പൃഥ്വി അടുത്ത സെവാഗോ? താരതമ്യം അനുചിതം, രണ്ടാമതൊന്ന് കൂടി ചിന്തിക്കൂ!! തുറന്നടിച്ച് ഗംഭീര്‍

മുംബൈ: കരിയറിലെ ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി വരവറിയിച്ച ഇന്ത്യയുടെ യുവ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് അഭിനന്ദനപ്രവാഹമാണ്. മുന്‍ താരങ്ങളും ക്രിക്കറ്റ് പ്രേമികളുമെല്ലാം പൃഥ്വിയുടെ ഇന്നിങ്‌സിനെ വാനോളം പുകഴ്ത്തിയിരുന്നു. ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗിനോടാണ് പലരും പൃഥ്വിയെ താരതമ്യം ചെയ്യുന്നത്.
എന്നാല്‍ ഇതിനെതിരേ രംഗത്തു വന്നിരിക്കുകയാണ് സെവാഗിന്റെ മുന്‍ ഓപ്പണിങ് പങ്കാളി കൂടിയായ ഗൗതം ഗംഭീര്‍. കഴിഞ്ഞ ടെസ്റ്റിലെ ഇന്നിങ്‌സിന്റെ പേരില്‍ പൃഥ്വിയെയും സെവാഗിനെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് ഗംഭീറിന്റെ അഭിപ്രായം.

രണ്ടു തവണ ആലോചിക്കൂ...
സെവാഗിനെയും പൃഥ്വിയെയും തമ്മില്‍ താരതമ്യം ചെയ്യുന്നവര്‍ രണ്ടാമതൊന്ന് കൂടി ആലോചിക്കൂയെന്നാണ് ഗംഭീറിനു പറയാനുള്ളത്. ഒരാളെ മറ്റൊരാളുമായി താരമത്യം ചെയ്യുന്നതിനോടു പോലും തനിക്കു യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സെവാഗും പൃഥ്വിയും രണ്ടു വ്യക്തിത്വങ്ങളാണ്. മാത്രമല്ല, പൃഥ്വി അദ്ദേഹത്തിന്റെ കരിയര്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനിയുമേറെ ദൂരം അദ്ദേഹത്തിനു പോവാനുണ്ട്. താരതമ്യത്തില്‍ താന്‍ ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു.

പൃഥ്വി മികച്ച താരം തന്നെ
പൃഥ്വി മികച്ച താരം തന്നെയാണ്. ആദ്യ മല്‍സരത്തില്‍ തന്നെ അദ്ദേഹം അതു തെളിയിക്കുകയും ചെയ്തു. പ്രതിഭയുള്ളതു കൊണ്ടാണ് പൃഥ്വി ഇപ്പോള്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്നത്. കരിയര്‍ മികച്ച രീതിയില്‍ തന്നെ തുടങ്ങാനായത് പൃഥ്വിയെ സംബന്ധിച്ചിടത്തോളം വളരെ പോസിറ്റീവായ കാര്യമാണ്.
എന്നാല്‍ അദ്ദേഹത്തിന് ഇനിയും പലതും തെളിയിക്കാനുണ്ട്. വളരെ വലിയ, ബുദ്ധിമുട്ടേറിയ വെല്ലുവിളികളാണ് ഇനി പൃഥ്വിക്കു മുന്നിലുള്ളതെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യക്കു കടുപ്പമാവും
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും വിലക്ക് മൂലം ടീമിനു പുറത്താണെങ്കിലും വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ത്യക്കു ദുഷ്‌കരമായിരിക്കുമെന്ന് ഗംഭീര്‍ പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ കളിക്കുകയെന്നത് ഇന്ത്യക്കു വലിയ പരീക്ഷണം തന്നെയാവും. സ്മിത്തും വാര്‍ണറും ഓസീസ് ടീമില്‍ ഇല്ലെന്നതു കൊണ്ട് ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവുമെന്ന് പറയാനാവില്ല. ഷോണ്‍ മാര്‍ഷ്, ആരോണ്‍ ഫിഞ്ച് എന്നീ ഒരുപിടി മികച്ച താരങ്ങള്‍ ഓസീസിനുണ്ട്. കൂടാതെ അവരുടെ ബൗളിങ് ആക്രമണം ഏതു ടീമിനും ഭീഷണിയാണെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications