ട്. ജോഫ്ര ആര്‍ച്ചര്‍, കഗീസോ റബാദ, ജസ്പ്രീത് ബുംറ എന്നീ പേസ് ത്രയത്തെയും മൂഡിയുടെ ടീമില്‍ കാണാം.
ടോം മൂഡിയുടെ ഐപിഎല്‍ ഇലവന്‍ പട്ടിക ചുവടെ.
- ശിഖര്‍ ധവാന്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്)
- കെഎല്‍ രാഹുല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)
- സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്)
- എബി ഡിവില്ലേഴ്‌സ് (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)
- ഇഷന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്)
- രാഹുല്‍ തെവാട്ടിയ (രാജസ്താന്‍ റോയല്‍സ്)
- റാഷിദ് ഖാന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
- ജോഫ്ര ആര്‍ച്ചര്‍ (രാജസ്താന്‍ റോയല്‍സ്)
- കഗീസോ റബാദ (ഡല്‍ഹി ക്യാപിറ്റല്‍സ്)
- യുസ് വേന്ദ്ര ചഹാല്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)
- ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്)
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications