ഐപിഎല്‍ ഫൈനലുകളില്‍ ടീമിനെ വിജയത്തിലെത്തിച്ച മൂന്ന് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനങ്ങള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി 16 ദിവസം മാത്രം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയൊരുക്കിയാണ് ഇത്തവണത്തെ ഐപിഎല്‍ നടത്തുന്നത്. ടീമുകളെല്ലാം ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി പരിശീലനം ആരംഭിച്ചിട്ടുണ്ട്. അവസാന 12 സീസണിനെപ്പോലെ തന്നെ ഇത്തവണയും ആവേശകരമായ മത്സരങ്ങളാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പുതിയ സീസണിന്റെ കലാശപ്പോരാട്ടത്തിന് മുന്നോടിയായി ഐപിഎല്‍ ഫൈനലുകളിലെ മൂന്ന് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മുരളി വിജയ് (2011 ഫൈനല്‍)
2011ലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെത്തകര്‍ത്ത് കിരീടം നേടിയത് ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്കുവേണ്ടി ഓപ്പണര്‍ മുരളി വിജയ് കത്തിക്കയറി. 52 പന്തില്‍ 95 റണ്‍സാണ് വിജയ് നേടിയത്. ഇതില്‍ നാല് ഫോറും 6 സിക്‌സും ഉള്‍പ്പെടും. ഈ പ്രകടനത്തിന്റെ കരുത്തില്‍ അഞ്ച് വിക്കറ്റിന് 205 എന്ന ഭേദപ്പെട്ട സ്‌കോര്‍ സിഎസ്‌കെ പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് 147 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഒരു കാലഘട്ടത്തില്‍ സിഎസ്‌കെയുടെ നിര്‍ണ്ണായക താരമായിരുന്ന വിജയ് ഇന്നും ടീമിലുണ്ടെങ്കിലും പ്ലേയിങ് ഇലവനില്‍ പലപ്പോഴും കാണാറില്ല.

മനീഷ് പാണ്ഡെ (2014)
2014ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ചാമ്പ്യന്മാരായത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് കൊല്‍ക്കത്ത കീഴടക്കിയത്. ആവേശകരമായ ഈ കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി 50 പന്തില്‍ 94 റണ്‍സാണ് മനീഷ് പാണ്ഡെ അടിച്ചെടുത്തത്. ഇതില്‍ 7 ഫോറും 6 സിക്‌സും ഉള്‍പ്പെടും. പഞ്ചാബ് മുന്നോട്ടുവെച്ച 200 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു മനീഷിന്റെ തകര്‍പ്പന്‍ ബാറ്റിങ്. ഇതേ മത്സരത്തില്‍ പഞ്ചാബിനുവേണ്ടി 55 പന്തില്‍ പുറത്താകാതെ വൃദ്ധിമാന്‍ സാഹ 115 റണ്‍സും നേടിയിരുന്നു. 10 ഫോറും 8 സിക്‌സുമാണ് സാഹ പറത്തിയത്. എന്നാല്‍ വിജയം സ്വന്തമാക്കാന്‍ പഞ്ചാബിനായില്ല.

ഷെയ്ന്‍ വാട്‌സണ്‍ (2018)
2018ലെ ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈയ്ക്കുവേണ്ടി ഗംഭീര പ്രകടനമാണ് വാട്‌സണ്‍ പുറത്തെടുത്തത്. ചെന്നൈ കിരീടം ചൂടിയ മത്സരത്തില്‍ 57 പന്തില്‍ പുറത്താകാതെ 117 റണ്‍സാണ് വാട്‌സണ്‍ അടിച്ചെടുത്തത്. ഇതില്‍ 11 ഫോറും 8 സിക്‌സും ഉള്‍പ്പെടും.ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 179 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം മുന്നോട്ടുവെച്ചിട്ടും 18.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ വിജയം സ്വന്തമാക്കി. ഈ സീസണിലും ചെന്നൈ നിരയിലെ കരുത്തുറ്റ താരമാണ് വാട്‌സണ്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications