വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: കൂടുമാറ്റം ഹോബിയാക്കിയവര്‍- ഓസീസ് താരം ഒന്നാമത്, കൂട്ടത്തില്‍ യുവരാജും

ആരോണ്‍ ഫിഞ്ചാണ് ഏറ്റവുമധികം ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചത്

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രം നമ്മള്‍ നോക്കിയാല്‍ ഒരു ഫ്രാഞ്ചൈസിയിലും ചുവടുറപ്പിക്കാത്ത ചില താരങ്ങളെ നമുക്ക് കാണാന്‍ സാധിക്കും. ഓരോ സീസണിലും ഫ്രാഞ്ചൈസികള്‍ വിട്ട് ഫ്രാഞ്ചൈസികളിലേക്കു കൂടുമാറുകയെന്നതാണ് ഇവരുടെ ഹോബി. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെപ്പോലെ കരിയറിലുടനീളം ഒരൊറ്റ ഫ്രാഞ്ചൈസിക്കു വേണ്ടി കളിച്ച ചില താരങ്ങളെയും നമുക്ക് കാണാം.

ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവുമധികം ഫ്രാഞ്ചൈസികളുടെ കുപ്പായമണിഞ്ഞിട്ടുള്ള ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്ക് നോക്കാം. ടോപ്പ് ഫൈവില്‍ മൂന്നു പേരും ഇന്ത്യന്‍ താരങ്ങളാണെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം.

യുവരാജ് സിങ് (ആറ് ഫ്രാഞ്ചൈസികള്‍)

യുവരാജ് സിങ് (ആറ് ഫ്രാഞ്ചൈസികള്‍)

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് ഈ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്. കരിയറില്‍ ആറു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. 2008ലെ പ്രഥമ സീസണില്‍ ഹോം ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിലൂടെ തുടങ്ങിയ അദ്ദേഹം അവസാനമായി കളിച്ചത് കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയായിരുന്നു.
ആദ്യ രണ്ടു സീണുകളിലും പഞ്ചാബിനായി കളിച്ച യുവി പിന്നീട് പൂനെ വാരിയേഴ്‌സിലെത്തി. അസുഖം കാരണം 2012ലെ ഐപിഎല്ലില്‍ നിന്നും അദ്ദേഹത്തിനു മാറിനില്‍ക്കേണ്ടി വന്നിരുന്നു. 2014ല്‍ റെക്കോര്‍ഡ് തുകയ്ക്കു യുവി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായി.
2015ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലും പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലുമെത്തിയ അദ്ദേഹം 2018ല്‍ പഴയ തട്ടകമായ പഞ്ചാബില്‍ മടങ്ങിയെത്തി. മോശം ഫോം കാരണം ഒരു സീസണിനു ശേഷം ഒഴിവാക്കപ്പെട്ട യുവിയെ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുകയായിരുന്നു. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട അദ്ദേഹം വൈകാതെ വിരമിക്കുകയും ചെയ്തു.

പാര്‍ഥീവ് പട്ടേല്‍ (ആറു ഫ്രാഞ്ചൈസികള്‍)

പാര്‍ഥീവ് പട്ടേല്‍ (ആറു ഫ്രാഞ്ചൈസികള്‍)

യുവരാജിനെപ്പോലെ ഐപിഎല്ലില്‍ ആറു ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുള്ളള മറ്റൊരു താരമാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. പ്രഥമ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ താരമായിരുന്ന അദ്ദേഹം ടീമിന്റെ ഓപ്പണര്‍ കൂടിയായിരുന്നു.
2011ല്‍ പാര്‍ഥീവ് കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമിലേക്കു ചേക്കേറി. സീസണിനു ശേഷം ടസ്‌കേഴ്‌സ് ടീം ഐപിഎല്ലില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ താരം ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമിലെത്തി. തൊട്ടടുത്ത സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനായും 14ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനായും പാര്‍ഥിവ് ഇറങ്ങി. 2015ല്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് താരം കളിച്ചത്. മൂന്നു സീസണുകളില്‍ പാര്‍ഥീവ് മുംബൈക്കു വേണ്ടി കളിക്കാനിറങ്ങി. മുംബൈയ്ക്കു വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയ പാര്‍ഥീവിനെ 2018ല്‍ ആര്‍സിബി തിരികെ വാങ്ങുകയായിരുന്നു. ഇപ്പോഴും സിഎസ്‌കെ ടീമിന്റെ ഭാഗമാണ് വിക്കറ്റ് കീപ്പര്‍

തിസാര പെരേര (ആറു ഫ്രാഞ്ചൈസികള്‍)

തിസാര പെരേര (ആറു ഫ്രാഞ്ചൈസികള്‍)

ശ്രീലങ്കയുടെ ഓള്‍റൗണ്ടര്‍ തിസാര പെരേരയാണ് ഇക്കൂട്ടത്തിലുള്ള മറ്റൊരു താരം. യുവി, പാര്‍ഥീവ് എന്നിവരെപ്പോലെ തന്നെ പെരേരയും കരിയറില്‍ ഇതുവരെ ആറു വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിച്ചു കഴിഞ്ഞു. 2010ലായിരുന്നു പെരേരയുടെ ഐപിഎല്‍ അരങ്ങേറ്റം. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഭാഗമായിരുന്നു താരം. എന്നാല്‍ സീസണില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ പെരേരയ്ക്കു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ.
സീസണിനു ശേഷം കൊച്ചി ടസ്‌കേഴ്‌സ് കേരളയിലും തുടര്‍ന്ന് മുംബൈ ഇന്ത്യയിലുമെല്ലാമെത്തിയ പെരേര സണ്‍റൈസഴ്‌സ് ഹൈദരാബാദിനു വേണ്ടിയാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. 2103ലെ ഐപിഎല്ലില്‍ ഹൈദരാബാദിനായി 213 റണ്‍സും 19 വിക്കറ്റുകളും അദ്ദേഹം നേടി.
പിന്നീട് കിങ്‌സ് ഇലവന്‍ പഞ്ചാബ്, റൈസിങ് പൂനെ ജയന്റ്‌സ് ടീമുകള്‍ക്കു വേണ്ടിയും ഐപിഎല്ലില്‍ കണ്ടു. എന്നാല്‍ 2016നു ശേഷം പെരേരയ്ക്കു ഐപിഎല്ലില്‍ ഒരു ടീമിനായും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

ദിനേഷ് കാര്‍ത്തിക് (ആറു ഫ്രാഞ്ചൈസികള്‍)

ദിനേഷ് കാര്‍ത്തിക് (ആറു ഫ്രാഞ്ചൈസികള്‍)

ആറു ഫ്രാഞ്ചൈസികള്‍ക്കായി കളിച്ച മറ്റൊരു താരം കൂടി ടോപ്പ് ഫൈവിലുണ്ട്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്കാണിത്. പ്രഥമ ഐപിഎല്ലില്‍ 2.4 കോടി രൂപയ്ക്കാണ് താരത്തെ ഡല്‍ബി ഡെയര്‍ഡെവിള്‍സ് വാങ്ങിയത്. എന്നാല്‍ കാര്യമായി തിളങ്ങാന്‍ കാര്‍ത്തിക്കിനായില്ല. മൂന്നൂ സീസണുകള്‍ ഡല്‍ഹി ടീമിന്റെ ഭാഗമായിരുന്ന കാര്‍ത്തിക് 2011ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലേക്കു കൂടുമാറി.
തൊട്ടടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ കുപ്പായത്തിലായിരുന്നു അദ്ദേഹം. 13ലെ ഐപിഎല്ലില്‍ മുംബൈയ്ക്കായി 19 മല്‍സരങ്ങളില്‍ നിന്നും 510 റണ്‍സുമായി കാര്‍ത്തിക് കസറി. എന്നാല്‍ സീസണിനു ശേഷം അപ്രതീക്ഷിതമായി താരത്തെ മുംബൈ ഒഴിവാക്കി. 2014ല്‍ ആര്‍സിബിയായിരുന്നു കാര്‍ത്തികിന്റെ പുതിയ തട്ടകം. 2016ല്‍ ഗുജറാത്ത് ലയണ്‍സിനായും അദ്ദേഹം കളിച്ചു. 2018ലാണ് കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയത്. നിലവില്‍ കെകെആര്‍ ടീമിന്റൈ ക്യാപ്റ്റന്‍ കൂടിയാണ് താരം.

ആരോണ്‍ ഫിഞ്ച് (ഏഴു ഫ്രാഞ്ചൈസികള്‍)

ആരോണ്‍ ഫിഞ്ച് (ഏഴു ഫ്രാഞ്ചൈസികള്‍)

ഐപിഎല്ലിലെ ഏറ്റവും വലിയ കൂടുമാറ്റക്കാരന്‍ ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ ആരോണ്‍ ഫിഞ്ചാണ്. ടൂര്‍ണമെന്റില്‍ അദ്ദേഹം ഏഴു ഫ്രാഞ്ചൈസികളുടെ ഭാഗമായിട്ടുണ്ട്. പുതിയ സീസണില്‍ എട്ടാമത്തെ ഫ്രാഞ്ചൈസിക്കൊപ്പമാണ് ഫിഞ്ച്.
2010ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറായാണ് ഫിഞ്ചിന്റെ തുടക്കം.ആദ്യത്തെ മൂന്നു സീസണില്‍ ഫിഞ്ചിന് വളരെ കുറച്ച് മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. കന്നി സീസണില്‍ ഒരു മല്‍സരം മാത്രം കളിച്ച അദ്ദേഹം 2011ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി രണ്ടു സീസണുകളില്‍ എട്ടു മല്‍സരങ്ങൡ ഇറങ്ങി.
2013ല്‍ റൈസിങ് പൂനെ ജയന്റ്‌സിലെത്തിയ ഫിഞ്ച് 14 മല്‍സരങ്ങളില്‍ നിന്നും 456 റണ്‍സുമായി തിളങ്ങി. കരിയറില്‍ ഇതുവരെയുള്ള അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനവും ഈ സീസണിലേതാണ്.
2014ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി 13 മല്‍സരങ്ങളില്‍ നിന്നും 309 റണ്‍സെടുത്ത ഫിഞ്ച് 2015ല്‍ മുംബൈ ഇന്ത്യന്‍സിന്റെ കൂടാരത്തിലായിരുന്നു. എന്നാല്‍ പരിക്കു കാരണം കളിക്കാനായില്ല.
2016ല്‍ ഗുജറാത്ത് ലയണ്‍സുമായി കരാറിലെത്തിയ ഫിഞ്ച് രണ്ടു സീസണുകളിലായി 26 മല്‍സരങ്ങളില്‍ 700 റണ്‍സെടുത്തു. 2018ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരുന്നു അദ്ദേഹം. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട ഫിഞ്ച് 19ലെ ഐപിഎല്ലില്‍ നിന്നും സ്വയം പിന്മാറുന്നതായി അറിയിച്ചു. വരാനിരിക്കുന്ന സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് ഫിഞ്ച് കളിക്കുക.

Story first published: Wednesday, August 5, 2020, 15:50 [IST]
Other articles published on Aug 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X