ബെംഗളൂരു: കളിക്കിടെ നടക്കുന്ന കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞാല്‍ ക്യാപ്റ്റനായ തന്റെ പണി പോകുമെന്ന് എം എസ് ധോണി. ബംഗ്ലാദേശിനെതിരായ ഒരു റണ്‍ വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധോണി. ജസ്പ്രീത് ഭുമ്രയുടെ പ്രകടനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ചെറിയെരു ചിരിയോടെ ധോണി ഇങ്ങനെ പ്രതികരിച്ചത്. ആവേശകരമായ കളിയില്‍ ഇന്ത്യ ഒരു റണ്‍സിനാണ് ജയിച്ചത്.
ഇന്ത്യന്‍ ഫീല്‍ഡിങ്ങിനിടെ ഒരുപാട് പിഴവുകള്‍ വരുത്തിയ ഭുമ്ര ഒരു ക്യാച്ചും കൈവിട്ടു. ഒരോവറില്‍ 16 റണ്‍സ് വഴങ്ങിയെങ്കിലും ഭുമ്ര അവസാന ഓവറുകളില്‍ നന്നായി പന്തെറിഞ്ഞിരുന്നു. എന്താണ് ഭുമ്രയോട് പറഞ്ഞത് എന്നായിരുന്നു ധോണിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. കഴിഞ്ഞത് കഴിഞ്ഞു, ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്ക് എന്നായിരുന്നു തന്റെ ഉപദേശം. പിന്നെയും ചില കാര്യങ്ങള്‍ കൂടി പറഞ്ഞു അത് പക്ഷേ ഇവിടെ പറയാനാവില്ല. എന്തായാലും അത് വര്‍ക്കൗട്ടായി - ധോണി ചിരിച്ചുകൊണ്ട് പറഞ്ഞു.

അവസാന പന്തില്‍ യോര്‍ക്കര്‍ എറിയരുത് എന്നാണ് ഹര്‍ദീക് പാണ്ഡ്യയോട് പറഞ്ഞിരുന്നത് എന്നും ധോണി പറഞ്ഞു. ലെംഗ്ത് ബോള്‍ എറിയാനായിരുന്നു പറഞ്ഞത്. വാലറ്റത്തെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ലെംഗ്ത് ബോള്‍ കളിക്കാന്‍ പ്രയാസമായിരിക്കും. വൈഡ് ബോള്‍ ആകാതെയും ശ്രദ്ധിക്കണമായിരുന്നു. നെഹ്‌റയുമായും ഭുമ്രയുമായും ഓവറുകള്‍ക്കിടെ ധോണി ഒരുപാട് നേരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അതൊന്നും മാധ്യമപ്രവര്‍ത്തകരോട് വിട്ടുപറയാന്‍ ധോണി തയ്യാറായില്ല.
ട്വന്റി 20 ലോകകപ്പ് കൂടുതല്‍ ചിത്രങ്ങള്‍ കാണാം...
അവസാന ഓവറുകള്‍ എറിഞ്ഞ പാണ്ഡ്യയെയും ഭുമ്രയെയും ധോണി പുകഴ്ത്തി. ഇത്തരം സാഹചര്യങ്ങളിലാണ് യുവതാരങ്ങള്‍ ശരിക്കും ക്രിക്കറ്റ് പഠിക്കുക എന്നും ധോണി പറഞ്ഞു. അശ്വിനെക്കുറിച്ച് പറയേണ്ട കാര്യമില്ല. മഹാനായ ബൗളറാണ് അശ്വിന്‍. എപ്പോഴൊക്കെ എനിക്ക് വിക്കറ്റ് വേണോ അപ്പോള്‍ അശ്വിന്‍ സഹായത്തിനെത്തും. അവസാന ഓവര്‍ യുവരാജ്, റെയ്‌ന എന്നീ ബൗളിംഗ് ഓപ്ഷ്‌നുകളും പരിഗണിച്ചിരുന്നു എന്നും ധോണി പറഞ്ഞു.