തിരക്കേറിയ മത്സരക്രമം, ഇന്ത്യ ഏഷ്യാകപ്പിന് അയക്കുക രണ്ടാം നിര ടീമിനെ
മുംബൈ: ഈ വര്‍ഷം തിരക്കേറിയ മത്സരക്രമമായതിനാല്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ അയക്കുക രണ്ടാം നിര ക്രിക്കറ്റ് ടീമിനെയാവുമെന്ന് റിപ്പോര്‍ട്ട്. ജൂണില്‍ ശ്രീലങ്കയില്‍ വെച്ചാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത് ജൂണ്‍ 18 മുതല്‍ 22വരെയാണ്. അതിനാല്‍ പ്രമുഖ താരങ്ങളെല്ലാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കൊപ്പമുണ്ടാവും. അതിനാലാണ് രണ്ടാം നിര ടീമിനെ ഏഷ്യാ കപ്പിനയക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതെന്നാണ് വിവരം.
ജൂണില്‍ ഇംഗ്ലണ്ടിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. അതിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടില്‍ തുടര്‍ന്ന് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും കളിക്കും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 'ഇതല്ലാതെ മറ്റ് വഴികളില്ല. ഇംഗ്ലണ്ട് പരമ്പരയില്‍ സാഹസത്തിന് മുതിരാനാവില്ല. രണ്ട് തവണ ക്വാറന്റെയ്‌നില്‍ ഇരിക്കാന്‍ താരങ്ങളും തയ്യാറായേക്കില്ല. ഏഷ്യാ കപ്പ് ജൂണില്‍ തന്നെ നടന്നാല്‍ രണ്ടാം നിര ടീമിനെ അയക്കുകയല്ലാതെ ഇന്ത്യക്ക് മറ്റ് വഴികളില്ല'-ബിസിസി ഐയുടെ മുതിര്‍ന്ന വൃത്തങ്ങളിലൊരാളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ജൂണ്‍ ആദ്യവാരം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പോവും. ഐപിഎല്‍ മെയ് 30നാണ് അവസാനിക്കുന്നത്. അതിന് ശേഷം ഒരാഴ്ചത്തെ വിശ്രമമാണ് ഇന്ത്യയില്‍ താരങ്ങള്‍ക്ക് ലഭിക്കുകയെന്നാണ് വിവരം. ഇംഗ്ലണ്ടില്‍ നിന്ന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി 14 ദിവസത്തെ ക്വാറന്റെയ്‌നാണ് താരങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്.
അതേ സമയം നേരത്തെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നാല്‍ ഏഷ്യാകപ്പിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏഷ്യാകപ്പ് മാറ്റിവെച്ചാലും നിലവിലെ മറ്റ് പരമ്പരകള്‍ പ്രകാരം ഇന്ത്യക്ക് ഒന്നാം നിര ടീമിനെ ശ്രീലങ്കയിലേക്ക് അയക്കാനാവില്ല. അതിനാല്‍ നിശ്ചയിച്ച സമയത്ത് തന്നെ ഏഷ്യാ കപ്പ് നടക്കുമെന്നാണ് വിവരം.
ടി20 ഫോര്‍മാറ്റിലാവും ഇത്തവണ ഏഷ്യാ കപ്പ് നടക്കുക. അതിനാല്‍ ഇത്തവണ ഐപിഎല്ലില്‍ തിളങ്ങുന്ന സൂപ്പര്‍ താരങ്ങളെയടക്കം ഉള്‍പ്പെടുത്തി ഇന്ത്യ ശ്രീലങ്കയിലേക്ക് ടീമിനെ അയക്കാനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,രാഹുല്‍ തെവാത്തിയ എന്നിവരെ ഇന്ത്യ പുതുമുഖങ്ങളായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ ഇംഗ്ലണ്ടിനെതിരായ പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്. ഏപ്രില്‍ 9നാണ് ഐപിഎല്‍ ആരംഭിക്കുക. ആറ് മൈതാനങ്ങളിലായി കാണികളെ പ്രവേശിപ്പിക്കാതെയാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications