ഇന്ത്യയുടെ ഗുസ്തി ചരിത്രത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയവരാണ് ഫോഗട്ട് സഹോദരിമാര്‍. ഫോഗട്ട് കുടുംബത്തിലെ മൂന്ന് പേര്‍ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയിട്ടുള്ളവരാണ്. വിനേഷ് ഫോഗട്ട്, ഗീത ഫോഗട്ട്, ബബിത ഫോഗട്ട് എന്നിവരാണവര്‍. ഗുസ്തി താരം മഹാവീറിന്റെ സഹോദരന്റെ മകളാണ് വിനേഷ് ഫോഗട്ട്. ഇത്തവണ ടോക്കിയോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളെ സജീവമാക്കുകയാണ് വിനേഷ് ഫോഗട്ട്.
ഹിന്ദി സിനിമയായ ദംഗല്‍ ഫോഗട്ട് കുടുംബത്തിന്റെ ഗുസ്തി പാരമ്പര്യത്തെ ആസ്പദമാക്കിയുള്ളതാണ്. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്ന വിനേഷ് ഫോഗട്ട് കരിയറില്‍ നാല് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവും നേടിയിട്ടുണ്ട്. 48,50,53 കിലോഗ്രാം വിഭാഗങ്ങളിലാണ് വിനേഷ് മത്സരിച്ചിരുന്നത്. ടോക്കിയോയില്‍ 53 കിലോഗ്രാമിലാണ് വിനേഷ് മത്സരിക്കുന്നത്.
കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ 2014ലും 2018ലും താരം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പില്‍ 2019ല്‍ വെങ്കലം നേടി. ഏഷ്യന്‍ ഗെയിംസില്‍ 2014ലെ വെങ്കലം നേടിയ വിനേഷ് 2018ലത് സ്വര്‍ണ്ണമാക്കി മാറ്റി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണ്ണവും മൂന്ന് വെള്ളിയും നാല് വെങ്കലും വിനേഷിന്റെ പേരിലുണ്ട്. യൂത്ത് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും അദ്ദേഹം നേടി. 26ാം വയസില്‍ ടോക്കിയോയില്‍ ഇന്ത്യക്കായി അഭിമാന നേട്ടം സ്വന്തമാക്കി വിനേഷ് തിരിച്ചെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

രാജ്യത്തിന്റെ ആദരവായി പുരസ്‌കാരങ്ങള്‍
ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയതിനുള്ള ആദരവായി മൂന്ന് പുരസ്‌കാരങ്ങളാണ് രാജ്യം വിനേഷിന് നല്‍കിയത്. 2016ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചപ്പോള്‍ 2018ല്‍ പത്മശ്രീയും 2020ല്‍ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരവും വിനേഷിന് ലഭിച്ചു. കോവിഡ് ബാധിതയായ ശേഷം ഏറെ നാളത്തെ കഠിന പരിശീലനത്തിനൊടുവിലാണ് വിനേഷ് തിരിച്ചെത്തിയത്. ഈ വര്‍ഷം യുക്രൈനിലും റഷ്യയിലും സ്വര്‍ണ്ണം നേടിയ വിനേഷിന് വലിയ മെഡല്‍ പ്രതീക്ഷയാണ് ഒളിംപിക്‌സിലുള്ളത്.
കരുത്തും ദൗര്‍ബല്യവും
ടോക്കിയോ ഒളിംപിക്‌സില്‍ മത്സരിക്കുന്ന പ്രധാന താരങ്ങളെയെല്ലാം വിവിധ ടൂര്‍ണമെന്റുകളിലായി വിനേഷ് ഫോഗട്ട് തോല്‍പ്പിച്ചിട്ടുള്ളതാണ്. ഇത് താരത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. എന്നാല്‍ ജപ്പാന്റെ മായു മിക്കെയ്ഡയോട് പല തവണ വിനേഷിനെ കാലിടറിയിട്ടുണ്ട്. ഇതിനെ അതിജീവിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞാവും വിനേഷ് ടോക്കിയോയില്‍ ഇറങ്ങുക.