ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ അവസാനിച്ചപ്പോള്‍ നിരവധി യുവതാരങ്ങള്‍ ശ്രദ്ധേയമായ പ്രകടനംകൊണ്ട് കൈയടി നേടിയിരുന്നു. അതില്‍ പ്രധാന താരങ്ങളിലൊരാളായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ്. ഇത്തവണ മൂന്നാം നമ്പറില്‍ സ്ഥിരതയോടെ കളിച്ച സൂര്യകുമാര്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ സൂര്യകുമാറിന്റെ ബാറ്റിങ് ശൈലിയെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഹൈദരാബാദ് പരിശീലകന്‍ ടോം മൂഡി. 'ക്ലാസിക് താരം'എന്നാണ് മൂഡി സൂര്യകുമാറിനെ വിശേഷിപ്പിച്ചത്.
'സൂര്യകുമാര്‍ യാദവ്,മുംബൈയുടെ മൂന്നാം നമ്പര്‍ താരം. അവന്‍ ദേശീയ ടീമിനെ ഇതുവരെ പ്രതിനിധീകരിച്ചില്ലെന്നത് ആലോചിച്ചിട്ട് മനസിലാകാത്ത കാര്യമാണ്. മനോഹരമായാണ് അവന്‍ ബാറ്റ് ചെയ്യുന്നത്. മികച്ച നിയന്ത്രണത്തോടെയാണ് ബാറ്റ് ചെയ്യുന്നത്. എന്നെ സംബന്ധിച്ച് അവനൊരു ക്ലാസ് താരമാണ്'-ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കവെ മൂഡി പറഞ്ഞു.

ഇത്തവണ 480 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. സ്ഥിരതയാണ് സൂര്യകുമാറിനെ ഇത്തവണ വ്യത്യസ്തനാക്കിയത്. 30കാരനായ താരം ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസരം നല്‍കിയില്ല. ടോപ് ഓഡറില്‍ ഇന്ത്യക്ക് മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഉണ്ട് എന്നതാണ് ദേശീയ ടീമിലെത്താനുള്ള പ്രധാന തടസം. എന്നാല്‍ നാലാം നമ്പറില്‍ മികച്ച താരത്തെ തേടുന്ന ഇന്ത്യക്ക് എന്തുകൊണ്ടും അനുയോജ്യനാണ് അദ്ദേഹം. ദേശീയ ടീമിലേക്ക് ഇതുവരെ സൂര്യകുമാറിനെ പരിഗണിക്കാത്തത് അത്ഭുതപ്പെടുത്തിയെന്ന് പല പ്രമുഖ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആര്‍ ക്യാപ്റ്റനുമായിരുന്ന ഗൗതം ഗംഭീറും സൂര്യകുമാറിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ചിരുന്നു.
'ഇത്തവണത്തെ എന്റെ ഇഷ്ട താരം സൂര്യകുമാര്‍ യാദവാണ്. കാരണം മൂന്നാം നമ്പറിലാണ് അവന്‍ കളിക്കുന്നത്. വളരെ പ്രധാനപ്പെട്ട പൊസിഷനാണത്. അത് അവന്‍ നേടിയ റണ്‍സുകളും അവന്‍ ചാമ്പ്യന്‍ ടീമിന്റെ ഭാഗമാണ് എന്നതുമല്ല പ്രധാന കാരണം. അത് അവന്റെ ബാറ്റിങ് ശൈലിയാണ്. ബാറ്റിങ് ശൈലിയുടെ നിയന്ത്രണവും ഒഴുക്കുമാണ് അവനെ ക്ലാസ് താരവും എന്റെ ഇത്തവണത്തെ പ്രിയപ്പെട്ട താരവും ആക്കുന്നത്'-ഗംഭീര്‍ പറഞ്ഞു.
സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെ പല മുന്‍ താരങ്ങളും സൂര്യകുമാറിനെ ദേശീയ ടീമിലേക്ക് പരിഗണിക്കാത്തതിനെ വിമര്‍ശിച്ചുരുന്നു. കെകെആര്‍ താരമായിരിക്കെ മധ്യനിരയിലാണ് അദ്ദേഹം കളിച്ചുകൊണ്ടിരുന്നത്. മികച്ച ഫിനിഷര്‍ എന്ന നിലയില്‍ സൂര്യകുമാര്‍ കെകെആറിനൊപ്പം തിളങ്ങിയിരുന്നു. മുംബൈയില്‍ എത്തിയ ശേഷമാണ് സൂര്യകുമാര്‍ ടോപ് ഓഡറിലേക്കെത്തിയത്. ആദ്യം ഓപ്പണറായി പരിഗണിച്ചിരുന്ന താരം പിന്നീട് മൂന്നാം നമ്പറിലേക്ക് മാറുകയായിരുന്നു. വയസ് 30 ആയതിനാല്‍ ഇനി ഇന്ത്യന്‍ ടീമിലേക്ക് എത്തുക സൂര്യകുമാറിനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.