മുംബൈ: ലോകകപ്പില്‍ തോറ്റ് തുന്നം പാടി പൊട്ടിത്തകര്‍ന്നു നില്ക്കുന്ന പാകിസ്താന് ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ ഇന്ത്യയുടെ മുന്‍ താരമായ വിനോദ് കാംബ്ലിയോ. പാകിസ്താന് ടീമിനെ കളി പഠിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന് കാംബ്ലി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് പറഞ്ഞത്. പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് പുതിയ കോച്ചിനെ അന്വേഷിക്കുന്നതായി കേട്ടു. താന്‍ തയ്യാറാണ് എന്നായിരുന്നു കാംബ്ലിയുടെ ട്വീറ്റ്.
അഫ്രീദിക്ക് പിന്നാലെ വഖാര്‍ യൂനിസും രാജിവെച്ചു; പാക് ക്രിക്കറ്റ് ഇനി എങ്ങോട്ട്?
ഏഷ്യാകപ്പിന് പിന്നാലെ ട്വന്റി 20 ലോകകപ്പിലും ആദ്യ റൗണ്ടില്‍ പുറത്തായ പാകിസ്താന് ക്രിക്കറ്റ് ടീമില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ക്യാപ്റ്റനായിരുന്ന ഷാഹിദ് അഫ്രീദി രാജിവെച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സര്‍ഫ്രാസ് അഹമ്മദാണ് പുതിയ ക്യാപ്റ്റന്‍. ഇതിന് പിന്നാലെ കോച്ച് വഖാര്‍ യൂനിസും രാജിവെച്ചു. പാകിസ്താന് ടീമിന് നിലവില്‍ പരിശീലകന് ഇല്ല.
പുതിയ കോച്ചിനെ തേടുന്നതായി പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും അധികമാരും ഈ സ്ഥാനത്തേക്ക് താല്പര്യം കാണിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിനോദ് കാംബ്ലിയുടെ ട്വീറ്റ്. കളിയായിട്ടാണോ കാര്യമായിട്ടാണോ കാംബ്ലി ഇക്കാര്യം പറഞ്ഞത് എന്ന് വ്യക്തമല്ല. പാകിസ്താന് ജേര്‍ണലിസ്റ്റ് അസ്മ ഷിരാസിയെ ടാഗ് ചെയ്തായിരുന്നു കാംബ്ലിയുടെ പോസ്റ്റ്. കാംബ്ലിയുടെ ട്വീറ്റിനോട് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് എങ്ങനെ പ്രതികരിക്കും. കാത്തിരുന്ന് കാണുക തന്നെ.