ഇന്ത്യയുടെ നെഞ്ചുപിളര്‍ത്തിയ ഫൈനല്‍, മറക്കാനാവുമോ 2003 ലോകകപ്പ്?

വര്‍ഷം 2003. വേദി ജൊഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയം. 17 വര്‍ഷം മുന്‍പ് ഇതേ ദിവസമായിരുന്നു ടീം ഇന്ത്യ ലോകകപ്പ് സ്വപ്‌നം കണ്ട് ഓസ്‌ട്രേലിയക്കെതിരെ കലാശക്കൊട്ടിനിറങ്ങിയത്. കണ്‍മുന്നില്‍ ഇപ്പോഴുമുണ്ട് ഇന്ത്യ നടത്തിയ വിജയത്തേരോട്ടം.

സൂപ്പര്‍ സിക്‌സസ് സ്റ്റേജില്‍ കെനിയ, ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവരെ അട്ടിമറിച്ച് സൗരവ് ഗാംഗുലിയുടെ ഇന്ത്യ ആദ്യം സെമിയിലെത്തി. സെമിയില്‍ ഇന്ത്യയുടെ എതിരാളി കെനിയ. ഗാംഗുലിയുടെ സെഞ്ച്വറിയും സെവാഗിന്റെ അര്‍ധ സെഞ്ച്വറിയും കൂടിയായപ്പോള്‍ 50 ഓവറില്‍ ഇന്ത്യ നാലിന് 270 റണ്‍സ് നിഷ്പ്രയാസം കുറിച്ചു.

Most Read: വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ ഡബിള്‍ സെഞ്ച്വറി ആര്‍ക്ക്? പ്രവചിച്ച് പൂനം യാദവ്

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കെനിയന്‍ ബാറ്റ്‌സ്മാന്‍മാരെ സഹീര്‍ ഖാനും ആശിഷ് നെഹറയും മുളയിലെ നുള്ളി. ഫലമോ, 179 റണ്‍സില്‍ കെനിയയുടെ അങ്കം അവസാനിച്ചു --- 91 റണ്‍സിന്റെ ആധികാരിക ജയത്തോടെ ഇന്ത്യ ഫൈനലിലേക്ക്. ഫൈനലില്‍ ശക്തരായ ഓസ്‌ട്രേലിയയായിരുന്നു ഇന്ത്യയുടെ പ്രതിയോഗികള്‍. ഈ അവസരത്തില്‍ മറ്റൊരു അട്ടിമറി ഇന്ത്യന്‍ ആരാധകര്‍ ഉറപ്പിച്ചു.

ടോസ് ജയിച്ചത് ഇന്ത്യയായിരുന്നു. ഓസ്‌ട്രേലിയ ബാറ്റു ചെയ്യട്ടെയെന്ന് ഗാംഗുലി തീരുമാനിച്ചു. മത്സരത്തില്‍ ഇന്ത്യയ്ക്ക് സംഭവിച്ച പാകപ്പിഴവു ഇവിടെനിന്നും തുടങ്ങും. തുടക്കം മുതല്‍ക്കെ ആക്രമിച്ചു കളിക്കുകയായിരുന്നു ഓസീസ് ഓപ്പണര്‍മാരായ ആദം ഗില്‍ക്രിസ്റ്റും മാത്യൂ ഹെയ്ഡനും. കണ്ണടച്ചുതീരുംമുന്‍പ് ഇരവരും ചേര്‍ന്ന് ഓസ്‌ട്രേലിയയെ നൂറു കടത്തി. ഒടുവില്‍ ഹര്‍ഭജന്‍ സിങ് കിണഞ്ഞു ശ്രമിച്ചാണ് ഇരുവരെയും പുറത്താക്കിയത്. പക്ഷെ നിര്‍ത്താന്‍ ഓസ്‌ട്രേലിയ്ക്ക് ഭാവമില്ലായിരുന്നു.

റിക്കി പോണ്ടിങ്ങും ഡാമിയന്‍ മാര്‍ട്ടിനും ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചു. വിരലിനേറ്റ പരിക്കൊന്നും ഫൈനലില്‍ മാര്‍ട്ടിനെ അലട്ടിയില്ല. ഒരറ്റത്ത് പോണ്ടിങ് നിലയുറപ്പിക്കാന്‍ ശ്രമിക്കവെ തലങ്ങും വിലങ്ങും പന്തിനെ അടിച്ചകറ്റുകയായിരുന്നു ഇദ്ദേഹം. 39 ആം ഓവര്‍ ആയപ്പോഴേക്കും പോണ്ടിങ് അര്‍ധ സെഞ്ച്വറി പിന്നിട്ടു. 74 പന്തുകളാണ് ഇതിനായി ഓസീസ് നായകന്‍ നേരിട്ടത്. എന്നാല്‍ ഹര്‍ഭജനെ തുടര്‍ച്ചയായി സിക്‌സിന് പറത്തി താളംകണ്ടെത്തിയതോടെ പോണ്ടിങ് ഉഗ്രരൂപം പൂണ്ടു.

40 ആം ഓവര്‍ അവസാനിക്കുമ്പോള്‍ രണ്ടിന് 250 എന്ന നിലയ്ക്കായിരുന്നു ഓസ്‌ട്രേലിയ. പോണ്ടിങ്ങോ മാര്‍ട്ടിനോ വീണാല്‍ ഇറങ്ങാനായി ഡാരന്‍ ലെഹ്മാനും മൈക്കല്‍ ബെവനും ആന്‍ഡ്രൂ സൈമണ്‍സും കാത്തുനിന്നു. അവസാന പത്തോവറില്‍ 21 പന്തുകള്‍ മാത്രമാണ് മാര്‍ട്ടിന് കിട്ടിയത്. ഇതില്‍ 24 റണ്‍സും താരം കണ്ടെത്തി. ബാക്കി മുഴുവന്‍ പന്തുകളും നേരിട്ടത് പോണ്ടിങ് തന്നെ. 50 റണ്‍സില്‍ നിന്നിരുന്ന പോണ്ടിങ് 29 പന്തുകള്‍ കൊണ്ടു ആദ്യം നൂറു തികച്ചു. പോണ്ടിങ്ങിന്റെ സംഹാരതാണ്ഡവത്തില്‍ ഒരു ഇന്ത്യന്‍ ബൗളര്‍മാര്‍ പോലും രക്ഷപ്പെട്ടില്ല. സഹീര്‍ ഖാനും ജവഗല്‍ ശ്രീനാഥും ആശിഷ് നെഹറയും കണക്കിന് തല്ലുവാങ്ങി.

Most Read: റെയ്‌ന വീണ്ടും അച്ഛനായി... ആണ്‍കുഞ്ഞ്, 'കുട്ടിത്തല'യെ സ്വാഗതം ചെയ്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഒടുവില്‍ 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടിന് 359 റണ്‍സെന്ന നിലയ്ക്കാണ് ഓസ്‌ട്രേലിയ തിരിച്ചു കയറിയത്. നാലാം വിക്കറ്റില്‍ മാര്‍ട്ടിനും പോണ്ടിങ്ങും ചേര്‍ന്ന് 234 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കേവലം 121 പന്തുകള്‍ കൊണ്ടാണ് ഓസീസ് നായകന്‍ 140 റണ്‍സ് അടിച്ചെടുത്തത്. ഈ പ്രയാണത്തില്‍ ലോകകപ്പ് മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡും പോണ്ടിങ് സ്വന്തം പേരിലാക്കി. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡാണ് ഇവിടെ പഴങ്കഥയായത്. ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോഴേ ഇന്ത്യ പാതി തോറ്റ മട്ടിലായിരുന്നു. ലക്ഷ്യം 360 റണ്‍സ്. എങ്കിലും സച്ചിന്‍, സെവാഗ്, ഗാംഗുലി, ദ്രാവിഡ് എന്നിവരടങ്ങിയ ബാറ്റിങ് നിരയില്‍ ഒരു ജനത വിശ്വാസമര്‍പ്പിച്ചു.

ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ പുറത്താക്കി ഗ്ലെന്‍ മഗ്രാത്ത് ഇന്ത്യയ്ക്ക് ആദ്യ തിരിച്ചടി നല്‍കി. കുത്തിയുയര്‍ന്ന മഗ്രാത്തിന്റെ പന്തിനെ സ്‌ക്വയറിലേക്ക് പുള്‍ ചെയ്യാന്‍ ശ്രമിച്ചതായിരുന്നു സച്ചിന്‍. പക്ഷെ കരുതിയതിലും വേഗത്തില്‍ പന്ത് ഇരച്ചെത്തി. ബാറ്റില്‍ത്തട്ടി ഉയര്‍ന്ന പന്ത് മഗ്രാത്തിന്റെ കൈകളില്‍ത്തന്നെ ഭദ്രമായിറങ്ങി. ശേഷം ഗാംഗുലിക്കും സെവാഗിനുമായി രക്ഷാപ്രവര്‍ത്തനത്തിന് ചുമതല. രണ്ടാം വിക്കറ്റില്‍ ഇരുവരും കൂടി 54 റണ്‍സ് കുറിച്ചു. എന്നാല്‍ നാലു പന്തുകളുടെ ഇടവേളയില്‍ ഗാംഗുലിയും മുഹമ്മദ് കൈഫും വീണതോടെ ഇന്ത്യ തോല്‍വി മണത്തു.

Most Read: ഐപിഎല്ലും ഇന്ത്യയുടെ 'ഫാബ് ഫോറും'... മിന്നിയത് ആര്? എല്ലാം പറയും ഈ കണക്കുകള്‍

പക്ഷെ ക്രീസില്‍ ഒരുമിച്ച സെവാഗ് - ദ്രാവിഡ് ജോടി ഇന്ത്യയുടെ പ്രതീക്ഷ കെടുത്തിയില്ല. 88 റണ്‍സാണ് ഇരുവരും കൂടി ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് സംഭവാന ചെയ്തത്. മത്സരത്തിലേക്ക് ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന് തോന്നിച്ച നിമിഷം. എന്നാല്‍ സെവാഗിന്റെ റണ്ണൗട്ട് ചിത്രം പാടെ മാറ്റി. 81 പന്തില്‍ 82 റണ്‍സെടുത്ത് സെവാഗ് മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡിലെ സമവാക്യം 157 പന്തില്‍ 213 റണ്‍സ്. സെവാഗിന് ശേഷം യുവരാജാണ് ക്രീസിലെത്തിയത്. ദ്രാവിഡിനൊപ്പം സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുന്നതില്‍ യുവരാജ് ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ 32 ആം ഓവറില്‍ അര്‍ധ സെഞ്ച്വറിക്ക് മൂന്നു റണ്‍സകലെ ആന്‍ഡി ബെക്കല്‍ ദ്രാവിഡിന്റെ സ്റ്റംപിളക്കി.

35 ആം ഓവറില്‍ യുവരാജും (24 റണ്‍സ്) മടങ്ങിയതോടെ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു. ദിനേശ് മോംഗിയക്ക് ശേഷം വാലറ്റത്തെ ചുരുട്ടിക്കെട്ടാന്‍ ഓസ്‌ട്രേലിയ്ക്ക് ഏറെ പ്രയാസമുണ്ടായില്ല. 40 ആം ഓവര്‍ തികയും മുന്‍പ് അവസാനത്തെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി --- വഴങ്ങേണ്ടി വന്നത് 125 റണ്‍സിന്റെ തോല്‍വി. പറഞ്ഞുവരുമ്പോള്‍ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിരാശജനകമായ അധ്യായമാണ് 2003 ലോകകപ്പ് ഫൈനല്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, March 23, 2020, 18:36 [IST]
Other articles published on Mar 23, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more
X