'ഇതാണ് എന്റെ അവസാന അവസരം', ഏകദിന ലോകകപ്പിനെക്കുറിച്ച് മനസ്തുറന്ന് മിതാലി രാജ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖമാണ് മിതാലി രാജ്. ഇന്ത്യക്കുവേണ്ടി ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കി വനിതാ ക്രിക്കറ്റിനെ ജനങ്ങളിലേക്ക് വ്യാപിപിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമായ മിതാലി തന്റെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഭാവിയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് മിതാലിയുടെ അഭിപ്രായ പ്രകടനം.
'2021ലെ വനിതാ ഏകദിന ലോകകപ്പിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്റെ കരിയറില്‍ ലോകകപ്പ് നേടാനുള്ള അവസാന അവസരമാണിത്. 2005ലും 2017ലും ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ചെങ്കിലും വിജയത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചില്ല. ഇത് 2021ല്‍ മറികടക്കാനാവുമെന്നാണ് പ്രതീക്ഷ. ഇന്ത്യക്ക് കിരീടം സമ്മാനിച്ച് അഭിമാനത്തോടെ വിരമിക്കണമെന്നാണ് ആഗ്രഹം'-മിതാലി പറഞ്ഞു.

ലോകകപ്പിന് മുന്നോടിയായി കൂടുതല്‍ പരമ്പരകള്‍ കളിക്കേണ്ടതുണ്ട്. ഫോം ഔട്ടായ താരത്തിനെ കണ്ടെത്താനും ലോകകപ്പിനായി മികച്ച ടീമിനെ തയ്യാറാക്കാനും ഇത് അത്യാവശ്യമാണ്. നിലവില്‍ ഇന്ത്യ ഒരു ഏകദിന പരമ്പര കളിച്ചാല്‍ അടുത്തത് കളിക്കുന്നത് എട്ട് മാസത്തിന് ശേഷമാണ്. ഇത് മികച്ച പ്രകടനത്തിന് സഹായിക്കില്ല. ക്ലബ്ബ് ക്രിക്കറ്റ് കളിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഏകദിനത്തിലേക്ക് പരിഗണിക്കാന്‍ കഴിയില്ലെന്നും മിതാലി കൂട്ടിച്ചേര്‍ത്തു.
വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സെന്ന റെക്കോഡ് മിതാലി രാജിന്റെ പേരിലാണ്. 36കാരിയായ മിതാലി 203 മത്സരത്തില്‍നിന്ന് 6720 റണ്‍സാണ് നേടിയത്. ഇതില്‍ ഏഴ് സെഞ്ച്വറിയും 52 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 20 ടെസ്റ്റില്‍ നിന്ന് 663 റണ്‍സും 89 ട്വന്റി20യില്‍ നിന്ന് 2364 റണ്‍സും മിതാലി നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications